അമ്മ എന്റെ കൂടെ ആദ്യമായി ബൈക്കിൽ കയറുന്നതല്ലെങ്കിലും സ്വന്തം കാശിനു വാങ്ങിച്ച വണ്ടിയിൽ അമ്മയെ കൊണ്ട് പോകുമ്പോൾ എന്റെ മനസ്സും, കണ്ണും ഒരുപോലെ നിറഞ്ഞു.
പിന്നെ ഈ സന്തോഷങ്ങൾക്ക് എല്ലാം മേലെ ആയിരുന്നു അമ്മ സ്പെഷ്യൽ ഉണ്ടാക്കിയ പാൽ പായസം. ഞാൻ വണ്ടി വാങ്ങിച്ചത് പ്രമാണിച്ച് ഉണ്ടാക്കിയ പായസം ആയത് കൊണ്ടാണോ എന്തോ അതിന് ഒരു പ്രത്യേക രുചി ആയിരുന്നു.
അങ്ങനെ ആ സന്തോഷ ദിവസവും പതിയെ കടന്ന് പോയി. ഇതിനിടയിൽ വണ്ടി വാങ്ങിയ കാര്യം ഞാൻ നാദിയയെയും വിളിച്ചു പറഞ്ഞു.
പായസത്തിന്റെ കാര്യം മാത്രം ഞാൻ അവളോട് പറഞ്ഞില്ല കാരണം, അവൾ ചോദിച്ചാൽ അത് അങ്ങനെ ഷെയർ ചെയ്യാൻ ഞാൻ ഒരുക്കമായിരുന്നില്ല. അത് എന്റെ മാത്രം സ്വന്തമായ അമ്മയുടെ സ്നേഹമായിരുന്നു.
അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ പഞ്ചത്തിൽ പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തത് കൊണ്ട് ഞങ്ങളുടെ വാർഡും റെഡ് സോണിൽ നിന്നും ഒഴിവാക്കിയത്.
അങ്ങനെ നാദിയ എന്റെ അടുത്തേക്ക് വീണ്ടും വന്നു.
അവൾ വരുന്ന ദിവസം ആയത് കൊണ്ട് ഞാൻ രാവിലെ തന്നെ എഴുനേറ്റു ബൈക്കും കഴുകി, കുളിച്ച് നന്നായി ഒരുങ്ങിയാണ് നിന്നത്.
“ബൈക്ക് വാങ്ങിച്ചിട്ട് ചിലവ് ഒന്നുമില്ലേ മാഷേ” അവൾ വന്ന ഉടനെ എന്റെ റൂമിലേക്ക് കയറുന്നതിന് ഇടയിൽ ചോദിച്ചു.
“പിന്നെ… വണ്ടിയിൽ നൂറ് രൂപക്ക് എണ്ണ അടിച്ചാൽ ഒരു കിലോമീറ്റർ കൊണ്ട് പോകാം” ഞാൻ അവളെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു.
“നൂറ് രൂപക്ക് ഒരു കിലോമീറ്ററോ? എന്താ മാഷിന്റെ വണ്ടിയുടെ എണ്ണ ടാങ്കിന് വല്ല ലീക്കും ഉണ്ടോ?” അവൾ എന്നെ നോക്കി എന്റെ അതെ ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു.
“യെസ് ഐ ആം ട്രാപ്ഡ്” എന്റെ മനസ്സ് പറഞ്ഞു.
“അതല്ല ഞാൻ ഉദേശിച്ചത് വണ്ടി ഓടുന്നതിന് അതിന്റെ ഉടമസ്ഥന് വല്ലതും വേണ്ടേ അതാ ഞാൻ…” ഞാൻ വളരെ നഷ്കളങ്ക ഭാവത്തിൽ പറഞ്ഞു.
“ഓഹ് അങ്ങനെ” എന്നെ കണ്ടിട്ട് പാവം തോന്നിയിട്ട് ആണെന്ന് തോന്നുന്നു അവൾ വേറെ ഒന്നും പറഞ്ഞില്ല.
“പിന്നെ മാഷേ ഇന്ന് ഉച്ചവരെ മാഷ് എന്നെ നന്നായി ഒന്ന് സഹായിക്കേണ്ടി വരും. ഒരു അസ്സൈഗ്ന്മെന്റ് ഉണ്ട് ഇന്ന് രണ്ട് മണിക്ക് മുമ്പ് സബ്‌മിറ്റ് ചെയ്യാൻ ഉള്ളതാണ്” വായിൽ നാക്ക് ഇല്ലാതെ ഇരിക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു.
അങ്ങനെ ഉച്ചവരെ അവളുടെ അസ്സൈഗ്ന്മെന്റ് തീർക്കൽ ആയിരുന്നു പണി.
ഏതായാലും ഉച്ചക്ക് ഫുഡ് കഴിക്കുന്നതിനു മുമ്പ് ഞങ്ങൾ ആ പണി തീർത്തു.
“മാഷേ എന്നെ, മാഷിന്റെ ബൈക്കിൽ കേറ്റി ഇവിടെ ഓക്കേ ഒന്ന് കൊണ്ട് പോകോ…
ഒരുപാട് ദൂരെ ഒന്നും പോണ്ട ആരെങ്കിലും കണ്ടാൽ ഉമ്മ അറിയും, അത് കൊണ്ട് ചെറിയ രീതിയിൽ പ്ലീസ്…” ഫുഡ് കഴിച്ച് കഴിഞ്ഞു ഫോണിൽ കുത്തിയിരുന്നു എന്നെ നോക്കി കൊഞ്ചിക്കൊണ്ട് അവൾ പറഞ്ഞു.
“അത് വേണോ?” ഞാൻ സംശയത്തോടെ ചോദിച്ചു.
“വേണം” അവൾ നിർബന്ധം പിടിച്ചു.
“എന്നാൽ വാ…” ഞാൻ അവളെ വിളിച്ചോണ്ട് പുറത്തിറങ്ങി.
“അമ്മേ ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം” ഞാൻ അമ്മയുടെ ഷെഡിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.