എന്റെ കിളി പോയി ……പെങ്ങന്മാർ രണ്ടും കൂടെ നിത്യയെ മാറ്റിനിന്നു സംസാരിച്ചു ….ഇടക്കിടെ ഇങ്ങോട്ടുള്ള നോട്ടവും ,ചിരിയും കണ്ടപ്പോൾ ഭൂമി താഴ്ന്നു പോയിരുന്നെങ്കിൽ എന്നായിപ്പോയി ….
നിത്യ പെങ്ങന്മാരെക്കൊണ്ട് എനിക്കുള്ള പാര വെക്കാൻ പോയി , അമ്മയും അമ്മുവും അടുക്കളയിൽ ……ഇവർ തമ്മിൽ എന്തൊക്കെ സംസാരിക്കുമെന്നോ അതിന്റെ ഭാവി എന്താകുമെന്നോ അറിയാതെ അന്തം വിട്ട് ഏകനായി ഞാനും ….ഇതിനാണോ ഈശ്വരാ ചെകുത്താനും കടലിനും ഇടയിൽ എന്ന് പറയുന്നത്….!!
ആ സമയത്താണ് അമ്മയും അമ്മുവും ചായയുമായി അങ്ങോട്ട് വന്നത്, ഒരു പ്ലേറ്റിൽ പൂവടയും ഉണ്ടായിരുന്നു …എന്റെയൊരു ഇഷ്ടപ്പെട്ട സാധനമാണ് ഈ പറഞ്ഞ ഐറ്റം . …, .അവർ രണ്ടുപേരും എന്തോ പറഞ്ഞു ചിരിച്ചുകൊണ്ടാണ് വന്നത് ….അപ്പൊ സംസാരം മാത്രമല്ല ഇത് ഉണ്ടാക്കാനുള്ള സമയം കൂടി എടുത്തതായിരിക്കും ….പെണ്ണുങ്ങൾ മൂന്നും പെട്ടെന്ന് സംസാരം നിർത്തി ഉമ്മറത്തേക്ക് വന്നു ……..പെങ്ങന്മാർ തെണ്ടികൾ ഒരു മറ്റേടത്തെ ചിരി ചിരിക്കുന്നുണ്ടോ എന്നൊരു സംശയം തോന്നിയെങ്കിലും ഞാൻ അത് മൈൻഡ് ചെയ്തില്ല….
ചെറിയ കുശലങ്ങളുമായി ചായ കുടി ആരംഭിച്ചു …
” ഇന്നത്തെ ചായയും കടിയും അമ്മു വകയാണ്….കുറ്റം പറയാനുള്ളവർ അവളോട് പറയുക…….”
അമ്മ ആദ്യമേ പറഞ്ഞുകൊണ്ടാണ് എല്ലാർക്കും ചായ കൊടുത്തത് …..അമ്മു ചിരിയോടെ കൈകെട്ടി നോക്കിനിന്നു ……ഞാൻ അവളെ നോക്കി കണ്ണിറുക്കിക്കൊണ്ടു ചായ കുടിച്ചു ….ഇതുവരെ അവരെന്താവും അടുക്കളയിൽ സംസാരിച്ചിട്ടുണ്ടാവുക എന്നതായിരുന്നു അപ്പോളും എന്റെ സംശയം ……..അമ്മുവിൻറെ മുഖം കണ്ടിട്ട് പ്രത്യേകിച്ച് പ്രശ്നമൊന്നും തോന്നാത്തത് കൊണ്ട് അത് മനസിനെ പറഞ്ഞു ശെരിയാക്കി ….
” അമ്മുവിന് എല്ലാ ഫുഡും ഉണ്ടാക്കാനറിയാമോടീ …??”
അഞ്ചുവിന്റെയായിരുന്നു ചോദ്യം ……പൂവടയുടെ ചൂടു കുറയാൻ ഊതിക്കൊണ്ട് കഴിക്കുകയായിരുന്നു അവൾ അമ്മുവിനെ നോക്കി ചോദിച്ചു …..
” അത് ശെരി , അപ്പൊ നിനക്ക് അത് അറിയില്ലായിരുന്നോ ….ഇവൾ നന്നായിട്ട് കുക്ക് ചെയ്യും , ചിക്കെൻ ഇവൾ വെക്കുന്നത് കഴിക്കാൻ വേണ്ടി ഇടക്ക് ഞാൻ പോവാറുള്ളതല്ലേ …”
അമ്മു എന്തോ പറയാൻ വന്നെങ്കിലും നിത്യയാണു അമ്മുവിൻറെ പകരം മറുപടി കൊടുത്തത് …..വളരെ ആവേശത്തോടെയാണ് മറുപടി ….അമ്മു പുഞ്ചിരിയോടെ അത് കേട്ട് നിന്നു …..
” അത്രക്കൊന്നും ഇല്ലാട്ടോ …..കുറച്ചൊക്കെ ഉണ്ടാക്കാനറിയാം …..പ്രത്യേകിച്ചു തിരക്കൊന്നും ഇല്ലാത്ത ദിവസങ്ങൾ വെറുതെ ഓരോ പരീക്ഷണം നടത്തും , ചെലതൊക്കെ നന്നാവും അപ്പൊ അത് പിന്നേം ഉണ്ടാക്കും ….”
അമ്മു എളിമയോടെ പറഞ്ഞു , അമ്മക്കതു പറ്റിയെന്നു എനിക്ക് തോന്നി ….അവൾ പറയുന്നത് കേൾക്കുമ്പോൾ ഒരു പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു ….