ആവശ്യമുണ്ടായിരുന്നതുകൊണ്ടു ഞങ്ങൾക്ക് ചെയ്യേണ്ടിവന്നു….അതൊക്കെ കൊണ്ടാവണം അവർ ചെറുപ്പം മുതൽ അവരുടെ അമ്മാവന്റെ വീട്ടിൽ നിന്നും പഠിക്കാനും അവിടത്തെ കുട്ടികളായി വളരാനും തുടങ്ങിയത്…..”
പുള്ളി സിഗെരെറ്റ് കളഞ്ഞു , പിന്നെ പുറംകൈ കൊണ്ട് കണ്ണ് തുടച്ചു …ഞാൻ ഇരിക്കുന്നിടത്തു നിന്നും എണീറ്റ് അങ്ങേരുടെ അടുത്തായി ഇരുന്നു …കൈ എടുത്ത് പുറത്തു തട്ടി ആശ്വസിപ്പിക്കണം എന്നുണ്ടെങ്കിലും എന്തോ ഒരു മടി…
” പക്ഷെ അമ്മു …..അവൾ ഞങ്ങളുടെ ബാക്കി എല്ലാ സങ്കടോം മാറ്റി , അവൾ വളർന്നു വരുന്നിടമത്രയും ഞങ്ങൾക്ക് സന്തോഷം മാത്രം തരാൻ ശ്രമിച്ചു …..അവൾക്കു വേണ്ടി ഞങ്ങൾ എടുത്ത എല്ലാ പ്രയാസങ്ങൾക്കും അവൾ പിന്നെയുള്ള സമയം കൊണ്ട് ഞങ്ങൾക്ക് പ്രതിഫലം തന്നു …….ഞങ്ങളുടെ ഓരോ കാര്യവും അവൾ സൂക്ഷ്മമായി ചെയ്തുപോന്നു…..അവൾ കാരണം അവൾടെ ചേച്ചിമാർക്ക് നഷ്ടപ്പെട്ട ഞങ്ങളുടെ സ്നേഹം അവർ വരുമ്പോൾ അവർക്ക് കൊടുക്കാൻ പറഞ്ഞു എന്നും ഞങ്ങളോട് തല്ലുകൂടും …..ചേച്ചിമാർ പറയുന്ന എന്ത് കാര്യവും ചെയ്തു കൊടുക്കും …..അവർ അവളെ എന്ത് പറഞ്ഞാലും ഒരക്ഷരം പോലും തിരിച്ചു പറയുന്നത് ഞാനിതുവരെ കണ്ടിട്ടില്ല……അന്ന് വയ്യാത്ത കാലുമായി അവൾ ജനിച്ചപ്പോ ഞാൻ കരുതീത് എന്റെ അമ്മയുടെ ശാപം കൊണ്ടാണെന്നാണ് , മകൻ ഉണ്ടായിട്ടും നോക്കാൻ ആളില്ലാതെ കിടന്നപ്പോ ശപിച്ചത് ഫലിച്ചതാണെന്നു തോന്നി , …പക്ഷെ അങ്ങനെയല്ലെന്ന് പിന്നെ മനസിലായി , ജീവന് പകരം കാലിനു വയ്യായ്ക മാത്രം ആക്കി അനുഗ്രഹിച്ചതാണ് പാവം …!! അമ്മയുടെ സ്നേഹം എന്നെ ഓർമ്മിപ്പിക്കാൻ വേണ്ടി അമ്മൂനെ എന്റെ മകളായി വിട്ടതാണോ എന്നുവരെ തോന്നിയിട്ടുണ്ട് …..”
പുള്ളി എന്റെ കയ്യിൽ പിടിച്ചു ..
“അവൾ ഇത്രേം കാലം ഒന്നും ആവശ്യപ്പെട്ടില്ല , ആദ്യമായിട്ട് ആവശ്യപ്പെട്ടത് നീ എന്നെങ്കിലും വന്നു അവളെ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചാൽ പൂര്ണ മനസോടെ സമ്മതിക്കണം എന്ന് മാത്രാണ് ….”
ആ വാക്ക് പറഞ്ഞപ്പോൾ അങ്ങേരുടെ സാധാരണ ശബ്ദത്തിലേക്ക് അത് എത്തിച്ചേർന്നിരുന്നു…ഞാൻ വല്ലാത്തൊരു അവസ്ഥയിലിരുന്നാണ് ഇതെല്ലാം കേട്ടത്….നിത്യ സഹിക്കാൻ വയ്യാതെ അവളുടെതന്നെ മടിയിൽ തലവെച്ചു കിടന്നിരുന്നു …
” മാമാ …..അല്ല …അച്ഛാ ……എന്താ വിളിക്കേണ്ടത് എന്നുപോലും എനിക്ക് അറിയില്ല …….അമ്മൂനെ എനിക്ക് ഒരുപാട് ഇഷ്ടാണ് , എന്റെ ജീവനേക്കാൾ ഒരുപാട് കൂടുതൽ ….പക്ഷെ ഇപ്പൊ അച്ഛൻ പറഞ്ഞതൊക്കെ കേൾക്കുമ്പോൾ അവൾക്കു ഞാൻ ചേരുമോ എന്നൊക്കെ തോന്നിപ്പോവാ….എനിക്ക് അർഹതയില്ലത്ത പോലെ……..ഞാൻ …അറിയാതെ ……അച്ഛൻ അവളെ പറഞ്ഞു മനസിലാക്കുമെങ്കിൽ ഞാൻ അവളുടെ കണ്ണിൽ പോലും പെടാതെ മാറിപൊക്കോളാം …..”
ഇതും പറഞ്ഞു ഞാൻ നിർത്തി….എന്റെ കണ്ണിൽ നിന്നും ഞാൻ പോലുമറിയാതെ കണ്ണീർ ചുടുചോര കണക്കെ ഒഴുകിക്കൊണ്ടിരുന്നു ….ഹൃദയം പറിഞ്ഞുപോകുന്ന സങ്കടത്തിലാണ് ഞാൻ ഇതെല്ലാം പറഞ്ഞത് ….
” ഞാൻ മുഴുവൻ പറഞ്ഞില്ലല്ലോ മനൂ……, നിന്നെപ്പറ്റി അറിഞ്ഞപ്പോൾ എനിക്കോർമ്മ വന്നത് ഞാൻ നടന്നു തീർത്ത കാലം തന്നെ ആയിരുന്നു….ഒരുതരത്തിൽ നമ്മൾ ഒരേ അവസ്ഥ അനുഭവിച്ചവരാണ് ……അച്ഛനില്ലാതെ വളരേണ്ടി വരുന്നതിന്റെ അനുഭവം വല്ലാത്ത ഒന്നാണ്……നമ്മുടെ ഓരോ തോൽവിയിലും അറിയാതെയെങ്കിലും മനസ്സിൽ വരണത് അച്ഛന്റെ അഭാവമായിരിക്കും…ഞാനതു ഒരുപാട് അനുഭവിച്ചവനാണ് ….അങ്ങനെ ജീവിതത്തിൽ വിഷമം അനുഭവിച്ചവർക്കേ മറ്റുള്ളവരുടെ വിഷമം മനസിലാക്കാൻ സാധിക്കൂ , നിന്റെ കൂടെ അമ്മു സന്തോഷമായിരിക്കും എന്ന് ഞാൻ വിശ്വസിച്ചോട്ടെ …??”
ആദ്യം പറഞ്ഞതെല്ലാം എന്നെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണെന്ന് തോന്നിയെങ്കിലും അവസാന വാചകം കേട്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല…നെഞ്ചുപൊട്ടി ഞാൻ കരഞ്ഞുപോയി….ഞെട്ടിപ്പോയ അങ്ങേരും നിത്യയും എന്നെ സമാധാനിപ്പിച്ചു…എന്നിട്ടും കുറച്ചേറെ സമയമെടുത്തു ഞാൻ ഒന്ന് റെഡിയാവാൻ….അച്ഛൻ എന്റെ പുറത്തു മെല്ലെ തട്ടിക്കൊണ്ടു അടുത്തു തന്നെ ഇരുന്നു….