” അമ്പടാ…..ഒക്കെ മുന്നേ പ്ലാൻ ചെയ്തിട്ടുണ്ടല്ലേ….!! ശെരി , ഞാനായിട്ട് അമ്മയോട് പറയുന്നില്ല , നിനക്കെപ്പളാണോ പറയാൻ തോന്നണത് അപ്പൊ പറഞ്ഞേക്ക് …”
ചേച്ചീ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു ….ഞാൻ തലകുലുക്കി…..
” പിന്നൊരു കാര്യം , നീ ഈ കാര്യം പറയുമ്പോൾ ഒരിക്കലും നീ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത രീതിയിൽ അവതരിപ്പിക്കരുത് , ഒരു ഇഷ്ടമുണ്ടെന്ന രീതിയിലെ അവതരിപ്പിക്കാവൂ ,അല്ലെങ്കിൽ അവൾ ചെലപ്പോ അംഗീകരിച്ചെന്നു വരില്ല…”
അത് ഞാൻ ചിന്തിക്കാത്തൊരു കാര്യമായിരുന്നു…..ചില കാര്യങ്ങളിലെ അമ്മയുടെ ഈഗോ എനിക്കറിയാവുന്നതാണ് , ചേച്ചിക്കും അത് അറിയുന്നതുകൊണ്ടാണ് ഇത് ഓർമിപ്പിച്ചത്…..
” ഇല്ല , ഞാൻ അതിനും ഒരു പ്ലാൻ ഉണ്ടാക്കാം ചേച്ചീ ……ആദ്യം ഞാൻ സ്വന്തം കാലിൽ നിൽക്കാനായെന്നു അമ്മക്ക് ഒന്ന് കാണിച്ചുകൊടുക്കട്ടെ , പിന്നെയല്ലേ എന്റെ വാക്കിനൊരു വെലയുണ്ടാകൂ…..”
ഞാൻ മറുപടി കൊടുത്തപ്പോൾ ചേച്ചീ ചിരിച്ചുകൊണ്ട് തലയാട്ടി സമ്മതിച്ചു …..
” അല്ല അമ്മേ , ഈ അച്ഛനമ്മമ്മാർ മക്കളുടെ പ്രേമത്തിനെ എതിർക്കുന്നതിന്റെ കരണമെന്താ…? മക്കൾ കണ്ടുപ്പിടിക്കുന്നത് നല്ലതാവില്ല എന്ന വിശ്വാസം കൊണ്ടാണോ ..??”
നിത്യ അടുക്കളയുടെ തിണ്ണയിൽ കേറി ഇരുന്ന് ആലോചനയോടെ ചോദിച്ചു …..
” അത് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാവും …നിനക്ക് മക്കളുണ്ടാകുമ്പോൾ മാത്രമേ അതിന്റെ കാരണങ്ങൾ നിന്റെ തലയിൽ കേറൂ ….ഇപ്പൊ അതൊക്കെ കേട്ടാൽ വെറും മുട്ടാപോക്ക് ന്യായങ്ങളായി മാത്രമേ നിനക്ക് തോന്നൂ …..”
ചേച്ചീ അവളെ നോക്കികൊണ്ട് പറഞ്ഞു …ചേച്ചിയുടെ ഉത്തരം ശെരിയാണ് , അവരുടെ പ്രായത്തിലെത്തുമ്പോൾ നമുക്കും അത് മനസിലായേക്കാം …! അതുകൊണ്ടായിരിക്കും അറിവുള്ളവർ പറയുന്നത് ‘experience is the best teacher ‘ എന്ന് ……”
” അങ്ങനെയാണെങ്കിൽ എന്റെ കാര്യത്തിൽ ഒരു പ്രണയം വന്നാൽ അമ്മ എന്ത് കാരണം പറഞ്ഞായിരിക്കും എതിർക്കുക …?? ”
നിത്യ അപ്പോളും ആ ചോദ്യത്തിൽ തന്നെ കടിച്ചു തൂങ്ങി….കാര്യമായിട്ട് തന്നെയാണ് ചോദിക്കുന്നത് , അത് അവളുടെ മുഖം കണ്ടാൽ അറിയാം ….ചേച്ചീ അവളുടെ അടുത്തു ആ തിണ്ണയിൽ പോയിരുന്നു പിന്നെ ചമ്രം പടിഞ്ഞിരിക്കുകയായിരുന്ന അവളുടെ തുടയിൽ കൈവെച്ചു ഒട്ടിയിരുന്നു …
“പ്രേമമാണെങ്കിൽ അച്ഛനമ്മമാർ എതിർക്കണം എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ …..മക്കൾ തിരഞ്ഞെടുത്തത് കൊണ്ട് ആ ബന്ധം മോശമാകുമെന്നോ അച്ഛനമ്മമാർ തിരഞ്ഞെടുത്താൽ നന്നാകുമെന്നോ അങ്ങനെയൊന്നും ഇല്ല ….അതൊക്കെ ജീവിതം നമുക്ക് തരുന്ന പോലെ ഓരോരുത്തരും അനുഭവിക്കണം ….., നിനക്ക് വേണ്ടി ഞങ്ങൾ കണ്ടുപ്പിടിച്ചാലും നീ തന്നെ കണ്ടുപ്പിടിച്ചാലും നമ്മളോട് ചേരുന്ന ആളാണോ എന്ന് മാത്രം നോക്കിയാൽ മതി …”
ചേച്ചീ അവൾക്കു പറഞ്ഞു മനസിലാക്കി കൊടുത്തു ..ഇക്കാര്യത്തിലാണ് എനിക്ക് അവളോട് അസൂയ , എന്റെ അമ്മക്കോ , ശബരിയുടെ അമ്മക്കോ പോലും മക്കൾക്കു ഒരു കാര്യം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ ഇത്രയും ക്ഷമ കണ്ടിട്ടില്ല …..ആന്റിയുടെ കാര്യം പോട്ടെ , എന്റെ അമ്മ ഇങ്ങനൊരു ചോദ്യം കേട്ടാൽ ആദ്യം തന്നെ ആട്ടായിരിക്കും ……ചേച്ചിയുടെ ഈ ക്ഷമ കാരണം തന്നെയാവും ഒറ്റക്കുട്ടി ആയിട്ട് പോലും അവൾക് അതിന്റെ ദോഷങ്ങൾ ഇല്ലാത്ത സ്വഭാവമായി മാറിയത് , അതോ അമ്മുവിൻറെ കൂട്ടോ ..!!