ഫ്‌െൈളറ്റ് എത്താൻ സമയമായിരിക്കുന്നു.സഞ്ജുവിന്‌റെ ശ്വാസഗതി വർധിച്ചു.ചിത്രമ്മായിയും വിനോദ് മാമനും മീരയും ഇന്നലെ തന്നെ മുംബൈയിൽ ലാൻഡ് ചെയ്തിരുന്നു. രാധികാമ്മായിയുടെ വീട്ടിൽ ആയിരുന്നു ഇന്നലെ താമസം. അമ്മായിക്കും നന്ദുമാമനും നന്ദിതയ്ക്കുമൊപ്പം അവർ ഒരുമിച്ചാണ് ഇന്ന് ഫ്‌ളൈറ്റിൽ എത്തുന്നത്.
എയർപോർട്ടിൽ നാഷണൽ ഫ്‌ലൈറ്റുകൾക്കു വേണ്ടിയുള്ള ടെർമിനലിനു സമീപം നിൽപ്പുറപ്പിച്ചപ്പോളും സഞ്ജു നന്നായി വിയർക്കുന്നുണ്ടായിരുന്നു.
ഈശ്വരാ കൃഷ്ണാ ഇതെന്തൊരു പരീക്ഷണം…അവൻ മനസ്സിലോർത്തു.
കുറച്ചു സമയം കടന്നു. ഒടുവിൽ അനൗൺസ്‌മെന്‌റ് എത്തി.മുംബൈ കൊച്ചിൻ ഫ്‌ലൈറ്റ് ഗെറ്റിങ് ലാൻഡഡ് ഇൻ 5 മിനിറ്റ്‌സ്.
ഈശ്വരാ 5 മിനിറ്റ്, കൃഷ്ണാ രക്ഷിക്കണേ. സഞ്ജു പ്രാർഥിച്ചു കൊണ്ടു പറഞ്ഞു.
ഡാ ഡാ ചെക്കാ ഇതീൽ നിന്നൊക്കെ രക്ഷിക്കാൻ എന്നോടു പ്രാർഥിക്കാൻ നിനക്കു നാണമില്ലേ എന്നു കൃഷ്ണൻ ചിരിച്ചു കൊണ്ടു ചോദിക്കുന്നതായി അവനു തോന്നി.
സോറി ഭഗവാനേ, ഇതൊന്നും പരിചയമില്ലാത്തതു കൊണ്ടല്ലേ… അവൻ അപ്പോൾ തന്നെ മനസ്സിൽ ക്ഷമയും ചോദിച്ചു.
കുറച്ചുസമയം അങ്ങനെ നിൽക്കേണ്ടി വന്നു. വിമാനം ഇറങ്ങിയതായുള്ള അനൗൺസ്‌മെന്‌റ് ഉടൻ തന്നെ മുഴങ്ങി. താമസിയാതെ തന്നെ എക്‌സിറ്റ് വഴി യാത്രികർ ഇറങ്ങിത്തുടങ്ങി. മുംബൈയിൽ നിന്നു കൊച്ചിയിലേക്കുള്ള ചില സർദാർജിമാരും പിന്നെ കുറച്ച് ഐടി പിള്ളേരുമൊക്കെ കലാപിലാ ചിലച്ചുകൊണ്ട് അതുവഴി നടന്നുപോയി.
ഉദ്വേഗത്തിന്‌റെ നിമിഷങ്ങളിൽ മുള്ളുകയറി സഞ്ജു അവിടെ നിന്നു.
കുറച്ചു സമയം…പരിചിതമായ ചില മുഖങ്ങൾ തെളിഞ്ഞു വന്നു. അതു മധ്യവയസ്‌കരായ രണ്ടു ദമ്പതിമാരായിരുന്നു. പട്ടുസാരിയും സെറ്റുസാരിയും ഉടുത്ത രണ്ടു കുലീനവതികളായ സ്ത്രീകൾ.ചന്ത്രോത്ത് തറവാടിന്‌റെ എല്ലാ ആഡ്യത്വവും മുഖത്തു പേറുന്ന പ്രൗഢവനിതകൾ..അവരെ തിരിച്ചറിയാൻ സഞ്ജുവിന് അധികം സമയമൊന്നും വേണ്ടിവന്നില്ല…അമ്മായിമാർ…ചിത്രാമ്മായിയും രാധികാമ്മായിയും. അവരുടെ ഒപ്പം ഭർത്താക്കൻമാരായ വിനോദും നന്ദഗോപാലും.
അവർ അന്യോന്യം സംസാരിച്ചു പയ്യെ നടന്നു വരികയാണ്.കുറേക്കാലത്തിനു ശേഷം തമ്മിൽ കണ്ടതിന്‌റെ സന്തോഷം ഒരു ദിവസം പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല.
സഞ്ജു എത്തിവലിഞ്ഞ് നോക്കി. ഇല്ല. മീരയെയും നന്ദിതയെയും കാണാനില്ല. ഇനിയവർ വന്നിട്ടില്ലേ? അവന്‌റെ മുഖത്ത് ആകെ വേപഥു പരന്നു.
അപ്പോളേക്കും അമ്മായിമാരും മാമൻമാരും അവനരികിലെത്തിയിരുന്നു.
‘എടാ സഞ്ജൂ’ ചിത്രാമ്മായി അവനു നേർക്കു വിരൽ നീട്ടിക്കൊണ്ട് ചോദിച്ചു.
‘അതേലോ അമ്മായിക്ക് എന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായോ?’ സന്തോഷത്തോടെ സഞ്ജു ചോദിച്ചു. ഒറ്റനോട്ടത്തിൽ തന്നെ അമ്മായിമാർ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
ചിത്രമ്മായി അവനെ ഇറുക്കെ പുണർന്നു. അവന്‌റെ കവിളിൽ ഒരുമ്മ