🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

ഹാളിൽ ഉണ്ടായിരുന്നു… പക്ഷേ രാവണിന്റെ കണ്ണുകൾ എല്ലാവരേയും അവഗണിച്ചു കൊണ്ട് ത്രേയയെ പരതി നീങ്ങി….വിശാലമായ ആ ഹാളിന്റെ നാല് കോണിലേക്കും രാവണിന്റെ നോട്ടം പാഞ്ഞെങ്കിലും അവന് ത്രേയയെ അവിടെയെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല… ചുറ്റിലും നിൽക്കുന്ന ആരിലും സംശയം നല്കാതെ വീണ്ടും അവന്റെ കണ്ണുകൾ ആകാംക്ഷയോടെ വട്ടമിട്ടു പാഞ്ഞു… ഒടുവിൽ ആ നോട്ടം ചെന്നു നിന്നത് വൈദേഹിയ്ക്ക് പിന്നിലായി അവരെ ചേർത്ത് പിടിച്ച് നിന്ന ത്രേയയിലായിരുന്നു….വൈദേഹിയ്ക്ക് പിന്നിൽ നിൽക്കുന്നത് കൊണ്ട് അവളുടെ മുഖം കൃത്യമായി കാണാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല…. മുഖത്തെ അടിയുടെ പാട് കാണാനായി അവനൊന്ന് കൂടി അവളെ എത്തിനോക്കാൻ ശ്രമിച്ചതും മുഖത്തൊരു കുസൃതിച്ചിരി നിറച്ച് അവള് വൈദേഹിയിൽ നിന്നും വിട്ടുമാറി നിന്നു… തന്നെ ഉറ്റുനോക്കി നിന്ന രാവണിന് നേർക്ക് ഇരു പുരികങ്ങളും ഉയർത്തി കാണിച്ചു കൊണ്ട് അവളൊന്ന് ചിരിച്ചു…അത് കണ്ടമാത്രയിൽ തന്നെ അതുവരെയും തോന്നിയ സഹതാപങ്ങളെയെല്ലാം കാറ്റിൽ പറത്തി രാവണിന്റെ മുഖത്ത് ദേഷ്യം കൂട് കൂട്ടാൻ തുടങ്ങി…അവനിൽ നിറഞ്ഞ ദേഷ്യത്തെ സ്റ്റെയറിന്റെ കൈപ്പിടിയിൽ അടിച്ചു തീർത്ത് അവൻ താഴേക്ക് നടന്നു…

ഹാ..രാവൺ…നീ വന്നോ…നിന്നെ തിരക്കിയിരിക്ക്യായിരുന്നു…

പ്രഭ അതും പറഞ്ഞൊന്ന് ചിരിച്ച് വൈദിയെ നോക്കിയതും അയാളും മറുപടിയെന്നോണം ഒന്ന് പുഞ്ചിരിച്ചിരുന്നു…

ശരിയാണ്…മോനേ കാത്തിരുന്നതാ ഇതുവരെ..ഇനി പറഞ്ഞു തുടങ്ങാല്ലോ…

രാവണതിന് തലയാട്ടി സമ്മതം മൂളി നിന്നു…രാവണിന് അരികിലായ് തന്നെ അഗ്നിയും,അച്ചുവും, ശന്തനുവും ഇടംപിടിച്ചിരുന്നു…ഹാളിന്റെ ഒരു കോണിലായി പൂവള്ളിയിലെ സ്ത്രീ ജനങ്ങളെല്ലാം നില്പുണ്ടായിരുന്നു….വൈദേഹി മാത്രം അവരിൽ നിന്നും അല്പം വിട്ടുമാറി നിലയുറപ്പിച്ചു… അവർക്ക് കൂട്ടായി ത്രേയയും ഉണ്ടായിരുന്നു….

വളരെ അത്യാവശ്യമായ ഒരു കാര്യം സംസാരിക്കാനാണ് ഞാനെല്ലാവരേയും ഇപ്പോൾ വിളിച്ചു ചേർത്തിരിക്കുന്നത്….

വൈദിയുടെ ആ ആമുഖം കേട്ട് ഊർമ്മിളയുടേയും,പ്രഭയുടേയും,വേദ്യയുടേയും മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു… പക്ഷേ ഒന്നും മനസിലാകാത്ത പോലെ കണ്ണും മിഴിച്ച് നിൽക്ക്വായിരുന്നു ത്രിമൂർത്തികൾ….

എനിക്ക് പറയാനുള്ളത് ഒരു സന്തോഷ വാർത്തയാണ്…

അത് കേട്ടതും രാവണിന്റെ മുഖം അസ്വസ്ഥതയോടെ ചുളിഞ്ഞു…അപ്പോഴും മുഖത്തൊരു പുഞ്ചിരി വിരിയിച്ചു നിൽക്ക്വായിരുന്നു ത്രേയ…

ഈ സംസാരത്തിനിടയിലേക്ക് എനിക്കും കടന്ന് വരാമോ ആവോ…
വൈദിയുടെ സംസാരത്തിനിടയിലേക്ക് സുഗതിന്റെ ശബ്ദം ഉയർന്നു കേട്ടതും വൈദിയുടെ മുഖം ഓടിക്കറുത്തു…കുടിലത നിറഞ്ഞ ഒരു നോട്ടം പ്രഭയിലേക്ക് നല്കി ആ നോട്ടത്തിലൂടെ എന്തൊക്കെയോ കാര്യങ്ങൾ പറയാതെ പറയുകയായിരുന്നു ഇരുവരും…ശേഷം പ്രഭയിൽ നിന്നും നോട്ടം പിന്വലിച്ച് സുഗതിനെ നോക്കി വൈദിയൊരു ക്രിതൃമ ചിരി വരുത്താൻ ശ്രമിച്ചു….

ഹാ… അതെന്ത് ചോദ്യമാ അളിയാ… നിങ്ങളും ഈ പൂവള്ളിയിലെ പ്രധാനിയല്ലേ… അപ്പോ ഇങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമെന്താ…??
വരൂ..ഇരിയ്ക്കൂ…

വൈദിയുടെ തേനൊഴുകുന്ന വർത്തമാനം കേട്ട് ഒന്ന് ചിരിച്ചു കാണിച്ച് സുഗത് അവർക്ക് അഭിമുഖമായുള്ള സോഫയിലേക്ക് ചെന്നിരുന്നു…മുഖത്ത് വച്ചിരുന്ന ഗ്ലാസ് എടുത്തൊന്ന് തുടച്ചു കൊണ്ട് വീണ്ടുമത് മുഖത്തേക്ക് തന്നെ വച്ച് കാലിന്മേൽ കാൽ കയറ്റി വെച്ച് സുഗത് സോഫയിലേക്ക് ചാഞ്ഞിരുന്നു…

ന്മ്മ… എങ്കില് അളിയൻ continue ചെയ്തോളൂ..
കേൾക്കട്ടേ പൂവള്ളിയിലെ പുതിയ തീരുമാനങ്ങൾ…

സുഗതിന്റെ ആ പറച്ചില് കേട്ട് വൈദി വീണ്ടും വളരെ കഷ്ടപ്പെട്ട് മുഖത്തൊരു ചിരി വരുത്തി…

Leave a Reply

Your email address will not be published. Required fields are marked *