ബാക്കിയെല്ലാം സാഹചര്യ തെളിവുകളാണ്.
അന്ന് രാത്രി കില്ലർ വുമണിനെ കൂട്ടിയത് ഗോവിന്ദനാണെങ്കിൽ അയാളിലൂടെ അവളിലെത്താം എന്ന് വിക്രമൻ കണക്കുകൂട്ടി.ഒപ്പം അന്ന് കില്ലർ വുമൺ സഞ്ചരിച്ച കാറും ഉപയോഗിച്ച ഫോണും കണ്ടെത്താൻ കഴിയണം. മിനക്കെടാണെന്ന് വിക്രം മനസ്സിലോർത്തു.
പക്ഷെ ആദ്യം ഗോവിന്ദിന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു എന്നുറപ്പിക്കണം.എങ്കിലേ ഈ തിയറി പ്രകാരം മുന്നോട്ട് പോകാൻ കഴിയൂ. തന്നെയുമല്ല സാക്ഷിയായ സെക്യൂരിറ്റിക്ക് എംപയർ ഗ്രൂപ്പിൽ ജോലി ലഭിച്ചത് അപ്പോഴും വിക്രമന് കീറാമുട്ടിയായിരുന്നു.
ഗോവിന്ദൻ പറഞ്ഞത് പോലെ എന്ത് ചെയ്തുകൊടുത്തത് കൊണ്ടാവും അയാൾക്കാ ജോലി ലഭിച്ചിരിക്കുക.
താൻ അന്വേഷിച്ചറിഞ്ഞത് വച്ച് രൂപപ്പെടുത്തിയ തിയറിയിലെ ഇതു പോലെയുള്ള കല്ലുകൾ അയാളുടെ തല പുകച്ചു.എവിടെയൊ തന്റെ അന്വേഷണത്തിൽ ഒരു അപാകത കഴിവുള്ള ആ ഉദ്യോഗസ്ഥൻ മനസ്സിലാക്കിത്തുടങ്ങിയ നിമിഷം.
അയാൾ ഒരിക്കൽ കൂടി ഗോവിന്ദ്, വില്ല്യം,സാക്ഷിയായ സെക്യൂരിറ്റി എന്നിവരുടെയും കൊലപാതകം നടന്ന രാത്രിയിൽ ഉപയോഗിക്കപ്പെട്ട ഫേക്ക് നമ്പറുകളുടെയും കാൾ ഹിസ്റ്ററിയിലൂടെ ഒരിക്കൽ കൂടി കണ്ണോടിച്ചു.ഒപ്പം ആവശ്യം വരും എന്ന് കരുതി എടുത്തു വച്ച എംപയർ ഗ്രൂപ്പ് എം ഡി വിനോദിന്റെയും.അന്ന് എംപയർ ഗ്രൂപ്പിൽ ചെന്നയന്ന് ഒരു നിസ്സഹകരണം തോന്നിയതുകൊണ്ട് എടുപ്പിച്ചുവച്ചതായിരുന്നു വിക്രമനത്. എപ്പോഴെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി.അതിലൂടെ ശ്രദ്ധയോടെ കണ്ണോടിക്കവെ ഏതോ ചില നമ്പറുകളിൽ വിക്രമന്റെ കണ്ണ് ഉടക്കിനിന്നു.താൻ ശ്രദ്ധിക്കാതെ പോയത് ചേർത്തുവച്ചു നോക്കിയ നിമിഷം തന്റെ മുന്നിൽ വ്യക്തമായി എന്ന് വിക്രമൻ മനസ്സിലാക്കി. ഒപ്പം ഈ കേസിന്റെ ചുരുളറിയാൻ ചില ജീവിതങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലണമെന്നും.
അയാളുടെ മുഖം തെളിഞ്ഞു. തന്റെ നിഗമനങ്ങൾ ഏകദേശം ശരിയായി വരുന്നതിന്റെ സന്തോഷം ആ മുഖത്തുണ്ടായിരുന്നു. ഇനി തന്നെ ചില കാര്യങ്ങളിലേക്ക് നയിക്കാൻ ഉതകുന്നതായി ആരുണ്ട് എന്ന ചിന്തയോടെ അയാൾ തന്റെ ഓഫീസ് വിട്ടു പുറത്തേക്ക് നടന്നു.
*****
വീണയുടെ തറവാട്ടിലാണ് അവർ.
ഒത്തിരി നാളുകൾ കൂടി തന്റെ മകൾ സന്തോഷിക്കുന്നതിന്റെ,അവളുടെ മുഖം തെളിഞ്ഞതിന്റെ സംതൃപ്തി ആ അച്ഛന്റെ മുഖത്തുണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം തന്റെ
സഹോദരിയുടെ കളിചിരികൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ മതിമറന്നു നിൽക്കുകയായിരുന്നു വിനോദ്.ഒപ്പം
തന്റെ നാത്തൂന്റെ വയറ്റിലൊരു ജീവൻ വളർന്നുതുടങ്ങിയതറിഞ്ഞ നിമിഷം മുതൽ,തനിക്ക് ലഭിക്കാതെ പോയ സന്തോഷം അവൾക്ക് ലഭിച്ച വിവരമറിഞ്ഞതുമുതൽ വീണയെ ഒന്ന് കെട്ടിപ്പുണരാനാഗ്രഹിച്ച ദിവ്യ,