“എന്റെ മോള് ചെല്ല്. ഞങ്ങള് ദാ വരുന്നു.”ശംഭുവിനെ സംരക്ഷിച്ചു പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“അങ്ങനെയിപ്പോ എന്നെ പറഞ്ഞു വിടാൻ നോക്കണ്ട. രണ്ടിനെയും ഇവിടെ വിട്ടിട്ട് പോകാൻ എനിക്കത്ര ഉറപ്പ് പോരാ.പിന്നെ ഇപ്പൊ വന്നാൽ വല്ലതും കഴിക്കാം.അല്ല ഇവിടെ തന്നെ കൂടാനാണെങ്കിൽ കൂട്ടിന് ഞാനുമുണ്ട്.നമുക്ക് ഒന്നിച്ചാവാം തുടങ്ങിവച്ച കലാപരിപാടികൾ.”
വീണ കട്ടായം പറഞ്ഞു.
രക്ഷയില്ലെന്ന് മനസ്സിലായ അവർക്ക് അവളെ അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.ഊണ് കഴിക്കുന്ന സമയവും വീണ മുഖം വീർപ്പിച്ചുതന്നെയായിരുന്നു.
“എന്താ ഒരു ജാഡ, ഒന്ന് വിട്ടുപിടിക്ക് പെണ്ണെ.”ഭക്ഷണം കഴിക്കുന്ന നേരം പോലും വീർത്തുകെട്ടിയ മുഖവും ആയിരിക്കുന്ന വീണയോട് ദിവ്യ പറഞ്ഞു.
“ചേച്ചി മിണ്ടരുത്.ഏട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ കാണായിരുന്നു പുകില്.നോക്ക് കൈ വിറക്കുന്നത് കണ്ടില്ലേ ഒരുത്തന്റെ,ഭക്ഷണം നേരെ ചൊവ്വേ വായിലേക്ക് വക്കാൻ കൂടി പറ്റുന്നില്ല.”
“എന്റെ കെട്ടിയോന്റെ കാര്യം നീ നോക്കണ്ട.ഇന്നല്പം കഴിച്ചുവെന്ന് കരുതി എന്തിനാ പെണ്ണെ ഇങ്ങനെ ബലം പിടിക്കുന്നെ?”
“ചേച്ചി ഇപ്പൊ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്.എന്റെ കെട്ടിയോന്റെ കാര്യം ഞാൻ നോക്കിക്കോളാം.എനിക്കിതാകെ ഒന്നേയുള്ളൂ,കയറൂരിവിട്ടാലേ എന്റെ ശംഭുസിന്റെ കാര്യം മഹാ കഷ്ട്ടവാ. അതാ വിടാതെ പിടിക്കുന്നതും. ഒന്ന് നിയന്ത്രിച്ചില്ലെങ്കിൽ കൈവിട്ടു പോകും മോളെ.പോരാത്തതിന് കൂട്ട് നിൽക്കാൻ ആൾക്കാരുമുള്ളപ്പോൾ ഞാൻ ഒന്ന് ബലം പിടിച്ചെ പറ്റൂ.”അത്ര മാത്രം പറഞ്ഞു വീണ കഴിപ്പ് തുടർന്നു
ഇതെല്ലാം ഒരു ചിരിയോടെ വിനോദ് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഒരു പാവത്താന്റെ മുഖഭാവത്തോടെ ശംഭുവും.അച്ഛൻ താനീ നാട്ടുകാരൻ അല്ലെ എന്നാണ് ഭാവ്യം.പാവം അമ്മ ഭക്ഷണവും മരുന്നുമെല്ലാം മുറിയിൽ ആയതുകൊണ്ട് ഒന്നും കാണാനും കേൾക്കാനും ഒട്ടില്ല താനും.
ഉച്ചമയക്കത്തിന് മുറിയിലെത്തിയ നേരവും മൂടിക്കെട്ടിയ അവസ്ഥ തന്നെയായിരുന്നു.ശംഭു ചെല്ലുമ്പോൾ ഒന്ന് മയങ്ങാനുള്ള ഒരുക്കത്തിലാണ് കക്ഷി.
“പെണ്ണെ ഇങ്ങനെ പിണങ്ങാതെ.ഇനി ഉണ്ടാവില്ല, ഉറപ്പ്.”
“കുറുപ്പിന്റെ ഉറപ്പ് എനിക്കാവശ്യമില്ല.”
തലയിണ കൊട്ടിയിട്ടുകൊണ്ട് വീണ പറഞ്ഞു.
“അത്……അച്ഛൻ നിർബന്ധിച്ചപ്പോ”
“നിർബന്ധിച്ചു തന്നാൽ എന്ത് തന്നെ കിട്ടിയാലും കുടിക്കുവോ?”വീണയുടെ വക മറുചോദ്യം.
“ഞാൻ പറഞ്ഞല്ലോ പെണ്ണെ.ഇനി ഉണ്ടാവില്ല.”
ഒന്നും മിണ്ടാതെ വീണ കയറിക്കിടന്നു
അവന് മുഖം കൊടുത്തതെയില്ല.
“ഒന്നിങ്ങോട്ട് നോക്കെന്റെ പെണ്ണെ, ഞാൻ പറയട്ടെ…….”