❤️വൃന്ദാവനം 2 [കുട്ടേട്ടൻ]

Posted by

തന്‌റെ ഇടുപ്പിലേക്കു എന്തോ തുളഞ്ഞു കയറുന്നതു പോലെ അവനു വേദന തോ്ന്നി. അയ്യോ അവൻ ഉള്ളിൽ നിലവിളിച്ചു. മീര കൈ പിന്നോട്ടു വലിച്ചപ്പോൾ അവളുടെ കൈമുട്ടു ഇടുപ്പിൽ കൊണ്ടതാണ്. അവനു ശരിക്കും നൊന്തു.

സഞ്ജു മീരയെ ഒന്നു പാളി നോക്കി അവളുടെ മുഖം കൂടുതൽ മുറുകിയിരുന്നു. അവളെന്തോ പിറുപിറുക്കുന്നതു പോലെ അവനു തോന്നി.ഏതായാലും കൂടുതൽ ചിന്തിക്കാൻ നിന്നില്ല.

ഇടയ്ക്കവർ ഒരു റെസ്റ്ററന്‌റിന്‌റെ മുന്നിൽ വണ്ടിയൊതുക്കി.ഒരു മൾട്ടിക്യൂസിൻ റെസ്റ്ററന്‌റായിരുന്നു അത്.ഫാമിലി റൂമിൽ എട്ടു സീറ്റുള്ള ഒരു ടേബിളിനു ചുറ്റും അവർ ഇരിപ്പുറപ്പിച്ചു.സഞ്ജുവിന്‌റെ അരികിലെ സീറ്റിൽ നന്ദിത ഓടിവന്നിരുന്നു.മീര കൈ കഴുകി എത്തിയപ്പോൾ താമസിച്ചിരുന്നു. അതിനാൽ സഞ്ജുവിന് എതിർവശത്ത് അഭിമുഖമായാണ് അവൾ ഇരുന്നത്.

ചന്ത്രോത്തു തറവാട്ടിലുള്ളവർ വെജിറ്റേറിയൻ ഭക്ഷണമാണ്.അതിനാൽ തന്നെ അമ്മായിമാരും വെജിറ്റേറിയൻ തന്നെ. പക്ഷേ തറവാട്ടിലെ മരുമക്കൾ ആയതിനാൽ നന്ദഗോപാലിനും വിനോദിനും ആ ശീലമില്ല. അവർ പക്കാ നോൺ വെജാണ്. അവർ കുറേ നോൺവെജ് വിഭവങ്ങൾ ഓർഡർ ചെയ്തു.നന്ദുവിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മീരയും നന്ദിതയും ഓർഡർ ചെയ്തതും വെജിറ്റേറിയൻ വിഭവങ്ങളാണ്.

‘ഇവർ നോൺ വെജ് ഒന്നും കഴിക്കാറില്ലേ..’സഞ്ജുവിന്‌റെ ചോദ്യം അമ്മായിമാരോടായിരുന്നു.അവർ പൊട്ടിച്ചിരിച്ചു.

‘എടാ സഞ്ജുക്കുട്ടാ, നീയെന്താ വിചാരിച്ചേ,മുംബൈയിലും അമേരിക്കയിലുമൊക്കെ പോയപ്പോൾ ഇവരങ്ങ് മാറിപ്പോയെന്നോ,ഇവർ ചന്ത്രോത്തെ കുട്ടികളാണ്.ചന്ത്രോത്തെ പെൺകുട്ടികൾ വളരേണ്ടതെങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇവർ വളർന്നത് ‘ രാധികാമ്മായി പറഞ്ഞു.

ആ വെളിപ്പെടുത്തൽ സഞ്ജുവിന്‌റെ മനസ്സിൽ കുളിർകോരിയിട്ടു. അപ്പോ പെൺപിള്ളേർ മര്യാദയ്ക്കായിരിക്കും വളർന്നത്.പക്ഷേ ഉടൻ തന്നെ കണ്ണേട്ടൻ പറഞ്ഞ കാര്യം അവന്‌റെ ഓർമയിൽ വന്നു.ഭക്ഷണശീലം പോലെയല്ല പ്രേമം.നോൺവെജൊക്കെ കഴിക്കാതിരിക്കാം.പക്ഷേ ഇത്രയും ഇടിവെട്ടു ലുക്കുള്ള പെൺപിള്ളേർ പ്രേമിക്കാതെ ഇരിക്കുമോ, ഈശ്വരാ ഇവരൊക്കെ ഇപ്പോളും പരിശുദ്ധകളായിരിക്കുമോ.ലോകത്തെല്ലായിടത്തും കോഴികളുണ്ടല്ലോ.അമേരിക്കയിലും മുംബൈയിലുമൊക്കെ അവറ്റകളുടെ എണ്ണം കൂടുതലാണ്.ആരെങ്കിലും ഇവരെ വളച്ചുകാണാതിരിക്കുമോ.

നന്ദിത കുഴപ്പമില്ലാന്നു തോന്നുന്നു, പക്ഷേ മീര..
അവൾക്കാകപ്പാടെ ഒരു വശപ്പിശക് ലുക്കുണ്ട്. ടൈറ്റ് ജീൻസും ടീഷർട്ടുമൊക്കെയിട്ടു നല്ല സെക്‌സി ലുക്കിലാണു വന്നിരിക്കുന്നത്. തന്നെയുമല്ല വന്ന നേരം മുതൽ ഫോണിൽ നോക്കി ഇരിക്കുകയാണ്. കോളജിലൊക്കെ അസ്ഥിക്കു പിടിച്ച പ്രേമം ഉള്ള പെമ്പിള്ളേരാണ് ഇങ്ങനെ ഫോണിൽ നോക്കി ഇരിക്കുന്നത്.

സഞ്ജുവിന്‌റെ ചിന്തകൾ കാടുകയറി ഏതോ ഫോറസ്റ്റിലൊക്കെയെത്തി. പിന്നെ അവൻ സ്വയം സമാധാനിച്ചു.വരട്ടെ കണ്ടറിയാം. ഇപ്പോളേ ഓരോ അനുമാനങ്ങളിലെത്തേണ്ട.
ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോൾ നന്ദിതയ്‌ക്കൊരു ഫോൺ വന്നു.’ഒരു മിനിറ്റേ ഞാനിപ്പോൾ വരാം.’ അവൾ ഫോണുമായി അവരുടെ അടുക്കൽ നിന്നു മറ്റൊരു സ്ഥലത്തേക്കു മാറി നിന്നു. സഞ്ജുവിലെ തളത്തിൽ ദിനേശൻ വീണ്ടും ഉണർന്നു.

Leave a Reply

Your email address will not be published. Required fields are marked *