കുറച്ചു സമയം കഴിഞ്ഞപ്പോൾ നിത്യയും അമ്മുവും വീട്ടിൽ വന്നു….സംഗതി അറിയാമെങ്കിലും അവൾ വന്നതോട് കൂടി എനിക്കകെകൂടി പരവേശം തോന്നി….അമ്മ ശ്രദ്ധിക്കുന്നുണ്ടോ ,ഞാൻ സ്വഭാവികമായി പെരുമാറുകയാണോ , ഓവർ ആണോ അങ്ങനെ എനിക്ക് തന്നെ സ്വയം വിലയിരുത്താൻ പറ്റാത്ത ഒരു അവസ്ഥ…..
കേറി വരുമ്പോൾ ഇത്തിരി ടെൻഷൻ ഉണ്ടെന്ന് തോന്നിയിരുന്നെങ്കിലും അമ്മു പിന്നീട് ആ ഒരു സന്ദര്ഭത്തിനോട് ചേർന്നു നിന്നു…..അമ്മ അവൾ വന്ന സമയത്ത് ബാത്റൂമിന്റെ ഉള്ളിലായിരുന്നു , പുറത്ത് വന്നു നോക്കുമ്പോൾ എല്ലാവരും കൂടി സംസാരിച്ചോണ്ടിരിക്കുകയായിരുന്നു ….
” നീ ഇങ്ങോട്ടൊക്കെ വന്നിട്ട് കൊറേ ആയല്ലോ നിത്യേ…..വഴി മറന്നിട്ടല്ല ല്ലേ….അതോ ഇനി ഇവൻ ഇവിടില്ലാത്തതു കൊണ്ടാണോ ….? ”
അമ്മ കണ്ടപ്പാടെ അവൾക്കിട്ട് കൊട്ടുകൊടുത്തു ….അവൾ ചിരിച്ചുകൊണ്ട് അമ്മുവിനെ നോക്കി….അമ്മ അമ്മുവിനടുത്തു ചെന്നു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ തഴുകി …എന്റെ ഉള്ളിൽ ഒരു തണുപ്പ് തോന്നി ..
” അതൊന്നുമല്ല …..ഇത്രേം ദൂരം പോയിവന്നിട്ട് പിന്നെ എങ്ങും പോവാൻ തോന്നാത്തതുകൊണ്ടല്ലേ ….!! ”
നിത്യ ചിണുങ്ങിക്കൊണ്ടു അമ്മയോട് പറഞ്ഞു …
” ഞങ്ങൾ കൊറേ ദിവസായി അവരോടു രണ്ടാളോടും ഇങ്ങോട്ടൊക്കെ വരാൻ പറഞ്ഞിട്ട്……ഇന്നെങ്കിലും വന്നല്ലോ…!!”
മഞ്ജിമ ഇടയിൽ കേറി പറഞ്ഞു…..
ഞാൻ ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കുന്നതായി കാണിക്കാതെ ഉമ്മറത്ത് ഇരുന്നു …
” ഓഹ് ….അതായിരുന്നല്ലേ ..?? ശെരി ,നിങ്ങൾ ഇരിക്ക് ഞാൻ ചായ ഉണ്ടാക്കി വരാം ….”
അതും പറഞ്ഞു അമ്മ ഉള്ളിലേക്ക് പോയപ്പോൾ അമ്മു എണീറ്റ് ഞാനും വരാം എന്ന് പറഞ്ഞു കൂടെ കൂടി….അമ്മ വേണ്ടെന്നു പറഞ്ഞെങ്കിലും അവൾ നിര്ബന്ധം പിടിച്ചു ഉള്ളിൽ പോയി …….അതോടെ മൂന്ന് പെണ്ണുങ്ങളും കൂടി എന്നെ തിന്നാൻ തുടങ്ങി….നിത്യ എണീറ്റു എന്റെ അടുത്തു വന്നിരുന്നു ….പിന്നെ സ്വകാര്യം പറയാനായി എന്റെ ചെവി അവൾക്കടുത്തേക്ക് വലിച്ചു…
” അതേയ് …മണിയടിക്കേണ്ട രീതി രാവിലെ ക്ലാസ് കൊടുത്തിട്ടുണ്ടാകും ലേ …?? ”
അവൾ കുസൃതിച്ചിരിയോടെ എന്നോട് ചോദിച്ചു….
” ഓ…പിന്നെ , എനിക്കതായിരുന്നല്ലോ അവിടെ പോയിട്ട് പണി….നീ പോടീ കോപ്പേ ..!! ”
ഞാൻ പുച്ഛത്തോടെ പറഞ്ഞിട്ട് മുഖം വെട്ടിച്ചു …..അവൾ വീണ്ടും ചെവി കൊണ്ടുപോയി..