“നല്ല വേദനയുണ്ടോ” ഡോക്ടമാർ പരിശോധിക്കുന്നത് പോലെ എന്റെ നെറ്റിയിൽ പിടിച്ച് പരിശോദിച്ചു കൊണ്ടവൾ ചോദിച്ചു.
“നല്ല വേദനയുണ്ട് ഞാൻ ഒന്ന് ഉറങ്ങട്ടെ നാദിയ പൊയ്ക്കോ? ” ഞാൻ അവളെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞു.
“ഞാൻ പോകാം ആദ്യം മാഷിന്റെ തലവേദന മാറട്ടെ. അതിന് ആദ്യം ഞാൻ ഒരു കാപ്പിയിട്ട് തരാം” ഈ പെണ്ണ് ഇത് പണിയാക്കും. അവൾക്ക് പോകാൻ ഭാവം ഇല്ല എന്ന് മനസ്സിലായപ്പോൾ എന്റെ മനസ്സ് പറഞ്ഞു.
“കാപ്പി വേണ്ട…, നാദിയ കുട്ടി ചെല്ല് ഞാൻ ഒന്ന് ഉറങ്ങട്ടെ” ഞാൻ വീണ്ടും എന്റെ അപേക്ഷ അവളെ അറിയിച്ചു.
“എന്റെ മാഷ് വയ്യാതെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ സമദാനത്തോടെ പോകുക.” അത് പറഞ്ഞു കൊണ്ട് അവൾ അവളുടെ കവിൾ എന്റെ നെറ്റിയോട് ചേർത്ത് വെച്ചു.
അവളുടെ സ്നേഹത്തിന് മുന്നിൽ എന്റെ മനസ്സുരുകി. അവളോട് കള്ളം പറഞ്ഞത് വലിയ പാതകമാണെന്ന് എനിക്ക് തോന്നി. എനിക്ക് അവളോട് പറയാൻ വാക്കുകൾ ഇല്ലായിരുന്നു. അവൾ അറിഞ്ഞാൽ വെറുതെ പേടിക്കും എന്ന് വിചാരിച്ചല്ലേ പോട്ടെ എന്റെ മനസ്സിനെ ഞാൻ തന്നെ സമാദാനിപ്പിച്ചു.
“നാദിയ…, നാദിയ…” അവൾ കുറച്ചു നേരം എന്നോട് ചേർന്ന് മൗനിയായി ഇരുന്നപ്പോൾ ഞാൻ വിളിച്ചു.
“മ്മ്മം” അവൾ ഒന്ന് മൂളി കേട്ടു.
“മോള് ഇപ്പോൾ പൊക്കോ…, ഞാൻ കിടന്ന് ഉറങ്ങി തലവേദന മാറുമ്പോൾ എഴുന്നേറ്റ് ഫോൺ വിളിക്കാം” ഞാൻ പറഞ്ഞു.
“മ്മ്മം, പക്ഷേ അതിന് മുമ്പ് ഞാൻ ഒരു കാപ്പി ഇട്ട് തരാം. അത് കുടിച്ച് കിടന്നാൽ പെട്ടന്ന് തലവേദന മാറും” ഒടുവിൽ അവൾ സമ്മതിച്ചു.
“എന്നാൽ എന്റെ മോള് അമ്മ കാണാതെ പോയി ഒരു കാപ്പി ഇട്ട് കൊണ്ട് വാ…” ഞാനും അവളുടെ ആവിശ്യം അംഗീകരിച്ചു.
“അമ്മ കണ്ടാൽ എന്താ? ” അവൾ ചോദിച്ചു.
“കണ്ടാൽ ഒന്നുമില്ല, ഞാൻ പറഞ്ഞു എന്നെ ഉള്ളു” ഞാൻ വിശദീകരിക്കാൻ നിന്നില്ല.
“മ്മ്മം” അവൾ അമർത്തി ഒന്ന് മൂളിയ ശേഷം എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. ഇതിനിടയിൽ അമ്മ വരല്ലേ എന്ന് പ്രാർത്ഥിച്ച് ഞാനവിടെ തന്നെ കിടന്നു.
ഒരു പത്ത് മിനിറ്റിനുള്ളിൽ കാപ്പിയുമായി അവൾ വന്നു. കാപ്പി മേശപ്പുറത്ത് വെച്ച് എന്നെ താങ്ങി എഴുന്നേൽപ്പിച്ചിരുത്തി, അവൾ കൊണ്ട് വന്ന കാപ്പി എന്റെ കയ്യിൽ തന്നു.
ഞാൻ അത് വാങ്ങിച്ചു. ആവി പാറുന്ന ആ കാപ്പി ഞാൻ ഊതിയൂതി കുടിച്ചു. ഞാൻ കാപ്പി കുടിക്കുന്നതും നോക്കി നാദിയ എന്റെ അരികിൽ തന്നെയിരുന്നു.
ഞാൻ കാപ്പി കുടിച്ച ശേഷം അവൾ ഗ്ലാസ്സും മറ്റും കഴുകി വെച്ച ശേഷമാണ് പോയത്. അവൾ പോകുന്നത് ഒരു ചെറു ആശ്വസത്തോടെ ഞാൻ നോക്കി കിടന്നു. എന്റെ ഉള്ളിന്റെ ഉള്ളിൽ അവളോട് കള്ളം പറഞ്ഞതിൽ ഉള്ള നീറ്റലും അതെ സമയമനുഭവപ്പെട്ടു.
അവൾ പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ എഴുനേറ്റ് അമ്മയുടെ റൂമിൽ പോകാൻ ഭാവിക്കുമ്പോഴാണ് അമ്മ ഷെഡിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുന്നത് ഞാൻ കണ്ടത്.