സാവിത്രിയും ഗായത്രിയും ചേർന്ന് രാത്രിയിലെക്കുള്ളത് തയ്യാറാക്കാൻ അടുക്കളയുമായി യുദ്ധമിടുകയാണ്.
മാധവൻ ഓഫിസിൽ നിന്ന് വരാറായ സമയവും.സാധാരണ മാധവൻ വന്ന ശേഷം ഭർത്താവ് വാസുദേവനൊപ്പം ഒന്നിച്ചാണ് ജാനകിയുടെ പോക്ക്. പക്ഷെ അവർ വൈകുന്ന വേളയിൽ അല്പം നേരത്തെ ഇറങ്ങുകയും ചെയ്യും.മാധവന്റെ വിശ്വസ്ഥരായ രണ്ടുപേർ.
വിശേഷം അറിഞ്ഞതുമുതൽ നിലത്ത് വക്കാതെയാണ് സാവിത്രി വീണയെ കൊണ്ടുനടക്കുന്നത്.ഇടക്ക് ഒക്കാനം വരുന്നതുകൊണ്ട് ഭക്ഷണം
കഴിക്കാൻ മടിക്കുന്ന വീണയെ കുറച്ചുകുറച്ചായി കൃത്യമായ സമയം നോക്കി കഴിപ്പിക്കലാണ് സാവിത്രിക്ക്
അല്പമെങ്കിലും പ്രയാസമുള്ള ജോലി.
ചില സമയങ്ങളിൽ കൊച്ചു കുട്ടികളെക്കാളും വാശിയാണ് ഇപ്പോൾ വീണക്ക്.പക്ഷെ സാവിത്രി ഒന്ന് കണ്ണുരുട്ടിയാൽ തീരുന്ന വാശിയെ അവൾക്കുള്ളുതാനും.
വിശ്രമവും ഭക്ഷണവും അത്യാവശ്യം നടത്തവും ചെറിയ വ്യായാമങ്ങളും മാത്രമായിരുന്നു വീണയുടെ ദിനചര്യകളിൽ സാവിത്രി അനുവദിച്ചുകൊടുത്തിരുന്നത്. ഒരു കുറവും കൂടാതെ വേണ്ടുന്നതെല്ലാം ശ്രദ്ധയോടെ,നിർബന്ധബുദ്ധിയോടെ
ചെയ്യുകയാണ് സാവിത്രി.ആ സ്നേഹമനുഭവിച്ചുകൊണ്ട് വീണയും.
ഗായത്രിക്ക് അതൊക്കെ കണ്ടിട്ട് കുശുമ്പ് നിറഞ്ഞ സ്നേഹമാണ് വീണയോട്.”ഞാനും അമ്മയുടെ മോള് തന്നെയാ.”വീണയെ അടുത്തിരുത്തി ഊട്ടുന്നത് കാണുമ്പോൾ തമാശയായി, അതിൽ അല്പം കുറുമ്പ് കലർത്തി ഗായത്രി പറയും.”ഏതേലും ഒരുത്തന്റെ പെടലിക്ക് തൂങ്ങി, വയറ്റിലൊരു ജീവൻ വച്ചു തുടങ്ങുമ്പോൾ നിന്നെ ഞാൻ നോക്കിക്കോളാം.അതെങ്ങന
ഒന്നിനെയും പിടിക്കില്ലല്ലൊ.നല്ല പ്രായത്തിൽ കെട്ടിയിരുന്നേൽ ഇപ്പൊ ഒക്കെത്തൊരു കൊച്ചിരുന്നേനെ”
അതെ നാണയത്തിൽ തന്നെ സാവിത്രി മറുപടിയും കൊടുക്കും.
“ഇതുവരെയും കഴിഞ്ഞില്ലേടാ കൊച്ചെ?”താഴെ സാധനങ്ങൾ കൊണ്ട് വക്കുന്നതിന്റെ ശബ്ദം കേൾക്കുന്നതുകൊണ്ട് അടുക്കളയിൽ നിന്നും സാവിത്രി വിളിച്ചുചോദിച്ചു.
“എന്റെ കഴിഞ്ഞു,ഇനി ഭാര്യ എന്ന് പറയുന്ന സാധനത്തിന്റെ ബാക്കിയാ.
രണ്ട് ലോറിക്കുള്ള സാധനമുണ്ട്. ഒരു പത്താൾക്ക് ചുമക്കാനുള്ളതും.”
ശംഭു മറുപടി കൊടുത്തു.
ഇതുകേട്ട്,ഹാളിലിരുന്ന് സാവിത്രി കൊടുത്ത ബദാമും കശുവണ്ടിയും അരച്ചു ചേർത്ത,മുകളിൽ അല്പം കുങ്കുമപ്പൂവും വിതറിയിട്ട ഒരു ഗ്ലാസ് പാല് പതിയെ കുടിക്കുകയായിരുന്ന വീണക്ക് ചിരി പൊട്ടി.അതിനൊപ്പം ഇറക്കിത്തീരാറായ അല്പം പാല് കൂടി പുറത്തേക്ക് തെറിച്ചു.
“എന്തെങ്കിലും കുശുമ്പ് വിചാരിച്ചു കാണും,അതാ…….”മുകളിലേക്ക് സാധനങ്ങൾ പെറുക്കാൻ വീണ്ടും കയറുകയായിരുന്ന ശംഭു ഹാളിൽ ദിവാനിൽ ചമ്രം പടഞ്ഞിരുന്ന് തന്റെ വയറിൽ തലോടി ഇടതുകയ്യിൽ ഗ്ലാസ്സും പിടിച്ചിരിക്കുന്ന വീണയെ നോക്കി പറഞ്ഞു.