“എന്ത് പറ്റിയമ്മേ…” ഞൊടിയിടയിൽ അമ്മയുടെ മുന്നിൽ ഓടിയെത്തിയ ഞാൻ ചോദിച്ചു.
“എന്ത് പറ്റാൻ ഒന്നുമില്ല” അമ്മ എന്നെ അത്ഭുതത്തോടെ നോക്കി കൊണ്ട് പറഞ്ഞു.
“അല്ല അമ്മയുടെ ജോലി കഴിഞ്ഞോ? പതിവില്ലാതെ ഈ സമയത്ത് വീട്ടിലേക്ക് വന്നത് കൊണ്ട് ചോദിച്ചതാണ്” ഞാൻ അല്പം സമാദാനത്തിൽ പറഞ്ഞു.
“ഏയ് പണി ഇനിയും ഉണ്ട്. ഞാൻ ഒരു നമ്പർ എന്റെ റൂമിൽ എഴുതി ഇട്ടു അത് നോക്കാൻ വേണ്ടി വന്നതാണ്.” അമ്മ ഫോൺ കാണിച്ചു കൊണ്ട് പറഞ്ഞു.
“അതിനാണോ അമ്മ കഷ്ടപ്പെടുന്നത്” ഞാൻ അമ്മയുടെ ഫോൺ വാങ്ങിച്ച് കൊണ്ട് ചോദിച്ചു.
“എന്ത് കഷ്ടപ്പാട്? റൂം വരെ പോകാൻ!” അമ്മ ചോദിച്ചു.
“വലിയ കഷ്ടപ്പാട് ഒന്നുമില്ല, എന്നാലും അമ്മക്ക് ചെറിയ ചെറിയ സഹായങ്ങളോക്കെ ഞാൻ ചെയ്ത് തരാം” ഞാൻ പറഞ്ഞു.
“നിനക്ക് എന്താ പറ്റിയത്, നിന്റെ ജോലിയൊക്കെ കഴിഞ്ഞോ” അമ്മ സംശയത്തോടെ ചോദിച്ചു.
“എന്റെ ജോലിയൊക്കെ കഴിഞ്ഞു, നമ്പർ എവിടെയാണ് എഴുതി ഇട്ടിരിക്കുന്നത് എന്ന് പറ ഞാൻ പോയിട്ട് വരാം” ഞാൻ ദൃതിവെച്ചു.
“എന്നാൽ നിന്റെ ഇഷ്ടം, എന്റെ റൂമിലെ കലണ്ടറിൽ കഴിഞ്ഞ മാസത്തെ പേജിൽ കാണും” അത് പറഞ്ഞ് അമ്മ തിരികെ നടന്നു, ഞാൻ ചെറു ആശ്വാസത്തോടെ അമ്മയുടെ റൂമിലേക്കും.
അമ്മയുടെ റൂമിലെത്തിയ ഞാൻ അമ്മ പറഞ്ഞ നമ്പർ അമ്മയുടെ ഫോണിൽ ഡയൽ ചെയ്ത ശേഷം. ചെറു മയക്കത്തിൽ കിടന്ന അയാളെ വിളിച്ചെഴുന്നേൽപ്പിച്ച് എന്റെ കട്ടിലിൽ കൊണ്ട് കിടത്തി. ഫോണുമായി അമ്മയുടെ അടുത്തെത്തിയപ്പോൾ അമ്മയുടെ സംശയ ഭാവത്തിലെ നോട്ടത്തിൽ നിന്നും ഞാൻ തന്ത്രപരമായി രക്ഷപെട്ടു.
തിരിച്ചു മുറിയിൽ എത്തിയ ഞാൻ അയാളുടെ മുറിവുകൾ പരിശോദിച്ചു. കാലിലെയും തലയിലെയും മുറിവുകൾ ഉണങ്ങുന്നുണ്ട് എന്നാൽ വയറ്റിലെ മുറിവിൽ നിന്ന് മാത്രം ഇപ്പോഴും ചോര വരുന്നുണ്ട്.
ഇങ്ങനെ ആയാൽ പണിയാകും എന്ന് മനസ്സിലായ ഞാൻ ഫോൺ എടുത്ത് അജയിയെ വിളിച്ചു. ആയാൽ എന്നെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതൊഴിച്ച് ബാക്കിയെല്ലാം ഞാൻ അവനോട് പറഞ്ഞു. ആദ്യം കുറെ ദേഷ്യപ്പെട്ടെങ്കിലും ഈ സമയത്ത് നീ അല്ലാതെ സഹായിക്കൻ വേറെ ആരുമില്ല എന്ന് പറഞ്ഞപ്പോൾ അവൻ ഒന്ന് അടങ്ങി.
ഞാൻ മുറിവുകൾ അവന് ഫോട്ടോ എടുത്തും പിന്നെ അവൻ പറഞ്ഞത് പ്രകാരം വീഡിയോ കാൾ ഒക്കെയായി കാണിച്ചു കൊടുത്തു.
വയറ്റിലെ മുറിവ് ആഴം കുറവാണ് കൂടുതൽലാണെങ്കിൽ വേറെ കോപ്ലിക്കേഷൻ ഉണ്ടാകുമായിരുന്നു, എന്ന് അവൻ പറഞ്ഞു. ഏതായാലും ആ മുറിവിന് തയ്യൽ ഇടാൻ അവൻ എന്നോട് പറഞ്ഞു.
പിന്നെ അവൻ പറഞ്ഞത് അനുസരിച്ചുള്ള സാധനങ്ങൾ മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിച്ചു. അവനെ വീഡിയോ കോളിൽ ഇട്ട് ഞാൻ അവന്റെ നിർദേശപ്രകാരം ആ മുറിവ് തുന്നി ചേർത്തു.
അവസാനം എന്നെ ഒന്ന് കൂടി ശക്കാരിച്ച് ഫോൺ വക്കുമ്പോൾ ഞാൻ നിറഞ്ഞ നന്ദിയോടെ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്.