🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

നീ എന്താ കരുതിയേ വർഷങ്ങൾക്കു ശേഷം എല്ലാവരോടും കൂടി ആലോചിച്ച് ഇങ്ങനെ എനിക്ക് മുന്നിൽ അവതരിച്ചാൽ ഞാൻ നിന്നെ വിവാഹം ചെയ്ത് ഇനിയുള്ള കാലമത്രയും സുഖ ജീവിതം നയിക്കുമെന്നോ…

ഇല്ല രാവൺ… ഒരിക്കലും അങ്ങനെ ഞാൻ വിചാരിച്ചിട്ടില്ല…രാവണിനൊപ്പം ഒരു ജീവിതം ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്നുണ്ട്… പക്ഷേ ആ ജീവിതത്തിൽ ഞാൻ അനുഭവിക്കേണ്ടി വരുന്ന ദുഃഖങ്ങൾ എത്രമാത്രം ആകുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയും…എല്ലാ ദുഃഖങ്ങൾക്കും ഒടുവിൽ രാവണിൽ നിന്നുള്ള സ്നേഹം അനുഭവിക്കാനുള്ള യോഗം എനിക്കുണ്ടാകുമോ എന്നുപോലും എനിക്കറിയില്ല…. ചിലപ്പോൾ എന്റെ മരണത്തിന് ശേഷമാകും രാവണെന്നെ മനസിലാക്കാൻ പോകുന്നതെന്നന്റെ മനസ് എന്നോട് പറയുന്നുണ്ട്….

ത്രേയേടെ വാക്കുകൾ കേട്ടതും അവളുടെ തോളിൽ അമർന്നിരുന്ന രാവണിന്റെ കൈകൾ മെല്ലെ അയഞ്ഞു വന്നു…അവന്റെ ദേഷ്യത്തിന് നേരിയ തോതിൽ ഒരു ശമനം വന്നിരുന്നു….

എന്തായാലും സാരല്ല രാവൺ നിന്റെ ദേഷ്യവും വാശിയും എല്ലാം സഹിക്കാൻ ഞാൻ തയ്യാറാണ്…
പകരം എനിക്ക് നിന്റെ ത്രേയ ആയാൽ മാത്രം മതി…

ത്രേയ വീണ്ടും ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും കുറഞ്ഞു വന്ന ദേഷ്യത്തെ ആളിക്കത്തിച്ചു കൊണ്ട് രാവണവളുടെ കവിളിലേക്ക് മുറുകെ കുത്തിപ്പിടിച്ച് അവളുടെ കവിളിനെ അവൻ  ഒരു കൈയ്യാലെ കൈകുകമ്പിളിലെടുത്തു…

നിനക്കെന്റെ ഭാര്യ ആവണം അല്ലേടീ…
എങ്കിൽ കേട്ടോ…പൂവള്ളി മനയിൽ ഹേമന്ത് രാവണിന്റെ ഭാര്യയാവാൻ ഈ ലോകത്ത് ഒരാൾക്ക് മാത്രമേ അവകാശമുള്ളൂ…അത് നിവേദ്യ എന്ന വേദ്യയ്ക്കാണ്…അവളെ മാത്രമേ ഞാനെന്റെ ഭാര്യയായി അംഗീകരിക്കൂ…അവൾടെ കഴുത്തിൽ മാത്രമേ ഞാൻ…..

രാവണത്രയും പറഞ്ഞതും ത്രേയ അവന്റെ വായ പൊത്തി പിടിച്ച് അവന്റെ സംസാരത്തെ തടുത്ത് വച്ചു…

ഇല്ല രാവൺ.. ഞാൻ ജീവനോടെ ഇരിയ്ക്കുമ്പോ നീ അവൾടെ കഴുത്തിൽ താലി കെട്ടുകേം ഇല്ല അവള് നിന്റെ ഭാര്യ ആവുകേം ഇല്ല…

ഡീ നിന്നെ ഞാൻ…!!!

രാവണതും പറഞ്ഞ് കവിളിൽ ഒന്നു കൂടി പിടിമുറുക്കി…

രാവൺ…നീ പണ്ട് സ്നേഹിക്കാൻ മാത്രമായിരുന്നു എനിക്ക് ഇത്രയും അടുത്ത് വരുന്നത്…
പക്ഷേ എനിക്ക് ഈ മുഖമാ കൂടുതൽ ഇഷ്ടമായത്..നിന്റെ മുഖത്തെ ദേഷ്യം കാണാനും ഒരു പ്രത്യേക ഭംഗി…. അന്നൊക്കെ നീ തന്നിരുന്ന മധുര സമ്മാനത്തിനേക്കാളും സുഖമുണ്ട് ഈ വേദനയ്ക്ക്….

മുഖത്തൊരു പുഞ്ചിരി നിറച്ചു കൊണ്ട് അവളങ്ങനെ പറഞ്ഞതും ഒരുൾകുത്തലോടെ അവനവളുടെ കവിളിൽ നിന്നും കൈ പതിയെ പിന്വലിച്ചെടുത്തു….

പിന്നെ രാവൺ..നീ പറഞ്ഞില്ലേ നീ വിവാഹം കഴിയ്ക്കാൻ പോകുന്നത് വേദ്യേ ആണെന്ന്…അതെങ്ങനെയാ രാവൺ….നിങ്ങളുടെ വിവാഹം നടക്കണമെങ്കിൽ നിന്റെ ഭാര്യാ സ്ഥാനം ആദ്യം ഞാൻ സ്വീകരിക്കേണ്ടേ…. വിവാഹ ശേഷം ഞാൻ മരിയ്ക്കണ്ടേ…. അങ്ങനെ…അങ്ങനെയല്ലേ ഇവിടെയുള്ള എല്ലാവരുടേയും പ്ലാൻ…
പാവം ആയമ്മയ്ക്ക് മാത്രം ഒന്നും അറിയില്ല…നീ എന്റെ കഴുത്തിൽ താലി കെട്ടുന്നതും സ്വപ്നം കണ്ടിരിക്ക്യാ ആള്…ഒരു കണക്കിന് അതാ നല്ലത്…ആരും അറിയണ്ട ഇതൊന്നും…ല്ലേ രാവൺ….

Leave a Reply

Your email address will not be published. Required fields are marked *