“അതും ശരിയാണ്, പക്ഷെ ഞാൻ പണിക്ക് പോയാൽ മാഡം വരുമ്പോൾ ആര് പഠിപ്പിച്ച് തരും” ഞാൻ വെറുതെ ആ ഉണ്ട അവൾക്ക് നേരെ തിരിച്ചു.
“ഓഹ് അങ്ങനെ ആണല്ലേ, എന്നെ പഠിപ്പിക്കാൻ വേണ്ടി ആണല്ലേ പണിക്കൊന്നും പോകാതെ വീട്ടിൽ കുത്തിയിരിക്കുന്നത്” അവൾ വിട്ട് തരാൻ തയ്യാറായില്ല.
“അതും ഒരു കാരണം ആണല്ലേ” ഞാൻ വെറുതെ അവളെ ഒന്ന് മൂപ്പിക്കാൻ വേണ്ടി പറഞ്ഞു.
“അങ്ങനെ ആണോ? അങ്ങനെ ആണെങ്കിൽ മാഷ് പണിക്ക് പൊയ്ക്കോ ഞാൻ ഇനി ഇങ്ങോട്ട് വരുന്നില്ല” അവൾ പിണക്കം നടിച്ച് പറഞ്ഞു.
“നാദിയ കുട്ടി ഈ ചെറിയ പ്രായത്തിൽ അത്രയും വലിയ ത്യാഗം ഒന്നും ചെയ്യരുത്” ഞാൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
“പണിക്ക് പോകാൻ മടിയാണെങ്കിൽ അത് പറഞ്ഞാൽ പോരെ, വെറുതെ എന്തിനാ അത് എന്റെ തലയിൽ ഇടുന്നത്” അവൾ കലിപ്പ് മോഡിൽ ആയി.
“ശരി സമ്മതിച്ചു എനിക്ക് പണിക്ക് പോകാൻ മടിയാണ് പോരെ” ഞാൻ അവളെ തണുപ്പിക്കാൻ വേണ്ടി പറഞ്ഞു.
“അങ്ങനെ എനിക്ക് വേണ്ടി ആരും സ്വയം കുറ്റം പറയുക ഒന്നും വേണ്ട” അവൾ കലിപ്പിൽ തന്നെ തുടർന്ന്.
“മതി ഞാൻ തോറ്റു, എനിക്ക് നല്ല ഒരു പണി വരുമ്പോൾ പോകും അതിന് വേണ്ടി കാത്തിരിക്കുവാണ് മതിയോ” ഞാൻ തോൽവി സമ്മതിച്ചു.
“ഞാൻ… അങ്ങനെ അല്ല പറഞ്ഞത്, മാഷ് മാഷിന്റെ ആഗ്രഹം പോലെ ബിസ്സിനെസ്സ് ചെയ്താൽ മതി ഞാൻ വെറുതെ പറഞ്ഞതാ. മാഷ് ഇവിടെ ഉള്ളപ്പോൾ എനിക്ക് സംശയം ചോദിക്കാനും വരാം അല്ലോ? ” അവൾ ഒന്ന് തണുത്തു.
“ഓക്കേ നാദിയ കുട്ടി പറയുന്നത് പോലെ, അപ്പോൾ ഇന്ന് എന്താ പഠിക്കാൻ ഉള്ളത്” ഞാൻ അവളോട് ചോദിച്ചു.
അങ്ങനെ അവൾ കൊണ്ട് വന്ന ബുക്കിൽ ഉണ്ടായിരുന്ന ഒന്നു രണ്ട് ചോദ്യങ്ങൾ കാണിച്ചു തന്നു. ഞാൻ അതിന്റ ഉത്തരം എങ്ങനെ ചെയ്യാം എന്നോക്കെ പറഞ്ഞു കൊടുത്തു.
അന്ന് അവൾ പോകുമ്പോൾ ഞാൻ കൂടെ ഇറങ്ങി അവളോട് സംസാരിച്ച് വീടിന് പുറത്ത് വരെ വന്നു. പിന്നെ അവൾ പോകുന്നതും നോക്കി നിന്നു. അവൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഞാൻ പതിയെ റൂമിലേക്ക് മടങ്ങി.
പിറ്റേന്ന് അവൾ വരേണ്ട സമയം ആയപ്പോൾ ഞാൻ അവളുടെ വെള്ളി കുലുസിന്റെ ശബ്ദത്തിന് ചെവി ഓർത്തിരുന്നു.
എന്തോ അങ്ങനെ ഇരിക്കുമ്പോൾ അവൾ എന്റെ ആരൊക്കെയോ ആണ് എന്ന ഒരു തോന്നൽ. അവളുടെ മുത്ത് മണി കിലുക്കം പോലെയുള്ള ശബ്ദം കേൾക്കുമ്പോൾ, അവളോട് വെറുതെ വഴക്കിടുമ്പോൾ ഇത് വരെ ഒരു പെൺകുട്ടികളോടെയും തോന്നാത്ത ഒരു അടുപ്പം.
“മാഷേ എന്താ ഉറങ്ങുവാണോ? ” ഓരോന്ന് ആലോചിച്ചിരുന്ന എന്നെ അവളുടെ ആ വിളിയാണ് ഉണർത്തിയത്.
“അഹ് നീ വന്നോ? വൈകിയപ്പോൾ ഞാൻ കരുതി വരില്ല എന്ന്” അവൾ വരില്ലേ എന്ന ഭയം ആണ് എന്നെ കൊണ്ട് അങ്ങനെ ചോദിപ്പിച്ചത്.
“ഇവിടെ വരാതെ എവിടെ പോകാൻ മാഷേ, മാഷല്ലേ എന്റെ മാഷ്” അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
“അപ്പോൾ ഇന്നത്തെ പണി തുടങ്ങാം” ഞാൻ അവളുടെ ബുക്ക് വാങ്ങിച്ച് കൊണ്ട് ചോദിച്ചു.
“ഇന്ന് പണിയൊന്നും ഇല്ല മാഷേ, ഉണ്ടായിരുന്നതൊക്കെ നമ്മൾ ഇന്നലെ തന്നെ തീർത്തു” അവൾ ബുക്ക് വാങ്ങിച്ച് ടേബിളിൽ വെച്ച് കൊണ്ട് പറഞ്ഞു.
“പണിയൊന്നും ഇല്ലേ, പിന്നെ എന്താണ് മഹത്തിയുടെ ആഗമന ഉദ്ദേശം” ഞാൻ ഒന്നും മനസ്സിലാകാതെ ചോദിച്ചു.
“വീട്ടിൽ ഒറ്റക്ക് ഇരുന്ന് ബോർ അടിക്കേണ്ട എന്ന് വിചാരിച്ചു വന്നതാണ്” അവൾ ഉത്തരം നൽകി.