എല്ലാവരും വീണയെ സ്നേഹം കൊണ്ട് പൊതിയുമ്പോൾ പാവം ശംഭു ആരാലും ശ്രദ്ധിക്കപ്പെടാതെ കുറച്ചുനേരമെങ്കിലും അല്പമൊന്നു മാറിനിന്നു.വീണയുടെ അമ്മയിപ്പോൾ
എണീറ്റിരിക്കുന്ന സ്ഥിതിയിലാണ്.
വീൽ ചെയറിൽ പുറത്തേക്കിറങ്ങുന്നുമുണ്ട്.
അവരുടെ സ്നേഹമൊക്കെ കണ്ട് കൈകൾ മുന്നിലേക്ക് കെട്ടി തന്റെ പെണ്ണിനെയും നോക്കി നിൽക്കുന്ന ശംഭുവിന്റെ അടുക്കലേക്ക് ആ അച്ഛനെത്തി.അദ്ദേഹത്തെ കണ്ടതും അവൻ കയ്യഴിച്ചിട്ടു.അയാളവന്റെ കൈകൾ കൂട്ടിപ്പിടിച്ചു. കണ്ണുകളിൽ അവനോടുള്ള സ്നേഹവും വാത്സല്യവും നന്ദിയും നിറഞ്ഞുനിന്നു.
മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയശേഷം അദ്ദേഹം ശംഭുവിനെയും കൂട്ടിക്കൊണ്ട് തന്റെ സ്വകാര്യ മുറിയിലേക്ക് നടന്നു.
അവിടെയെത്തിയതും അയാൾ തന്റെ അലമാര തുറന്നു.അതിലൊരു ഷെൽഫിനുള്ളിൽ നിറയെ അപൂർവ ശേഖരത്തിൽപ്പെടുന്ന മദ്യങ്ങളാൽ
സമ്പന്നമായിരുന്നു. അതിൽ നിന്നും ഏറ്റവും മുന്തിയത് തന്നെ ആ അച്ഛൻ തിരഞ്ഞെടുത്തു.
ഇതിനിടയിൽ ചുറ്റിലും ശ്രദ്ധിച്ച ശംഭു ഒന്ന് മനസ്സിലാക്കി,ആഡ്യത്തം വിളിച്ചുപറയുന്ന ആ മുറിയിൽ ഒരു മിനി ബാർ തന്നെ ഒരുക്കിയിരിക്കുന്നത് കണ്ട് അവന്റെ അത്ഭുതവും വർദ്ധിച്ചു.
അച്ഛൻ തന്നെ അവന് ഒഴിച്ചുനൽകി.
ആദ്യം മടിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നിർബന്ധം മൂലം അവനത് സ്വീകരിക്കേണ്ടിവന്നു.
“ഇന്ന് എന്റെ സന്തോഷം എനിക്ക് പങ്കുവച്ചേ പറ്റൂ.അത് നിന്നോട് വേണം താനും.എന്റെ കുഞ്ഞിന്റെ മുഖത്തെ സന്തോഷം കണ്ടില്ലേ നീയ്,നാളുകൾ കഴിഞ്ഞു ആ മുഖം ഞാനൊന്ന് തെളിഞ്ഞു കണ്ടിട്ട്. അതിന് കാരണം നീയും.എങ്ങനെയാ മോനെ ഞാൻ….”
അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി.
“ഒരിക്കൽ എന്റെ തീരുമാനം പിഴച്ചു. അതിന് അനുഭവിച്ചത് എന്റെ കുട്ടിയും.മാധവനോട് പകയെടുത്തു തുടങ്ങിയിരുന്നു.പ്രതികാരം അത് മാത്രമായിരുന്നു അപ്പോൾ മനസ്സ് മുഴുവൻ.
പക്ഷെ ഗോവിന്ദിനെ കൊല്ലാൻ ഇറങ്ങിതിരിച്ചു മാധവൻ, അത് തടഞ്ഞത് വീണയും.അവളായിരുന്നു എന്റെ മനസ്സിലെ കലക്കൽ മാറ്റിയത് പോലും.ഒരുവേള എന്നെപ്പോലെ അവളുടെ തീരുമാനവും തെറ്റുമോ എന്ന് ഞാൻ ഭയന്നു.അത് അവിടെ തുടരുന്ന കാര്യത്തിലായാലും, നിന്നെ തിരഞ്ഞെടുത്തതിലായാലും.
പക്ഷെ അവളുടെ വഴിയായിരുന്നു ശരി.ഒരുപക്ഷെ എന്റെ എടുത്തു ചാട്ടം അവൾക്ക് നൽകുക കൂടുതൽ ആഘാതമായിരുന്നു എന്ന് സ്വസ്ഥം ആയി ചിന്തിച്ചപ്പോൾ മനസ്സ് പറഞ്ഞു.