വശീകരണ മന്ത്രം [ചാണക്യൻ]

Posted by

ചുറ്റികയ്ക്ക് പുറമേ കത്തിയും കട്ടിംഗ് പ്ലയറും ഉപയോഗിച്ച് അനന്തു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തോറ്റു പോയി. അവസാനം ദേഷ്യവും സങ്കടവും സഹിക്കാനാവാതെ മുഷ്ടി ചുരുട്ടി അവൻ പെട്ടിയിലിടിച്ചു. കലിതീരാതെ വീണ്ടും ഇടിച്ചപ്പോൾ അനന്തുവിന്റെ വിരൽ അവിടുള്ള കൂർത്തഭാഗത്തിൽ കൊണ്ട് മുറിഞ്ഞു.അവൻ വേദനയോടെ കൈ പുറകിലേക്ക് വലിച്ചു.

എന്നാൽ കൈ വലിക്കുന്നതിനിടെ കുറച്ചു രക്ത തുള്ളികൾ ആ വൃത്തത്തിനുള്ളിൽ ഇറ്റു വീണു. അനന്തു വിരൽ മുറിഞ്ഞ ഭാഗത്തു അമർത്തി പിടിച്ചു ദേഷ്യത്തോടെ പെട്ടിയിലേക്ക് നോക്കിയപ്പോൾ വൃത്തത്തിനുള്ളിൽ വീണ രക്തം അതു ആലേഖനം ചെയ്ത രേഖകളിലൂടെ പതിയെ ചലിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

ദേഷ്യം പൊടുന്നനെ പോയി അത്ഭുതത്തോടെ അവൻ കൺമുമ്പിൽ നടക്കുന്നത് സത്യമോ മിഥ്യയോ എന്ന ചിന്തയിൽ ആശങ്കാകുലനായി ഇരുന്നു. ഓവൽ ഷേപ്പിലൂടെയും വൃത്തത്തിലൂടെയും രക്ത തുള്ളികൾ ഒഴുകി പരന്ന ശേഷം പൊടുന്നനെ പ്രത്യേക ശബ്ദത്തോടെ ട്രങ്ക് പെട്ടി രണ്ടായി വിഭജിച്ചു മാറി.

ആകാംക്ഷയോടെ അനന്തു മിടിക്കുന്ന ഹൃദയത്തോടെ പെട്ടി വലിച്ചു തുറന്നു. അപ്പോൾ അവിടാകമാനം എന്തോ ഒരു തരം സുഗന്ധം പരക്കുന്നതായി അവനു തോന്നി. വല്ലാതെ മത്തുപിടിപ്പിക്കുന്ന ഗന്ധം. അവന്റെ ജീവിതത്തിൽ ആദ്യമായി ആണ് അത്തരം ഒരു സുഗന്ധം അവനു അനുഭവപ്പെടുന്നത്.

പെട്ടിയുടെ ഉള്ളിലേക്ക് അവൻ ഉറ്റു നോക്കി. ഒരു ചുവന്ന പട്ടിൽ എന്തൊക്കെയോ പൊതിഞ്ഞു വച്ചിരിക്കുന്നതായി അവനു മനസ്സിലായി. വിറയ്ക്കുന്ന കൈകളോടെ അവൻ ആ പൊതി എടുത്തു പട്ടിനു മുകളിൽ കുടുക്കി വച്ചിരിക്കുന്ന ചരട് വലിച്ചെടുത്തു.

ഈ സമയം ചുവന്ന പട്ട് താഴേക്ക് ഉതിർന്നു വീണു. അവൻ പതിയെ പട്ട് കൈകൾകൊണ്ട് വകഞ്ഞു മാറ്റി. ആ സമയം അവനു കണ്മുൻപിൽ പ്രത്യക്ഷപ്പെട്ടത് കുറച്ചു താളിയോലകൾ ആണ്. അനന്തു സസൂക്ഷ്മം അതിൽ നിന്നും ഒരു കെട്ട് കയ്യിൽ എടുത്തു.

അവൻ അതിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു. പനയോലയിൽ നാരായം കൊണ്ടു എഴുതിയതാണിവ എന്ന് അനന്തുവിനു മനസ്സിലായി. എന്നാൽ അതിൽ രേഖപ്പെടുത്തിയത് മലയാള ഭാഷയ്ക്ക് പകരം കൊൽപി എന്ന പ്രാകൃതമായ ഭാഷ ആയിരുന്നു.

മലയാള ഭാഷയ്ക്ക് ഒപ്പം തന്നെ  മലബാറിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഭാഷ ആയിരുന്നു കൊൽപി. എന്നാൽ ബ്രിട്ടീഷ് അടിച്ചമർത്തലിനൊപ്പം കൊൽപി എന്ന ഭാഷ നാമാവശേഷമായി.

ഇന്ന് കൊൽപി വായിക്കാനും എഴുതാനും അറിയുന്നവർ വളരെ വിരളമോ വിരലിൽ എണ്ണാവുന്നരോ മാത്രമായിരിക്കും എന്ന് അച്ഛച്ചൻ ഒരിക്കൽ പറഞ്ഞിരുന്നത് അവനു ഓർമ വന്നു.

അച്ഛച്ചൻ കൊൽപി ഭാഷയിൽ അഗ്രഗണ്യൻ ആയിരുന്നു. അനന്തുവിനെയും അദ്ദേഹം ആ ഭാഷ സ്വായത്തമാക്കാൻ അനുവദിച്ചിട്ടുണ്ട്. അനന്തു കൗതുകത്തോടെ ആ താളിയോലകെട്ട് എടുത്തു മേശപ്പുറത്തു വച്ചു. സ്റ്റൂൾ എടുത്ത് വച്ചു അതിനു മുകളിൽ ഇരുന്നു അവൻ താളിയോലക്കെട്ട് വായിക്കുവാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *