ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

Posted by

“വേണ്ട സാറെ…….. പക്ഷെ ബോധിപ്പിക്കേണ്ടയാളെ ഞാൻ തന്നെ ബോധിപ്പിച്ചേക്കാം.”കമാൽ പറഞ്ഞു.

“നിന്നോടു സംസാരിച്ചു നിൽക്കാൻ സമയം ഇല്ല കമാലെ. ചെന്നിട്ട് പണി ഒരുപാടുണ്ടെ, അതുകൊണ്ടാ.”
പത്രോസ് ജീപ്പ് സ്റ്റാർട്ട് ചെയ്തു.

“സാർ ചെല്ല് സാറെ,പിറകെ ഞാനും വരുന്നുണ്ട്.എസ് ഐ സാറിനെ കണ്ട് കുറച്ചു കാര്യങ്ങൾ ബോധിപ്പിക്കാനുണ്ട്. പിന്നീട് രാജീവ് ചോദിക്കുന്നതും പ്രവർത്തിക്കുന്നതും തന്നോടാവും.”ഗിയർ ഷിഫ്റ്റ് ചെയ്യാൻ തുടങ്ങിയ പത്രോസിനോടായി ഡ്രൈവർ സീറ്റിനോട് ചേർന്നുള്ള വാതിലിൽ കൈവച്ചുകൊണ്ട് കമാൽ പറഞ്ഞു. കാര്യം മനസിലാവാതെ പത്രോസ് അവനെയൊന്ന് നോക്കുക മാത്രം ചെയ്തു.

“പത്രോസ് സാറെ……..അന്ന് വിറ്റു പോയ കോമ്പസിന്റെ ആദ്യ ആർ സി ഓണറുടെ പേര് രഘുറാം.ആ പേര് മനസ്സിലായില്ല എങ്കിൽ ഒന്ന് കൂടെ പറയാം, രാജീവ്‌ എന്തിന് വന്നുവോ അത് രഘുവിന് വേണ്ടിയാണ്.സർ ചുളുവിൽ ആരും ചോദിക്കാനില്ലാത്ത ഒരു വണ്ടി കിട്ടിയപ്പോൾ അതൊന്ന് മറിച്ചുവിറ്റതെയുള്ളൂ,പക്ഷെ അതിൽ ഇങ്ങനെയൊരു കെണി കിടക്കുന്നത് ഇപ്പോൾ വരെ സാറ് അറിയാതെ പോയി.അല്ലെങ്കിൽ ഇങ്ങനെയൊരു കാര്യം നടന്നത് രാജീവനോട് മറച്ചു.
സാറ് ചെല്ല് ബാക്കിയൊക്കെ ഞാൻ രാജീവനെ ബോധിപ്പിച്ചോളാം.”
പത്രോസിന്റെ മുഖത്തെ ചോദ്യം മനസ്സിലാക്കിയ കമാൽ പറഞ്ഞു.

പത്രോസിന്റെ മനസ്സിൽ അപകടം മണത്തു. രഘുറാം എന്ന പേര് രാജീവിൽ നിന്നും അറിഞ്ഞത് മുതൽ അയാൾക്ക് ഒരു ഭയം ഉള്ളിലുണ്ടായിരുന്നു. പക്ഷെ രഹസ്യം ആയി നടത്തിയ കച്ചവടം ഒളിപ്പിച്ചു വച്ചു കാര്യങ്ങൾ മുന്നോട്ട് നീക്കി.
കുറച്ചു പണം കൂടെ എറിഞ്ഞു ആർ ടി ഓഫീസിലെ രേഖകൾ മുക്കിയത് മൂലം താൻ സേഫ് എന്ന് കരുതി.
കൊലയിൽ പങ്കില്ല, ചുളുവിൽ കിട്ടിയ വണ്ടി ഉടമ ഇല്ലാത്തത് കൊണ്ട് മറിച്ചു
വിറ്റു.അതിങ്ങനെയാകുമെന്ന് കരുതിയതുമല്ല.പക്ഷെ കമാലും സുരയും ഇതറിഞ്ഞുവെങ്കിൽ,അത് രാജീവനറിഞ്ഞാൽ,താനും അയാളുടെ സംശയത്തിന്റെ മുനയിലാവും.രഘുവിന്റെ മരണം അന്വേഷിച്ചിറങ്ങിയ രാജീവ്‌ ഒരു പക്ഷെ തന്നെ മാധവന്റെ പക്ഷക്കാരനായി കാണുവാനും സാധ്യതയുണ്ട്.

അയാൾക്ക് തന്നോടുള്ള വിശ്വാസം നഷ്ട്ടമായാൽ കൂടപ്പിറപ്പിനു വേണ്ടി ഇറങ്ങിത്തിരിച്ച അയാളെ എതിർത്തു നിൽക്കുക ബുദ്ധിമുട്ടാവും എന്ന് തിരിച്ചറിവുള്ള,തന്റെ വീട്ടില് വന്നപ്പോഴുള്ള,തന്റെ മകളുടെ നേരെ അയാളുടെ കൊത്തിവലിക്കൽ
ഓർമ്മയുള്ള ആ പിതാവിന്റെ ഉള്ളിൽ
ഒരു അപായസൂചന ഉടലെടുത്തു. രാജീവന്റെ വൈരാഗ്യവും ബലഹീനതയും അടുത്തുനിന്ന് അറിഞ്ഞതുകൊണ്ട് തന്നെ ഇങ്ങനെ ഒന്ന് അയാൾ അറിഞ്ഞാലുള്ള ഭവിഷ്യത്തുകൾ പത്രോസിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു

താൻ അകപ്പെട്ടിരിക്കുന്ന കെണി, അതിന്റെ ആഴം മനസ്സിലാക്കിയ പത്രോസ് ഒരു നിമിഷം കൊണ്ടത് ഉറപ്പിച്ചു. രാജീവ്‌ എന്ന അപകടത്തെ തടയുക, ഇല്ലെങ്കിൽ തന്റെ കുടുംബം, അതിന് മാധവനൊപ്പം നിന്നെ പറ്റൂ.
ആ സമയം അയാൾ തികച്ചും സ്വാർത്ഥനായിമാറി.തന്റെ കുടുംബത്തെ തന്നോട് ചേർത്തു പിടിക്കാൻ അയാൾ കമാലിന് കൈ കൊടുത്തു. അയാൾ പറയുന്നത് പത്രോസ് ശ്രദ്ധയോടെ കേട്ടിരുന്നു.

“പറഞ്ഞതൊക്കെ സാറിന് ഓർമ്മയുണ്ടല്ലൊ?”വാസുവിനെയും കൊണ്ട് ജീപ്പ് മുന്നോട്ടെടുക്കുന്ന വേളയിൽ കമാൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *