അമ്മ എങ്ങോട്ട് ആണെന്ന് എന്നോട് കണ്ണ് കൊണ്ട് ചോദിച്ചു. ഞാൻ ഇപ്പോൾ വരാം എന്ന് ആഗ്യം കാണിച്ചു ബൈക്ക് എടുത്തു.
അവൾ പതിയെ രണ്ട് കാലും ഒരു സൈഡിൽ വെച്ച് പുറകിൽ കയറി ഇരുന്നു.
“ബൈക്കിൽ കയറാൻ ഒക്കെ അറിയാമോ” അവൾ പതിയെ കയറുന്നത് കണ്ട് ഞാൻ കളിയാക്കി ചോദിച്ചു.
“പിന്നെ ഞാൻ എത്ര തവണ കയറിയിരിക്കുന്നു…” അവൾ ഗമയോടെ പറഞ്ഞു.
“പോകാം…?” അവൾ ഇരുന്നു എന്ന് മനസ്സിലായപ്പോൾ ഞാൻ ചോദിച്ചു.
“മ്മം… വണ്ടി പോട്ടെ…” അവൾ ഉത്തരവ് ഇട്ടു.
ഞാൻ ബൈക്ക് പതിയെ മുന്നിലേക്ക് എടുത്തു. ആദ്യം അവൾ എന്നെ തൊടാതെയാണ് ഇരുന്നതെങ്കിലും വണ്ടി മുറ്റം കഴിഞ്ഞ് സിമന്റ് ഇട്ട തടത്തിലേക്ക് കയറുമ്പോൾ അവൾ വലത് കൈ കൊണ്ട് എന്റെ തോളിൽ പിടുച്ചു.
ഞാൻ പതിയെ വണ്ടി ആൾ താമസം ഇല്ലാത്ത വഴിയിലേക്ക് വിട്ടു.
“ഇനി നമുക്ക് തിരിച്ചു പോകാം…” രണ്ട് മൂന്നു കിലോമീറ്റർ പിന്നിട്ടപ്പോൾ ഞാൻ ചോദിച്ചു.
“ഇപ്പോഴെയോ കുറച്ചു കൂടി പോകാം” അവൾ പറഞ്ഞു.
ഞാൻ വണ്ടി വീണ്ടും മുന്നിലേക്ക് തന്നെ പായിച്ചു.
“എന്താ മാഷേ ഇങ്ങോട്ട്…” ഞാൻ ചെറിയ ഒരു ഇടവഴിയിലേക്ക് വണ്ടി തിരിച്ചപ്പോൾ അവൾ ചോദിച്ചു.
“അതൊക്ക ഉണ്ട്…” ഞാൻ മറുപടി പറഞ്ഞു.
“സർപ്രൈസ് ആണോ? ” അവൾ ചോദിച്ചു.
“ആഹ്… ചെറിയ സർപ്രൈസ് ആണെന്ന് വെച്ചോ…, ഏതായാലും കാണാനല്ലേ പോകുന്നത്” ഞാൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
“എന്റെ നാട്ടിൽ എനിക്ക് അറിയാത്ത സ്ഥലമോ?” അവൾ ചിന്തിച്ചു കൊണ്ട് പറഞ്ഞു.
“നിന്റെ നാടോ? ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
“എന്റെ മാഷേ ഞാനും ജനിച്ചതും രണ്ട് വയസ്സ് വരെ വളർന്നതും ഇവിടെ തന്നെയാണ്, അപ്പോൾ എന്റെ നാട് ആയില്ലേ? ” അവൾ മറുപടി പറഞ്ഞു.
“അങ്ങയാണോ… എങ്കിലും ഈ നാട്ടുകാരി മുമ്പ് ഈ വഴിക്കൊക്കെ വന്നിട്ടുണ്ടോ? ” ഞാൻ അവളോട് ചോദിച്ചു.
“ഇല്ല…” അവൾ ഉത്തരം പറഞ്ഞു.
“പിന്നെ എങ്ങനെ ഈ സ്ഥലം ഒക്കെ അറിയും” ഞാൻ അവളോട് ചോദിച്ചു.
“ഇങ്ങനെ ആരെങ്കിലും കൊണ്ട് പോയാൽ അല്ലേ കാണാൻ പറ്റു…” അവൾ പറഞ്ഞു.
“അത് എങ്ങനെയാ നീ വരുമ്പോൾ കൊറോണയും കൊണ്ടല്ലേ വന്നത്…, പിന്നെ എങ്ങനെ പുറത്ത് ഇറങ്ങാൻ ആണ്” ഞാൻ അവളെ ചെറുതായി ഒന്ന് വാരി.
“ഞാൻ കൊറോണ ഒന്നും കൊണ്ട് വന്നില്ല, ഞാൻ വരുമ്പോൾ കൊറോണ ഒന്നും ഇല്ലായിരുന്നു, മാഷ് വന്നപ്പോൾ ആണ് കൊറോണ വന്നത്” അവൾ അതും നൈസ് ആയി എന്റെ തലയിൽ വെച്ച് തന്നു.
“ഇനി വടി കൊടുത്ത് അടി വാങ്ങിക്കുന്ന പരുപാടിക്ക് ഞാൻ ഇല്ലേ” ഞാൻ മനസ്സിൽ പറയാൻ ആണ് ഉദേശിച്ചത് എങ്കിലും നാവിലൂടെ ആ വാക്കുകൾ വെളിയിൽ വരുകയും ബൈക്കിന്റെ ശബ്ദം ഭേദിച്ച് അവളുടെ ചെവിയിൽ എത്തുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.