“പിന്നെ ഇനി എന്നും രാവിലെ… അയച്ചിരിക്കും” ഞാൻ വേറെ ഓപ്ഷൻ ഇല്ലാതെ പറഞ്ഞു.
“എന്നാൽ ഓക്കേ, അപ്പോൾ ഇന്നത്തെ ജോലി ഒക്കെ കഴിഞ്ഞോ?” അവൾ ചോദിച്ചു.
“കഴിഞ്ഞു… നാദിയ കുട്ടിയുടെ ഉമ്മായും വാപ്പയും ഒക്കെ വീട്ടിൽ ഉണ്ടോ?” ഞാൻ ചോദിച്ചു.
“വാപ്പ ഇല്ല പുറത്ത് പോയി, ഉമ്മ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയി. അത് കൊണ്ടാ മാഷിനെ ഇപ്പോൾ വിളിക്കാൻ പറ്റിയത്” അവൾ പറഞ്ഞു.
“എന്താ ഉമ്മ കണ്ടാൽ വഴക്ക് പറയോ? ” ഞാൻ ചോദിച്ചു.
“വഴക്ക് പറയോന്നോ? ആരോടെങ്കിലും അഞ്ചു മീനിറ്റിൽ കൂടുതൽ ഫോണിൽ സംസാരിക്കുന്നത് കണ്ടാൽ മതി പിന്നെ ചെവി തല കേൾപിക്കില്ല” അവൾ ചെറു ചിരിയോടെ പറഞ്ഞു.
പിന്നെ അങ്ങോട്ട് ഒരു മണിക്കൂറോളം എടുത്തു അവൾ ഫോൺ വെക്കാൻ.
ഞാൻ ബൈക്ക് വാങ്ങിക്കാൻ തീരുമാനിച്ച കാര്യം അവളോട് പറഞ്ഞു.
അവൾ അവളുടെ വീട്ടിലെ വിശേഷവും നാട്ടിലെ വിശേഷവും എന്തിനേറെ അവളുടെ പൂച്ചയുടെ വിശേഷം വരെ പറഞ്ഞിട്ടാണ് ഫോൺ വച്ചത്.
വൈകിട്ട് സുലൈമാൻ വിളിച്ച്, ചുളുവിന് ഒരു നല്ല വണ്ടി ഒത്തു വന്നിട്ടുണ്ടെന്നും, ഉടമസ്ഥന് പണത്തിനു അത്യാവശ്യം ഉള്ളത് കൊണ്ടാണ് വിൽക്കുന്നതെന്നും, ഒരുപാട് ഓടിയിട്ടില്ലെന്നും പറഞ്ഞു.
അവൻ പറഞ്ഞ റേറ്റ് എന്റെ ബജറ്റിന് ഉള്ളിൽ ആയത് കൊണ്ട് നാളെ പോയി വണ്ടി കാണാം എന്ന് ഞാൻ പറഞ്ഞപ്പോൾ, ഉടമസ്ഥന്ന് അത്യാവശ്യം ആണ് നാളെ തന്നെ പൈസ കൊടുത്ത് വാങ്ങുന്നതാണ് നല്ലത് എന്ന് അവൻ പറഞ്ഞു.
ഇനി നല്ല വണ്ടി വന്നിട്ട് വെറുതെ വൈകിച്ചിട്ട് കൈവിട്ട് പോകണ്ട എന്ന് കരുതി, ഇഷ്ടപെട്ടാൽ നാളെ തന്നെ വാങ്ങാം എന്ന് സമ്മതിച്ചു.
തലേന്നത്തെ പോലെ തന്നെ അന്നും രാത്രി വൈകി ഉറങ്ങുന്നതിന് മുമ്പ് നദിയക്ക് മെസ്സേജ് അയച്ചു. പിന്നെ അവളും ഞാനും ഉറങ്ങുന്നത് വരെ ഞങ്ങൾ സദ്ദേശങ്ങൾ കൈമാറികൊണ്ടേ ഇരുന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് മാറ്റ് എന്ത് ചെയ്യുന്നതിനും മുമ്പ് നാദിയക്ക് മെസ്സേജ് അയച്ചു. ഇനി അതിന്റെ പേരിൽ എന്തിനാണ് അവളുടെ പിണക്കം കാണുന്നത്.
രാവിലെ തന്നെ സുലൈമാൻ വണ്ടി നോക്കാൻ പോകാൻ വിളിച്ചു. അവന്റെ ഷോപ്പ് വരെ നടക്കാൻ മടിയായിരുന്നതിനാൽ ഞാൻ അവനെ വീട്ടിൽ വിളിച്ച് വരുത്തി, അവന്റെ വണ്ടിയിൽ ആണ് ഞങ്ങൾ പോയത്.
വണ്ടി നല്ല കണ്ടിഷൻ ആയിരുന്നു, എനിക്ക് കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു. അങ്ങനെ എന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നും ആദ്യമായി വാങ്ങുന്ന വണ്ടിയായി അത് മാറി.
വണ്ടി വാങ്ങി തിരിച്ചു വീട്ടിൽ വന്ന് കയറുമ്പോൾ അമ്മയുടെ സന്തോഷം കാണേണ്ടതായിരുന്നു. ഇത്തരം സന്ദർഭങ്ങൾക്ക് വേണ്ടി മാത്രം ആണല്ലേ നമ്മൾ ജീവിക്കുന്നത് എന്ന് പോലും മനസ്സ് പറഞ്ഞു.
എ റ്റി എം ഇൽ നിന്നും എടുത്ത കാശിൽ നിന്നും ബൈക്ക് വാങ്ങിച്ചതിന്റെ ബാക്കി അമ്മയുടെ കയ്യിൽ വെച്ച് കൊടുത്തപ്പോൾ ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു.
ഞാൻ അമ്മയെ ഇട്ടിരുന്ന വേഷത്തിൽ തന്നെ ബൈക്കിൽ കേറ്റി രണ്ട് കറക്കം കറങ്ങിയിട്ടാണ് തിരിച്ചു വീട്ടിൽ കയറിയത്.