രാത്രിയെ നന്നായി അറിയുന്ന വാസു, രാത്രിയുടെ രാജകുമാരനായ ആ കള്ളൻ ആദ്യം ചെയ്തത് പൊതി തുറന്നപ്പോൾ കിട്ടിയ ചെറിയ പെൻ ടോർച്ചടിച്ചു സി സി ടി വി മറച്ചശേഷം
പൊതിയിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും ദ്രാവകം കയ്യിൽ കരുതിയ ടിഷ്യു പേപ്പറിൽ നനച്ചെടുത്ത് ഉറക്കത്തിലായിരുന്ന നാല് പേരുടെയും മൂക്കിന് അടുത്ത് കൂടെ അത് കൊണ്ടുപോകുകയായിരുന്നു.
ചെറിയ അളവിൽ ക്ലോറോഫോം മണപ്പിച്ച ശേഷം വന്ന കാര്യം നടത്തി അവിടെ നിന്നും രക്ഷപെടുക എന്നതായിരുന്നു വാസുവിന് കിട്ടിയ കത്തിലെ ഉള്ളടക്കം.
സി സി ടി വി മറച്ചുകൊണ്ട് തന്നെ വാസു സ്റ്റോർ റൂമിന് മുന്നിലെത്തി.
തനിക്ക് കിട്ടിയ താക്കോൽ കൊണ്ട് സ്റ്റോർ തുറന്നകത്തു കയറി.
എല്ലാവരും ഉടനെ ഉണരില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം വാസു
കത്തിലെഴുതിയ പ്രകാരം അവിടെ ഒരു അലമാരയുടെ മറവിൽ പരതി.
അവിടെ രണ്ട് ലിറ്റർ കൊള്ളുന്ന കുപ്പിയിൽ നിറയെ പെട്രോളും ഒരു തീപ്പെട്ടിയും അയാൾ കണ്ടെടുത്തു.
സ്റ്റോർ റൂമിൽ ഒരു തീപിടുത്തം സൃഷ്ട്ടിക്കാൻ അത്രയും പെട്രോൾ
മതിയായിരുന്നു.സ്റ്റോർ റൂമിലെ സി സി ടി വി മറച്ച ശേഷം കത്തിലെഴുതിയ പ്രകാരം അതിന്റെ കണക്ഷൻ കട്ട് ചെയ്ത ശേഷമാണ് വാസു മുന്നോട്ട് നീങ്ങിയതും.
അവിടെ കണ്ട രേഖകളിൽ മൊത്തം പെട്രോൾ ഇറ്റിച്ചശേഷം വാസു പുറത്തിറങ്ങി.തീപ്പെട്ടിയുരച്ചു റൂമിൽ ഇട്ടശേഷം ഒരു നിമിഷം നോക്കി നിന്നു.തീ പടരുന്നത് കണ്ടതും വാസു മുറി പൂട്ടിയശേഷം സെൽ തുറന്നു തന്നെയിട്ട് സ്റ്റോർ റൂമിന്റെ താക്കോൽ എഴുത്തിൽ പറഞ്ഞയിടത്തു തൂക്കി ഇട്ടശേഷം പുറത്തേക്ക് നടന്നു.
ഓരോ ചുവട് വാക്കുമ്പോഴും അയാളുടെ വേഗത വർദ്ധിച്ചു.പയ്യെ അയാൾ ഇരുട്ടിലേക്ക് മറയുമ്പോൾ സ്റ്റോർ റൂം കത്തിയമരുകയായിരുന്നു.
*****
തന്റെ ഓഫിസിലാണ് വിക്രമൻ.
കിട്ടിയ തെളിവുകളും,സംശയങ്ങളും, താൻ അന്വേഷിച്ചറിഞ്ഞതും എല്ലാം ചേർത്തുവച്ച് ഒരു തിയറി അയാൾ ഉണ്ടാക്കിയെടുത്തു.
രണ്ട് സുഹൃത്തുക്കൾ.അതിലൊരാൾ വിവാഹിതൻ.നല്ലൊരു സാമ്പത്തീക ചുറ്റുപാടിൽ വളർന്ന ഗോവിന്ദിന് തന്റെ ലൈഫിൽ എപ്പഴോ കിട്ടിയ കൂട്ടുകാരനാണ് വില്ല്യം.ഒരുപക്ഷെ തന്റെ ഭാര്യയുമായിട്ടുള്ള പ്രശ്നങ്ങൾ മുതലെടുപ്പ് നടത്തി,അതിൽ ഗോവിന്ദ് എന്ന വ്യക്തിയെ പിരികയറ്റി
ചെട്ടിയാരുമായുള്ള ഇടപാടിലും വലിയൊരു സാമ്പത്തിക ബാധ്യതയിലും കൊണ്ടുചെന്നെത്തിച്ച വില്ല്യമിനോട് ഗോവിന്ദിന് ഉണ്ടാകാവുന്ന വിരോധം അതിലേക്കായിരുന്നു വിക്രമന്റെ ശ്രദ്ധ ആദ്യം ചെന്നത്.
ബാംഗ്ലൂർ നഗരത്തിൽ വീണ പടുത്തുയർത്തിയ ഐ ടി ഫേം, തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മൂലം വീണയോട് എതിരിടാനായി ഗോവിന്ദ് സ്വന്തമായി സംരംഭം ആരംഭിച്ചതും അത് നഷ്ട്ടത്തിലേക്ക് കൂപ്പുകുത്തിയതും അന്വേഷിച്ചറിഞ്ഞ വിക്രമന് ഏതാണ്ട് ഇതെ സമയമാണ് ഗോവിന്ദ് വില്ല്യമിനെ പരിചയപ്പെട്ടത് എന്നതും ചെട്ടിയാരുമായുള്ള ഇടപാടിൽ മധ്യസ്ഥം നിന്നത് വില്ല്യമായതു കൊണ്ടും പക്ഷെ അതിന്റെ ബാധ്യത ഗോവിന്ദിൽ മാത്രം ഒതുങ്ങിനിന്നതും ഗോവിന്ദനെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ഉതകുന്നതായിരുന്നു.
ഗോവിന്ദന്റെ കാര്യത്തിൽ ശക്തമായ മോട്ടിവുണ്ട്.