” വല്ലപ്പോഴും ഒരു പതിവുണ്ട് ….ആ പെണ്ണ് കണ്ടാൽ സമ്മതിക്കില്ല , അവൾ തെരക്കിലായൊണ്ട് ഓടി പോന്നതാ …പിന്നെ തന്നോടു ഒരു കാര്യവും പറയാനുണ്ട് …”
എന്നെ നോക്കി കുറച്ചു സീരിയസ് ആയി അതു പറഞ്ഞപ്പോൾ എന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി ….നിത്യ കുറച്ചു ടെൻഷനോടെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി…കാരണവർ നോട്ടം എന്നിൽ നിന്നും മാറ്റി വെള്ളത്തിലേക്ക് ആയി………..പുക എടുത്ത് മെല്ലെ ഊതിവിട്ടു …
” അമ്മു എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു …കാര്യം മനുവിനും അറിയാലോ ലേ..?? ”
പുള്ളി സാധാരണ സംസാരിക്കുന്നതിനേക്കാൾ കുറച്ചുകൂടി ഗൗരവത്തിലാണ് സംസാരിക്കുന്നത്….ദൈവമേ ഇനി കുളത്തിൽ മുക്കി കൊല്ലുമോ….!! ഒന്നും പറയാൻ പറ്റില്ലല്ലോ …….ഞാൻ മറുപടി പറയാതെ അറിയാമെന്ന ഭാവത്തിൽ മൂളി…..ടെൻഷൻ കുറക്കാൻ വേണ്ടി ചെറിയ കല്ലുകളെടുത്ത ശേഷം കുളത്തിലേക്ക് എറിഞ്ഞു അത് വീഴുമ്പോൾ ഉണ്ടാവുന്ന ഓളത്തിലേക്ക് നോക്കി ഇരുന്നു….
” ശെരി …..അതിനെപ്പറ്റി ഞാൻ പറയാം ….അതിനു മുൻപ് കുറച്ചു പഴയൊരു കഥ പറയാനുണ്ട് ….”
മൂപ്പർ പുക ഊതി വിട്ടുകൊണ്ട് ഞങ്ങളെ നോക്കി…
” ഞാൻ പണ്ട് ഞങ്ങളുടെ തറവാട്ടിൽ അധികപ്പറ്റായി സ്വയം തോന്നിയപ്പോൾ പട്ടാളത്തിൽ ചേരാൻ നാടുവിട്ടു ….. അതിനു വേറൊരു കാര്യം കൂടി ഉണ്ടാരുന്നു , ഞാൻ സ്നേഹിച്ചിരുന്നത് എന്റെ മുറപ്പെണ്ണിനെ തന്നെ ആയിരുന്നു … അന്ന് എന്റെ അമ്മക്ക് അത്ര പൈസയൊന്നും ഉണ്ടാരുന്നില്ല , അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പണ്ടേ വേറൊരു ബന്ധം കണ്ടെത്തിയിരുന്നു, ഞങ്ങൾ അതോടുകൂടി തറവാട്ടിൽ അമ്മയുടെ അനിയനും കുടുംബത്തോടുമൊപ്പം ജീവിക്കേണ്ടി വന്നു ….ശെരിക്കും നമ്മൾ ഒറ്റപ്പെടുന്ന ഒരു അവസ്ഥ ….
അത്യാവശ്യം പൈസയുള്ള തറവാട് ആയിട്ടുകൂടി കുറേ കഷ്ടപ്പെട്ട് പല പണിക്കും പോയിട്ടാണ് ഞാൻ വളർന്നത് ……ആരൊക്കെയോ പറഞ്ഞാണ് പട്ടാളത്തിൽ കിട്ടിയാൽ ജീവിതം രക്ഷപ്പെടുമെന്ന് അറിഞ്ഞത് …..പക്ഷെ കിട്ടിയില്ല , അതിന്റെ വെഷമം കൊണ്ട് ഞാൻ പിന്നെ നാട്ടിലേക്കു വരാൻ കൂട്ടാക്കിയില്ല ,അമ്മയെക്കുറിച്ച് പോലും ആ സമയത്ത് ആലോചിച്ചില്ല ,ജീവിതം അപ്പാടെ നഷ്ടപ്പെട്ട തോന്നലായിരുന്നു മനസ്സ് മുഴുവൻ ….. ഈ വീട് അന്ന് അമ്മാവന്റെ വീടായിരുന്നു , ഇവിടെ ഒരു മുക്കിലാണ് അമ്മ അവസാനം വരെ ജീവിച്ചത്….അമ്മാവനാണെങ്കിൽ ഞങ്ങളോട് അത്ര ഇഷ്ടം പോരാ , …..ഞാൻ ആ പ്രായത്തിൽ അതൊന്നും വല്ലാതെ ശ്രദ്ധിച്ചില്ല , നാടുവിട്ടു പല സ്ഥലത്തും പല പണിയെടുത്തു പൈസ ഉണ്ടാക്കി , അധികവും കൃഷിപ്പണി തന്നെ ആയിരുന്നു ….അന്നൊക്കെ വാശിയാരുന്നു , ഇന്നു ആലോചിക്കുമ്പോൾ അന്നത്തെ ആ വാശി എന്തിനോടായിരുന്നെന്നു അറിയില്ല …കുറേ വർഷങ്ങൾക്കു ശേഷം തിരിച്ചു വന്നപ്പോൾ അമ്മ മരിച്ചുപോയിട്ടുണ്ട് , വല്ലാത്ത സങ്കടം തോന്നി , ഈ വീട് അകെ ദ്രവിച്ചു തുടങ്ങിയിരുന്നു , അമ്മാവനൊക്കെ ഇവിടംവിട്ടു ടൗണിലേക്ക് പോവാനുള്ള പരിപാടിയിലും ആയിരുന്നു , ഞാൻ വന്നത് ആ സമയത്താണ് …അങ്ങനെ ഇതെന്റെ തലയിൽ കെട്ടിവെച്ചു , ശെരിക്കും അമ്മക്കുള്ള ഷെയർ ഇതിലുണ്ട് ,അത് എനിക്കും അവകാശപ്പെട്ടതാണ് , അമ്മയെ നോക്കാത്ത ഞാൻ അതിനു അര്ഹനല്ലെന്നു തോന്നിയതുകൊണ്ടു ഞാൻ ഒന്നിനും പോയില്ല …., അന്ന് എന്റെ കൂട്ടുകാര് ഇടപ്പെട്ടു കേസ് ആക്കിച്ചു …..കയ്യിലുള്ള പൈസ മുഴുവൻ ഷെയർ തീര്ക്കാൻ വേണ്ടി അമ്മാവനു കൊടുക്കേണ്ടി വന്നു ….