എനിക്ക് അവളോടുള്ള ദേഷ്യം തീർക്കാനുള്ള മാർഗ്ഗമാണോ അവൾടെ മരണം… ഇതൊരിക്കലും നടക്കാൻ പോകുന്നില്ല…ആരും ഇതിന്റെ പേരിൽ എന്നെ നിർബന്ധിക്കാനും വരണ്ട..
രാവൺ അത്രയും പറഞ്ഞ് റൂം വിട്ടിറങ്ങാൻ ഭാവിച്ചതും പ്രഭ കരുത്തോടെ അവന്റെ കരങ്ങളിൽ പിടിമുറുക്കി അവനെ അവിടെ തന്നെ തടഞ്ഞു വച്ചു…
രാവൺ….നീ എന്തിന് വേണ്ടിയാ ഈ ദേഷ്യപ്പെടുന്നേ… ആർക്കുവേണ്ടി…അവൾക്കോ…
ഇനിയും മതിയായില്ലേ നിനക്ക്….അതോ പണ്ടത്തെ അനുഭവങ്ങളെല്ലാം എന്റെ മോൻ മറന്നു തുടങ്ങിയോ…???
രാവണിനെ തനിക്ക് നേരെ തിരിച്ചു നിർത്തി പ്രഭയങ്ങനെ പറഞ്ഞതും രാവണിന്റെ ദേഷ്യത്തിന് നേരിയ തോതിൽ ഒരു കുറവ് വന്നു…അവനയാളെ ദയനീയമായി ഒന്ന് നോക്കി…
എനിക്ക് പറ്റില്ല അച്ഛാ…അവള് എന്നിൽ ഏൽപ്പിച്ച ദുഃഖങ്ങൾ വളരെ വലുതാണ്… ഞാൻ സമ്മതിക്കുന്നു…. പക്ഷേ എന്തിന്റെ പേരിലായാലും ശത്രുവിന്റെ പോലും മരണം ഞാൻ ആഗ്രഹിക്കുന്നില്ല…മരണം ഒന്നിന്റേയും ശാശ്വത പരിഹാരമല്ല എന്ന് വിശ്വസിക്കുന്നയാളാ ഞാൻ.. അതുകൊണ്ട് നിങ്ങളീ പറയുന്ന തീരുമാനങ്ങൾ ഉൾക്കൊള്ളാനോ നടപ്പിലാക്കാനോ എനിക്കാവില്ല…
അതെന്താ രാവൺ…. വർഷങ്ങൾക്കു ശേഷം ത്രേയയെ കണ്ടപ്പോ നിനക്ക് മനംമാറ്റം ഉണ്ടായോ… ഇക്കണക്കിന് പോയാൽ ഇനി നാളെ നീ എന്റെ മോളെ വേണ്ടാന്ന് പറയുമല്ലോ….
വൈദിയങ്കിൾ നിങ്ങള് രണ്ടാളും എഴുതാപ്പുറം വായിക്ക്വാണ്……ത്രേയ എന്നെ സംബന്ധിച്ച് ഒരടഞ്ഞ അധ്യായമാണ്…അതിനെ ഇനി ഒരിക്കലും തുറന്നു വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… ഒരിക്കൽ കൂടി അവളെ മനസിലേറ്റാൻ എനിക്ക് ഒരിക്കലും കഴിയില്ല…അത് നിങ്ങൾക്ക് രണ്ടാൾക്കും അറിയാം… പിന്നെ ഇങ്ങനെയൊരു ചോദ്യത്തിന്റെ പ്രസക്തി എന്താ….
ഞാൻ പറഞ്ഞല്ലോ രാവൺ.. എനിക്ക് എന്റെ മകളുടെ കണ്ണീര് കാണാൻ കഴിയില്ല…നീയുമായി ഒരു ജീവിതം കാത്തിരിക്കുന്ന അവൾക് മുന്നിൽ മറ്റൊരാളെ കൊണ്ട് നിർത്തിയാൽ അവളൊരിക്കലും അയാളെ അംഗീകാരിക്കില്ല….
ഓക്കെ…അവളംഗീകരിച്ചില്ലെങ്കിൽ ഞാനവളെ തന്നെ വിവാഹം കഴിയ്ക്കാം വൈദിയങ്കിൾ…അവളെന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന അന്ധവിശ്വാസങ്ങളെ തള്ളി കളഞ്ഞിട്ട് അവള് വരട്ടേ…..
രാവണിന്റെ സ്വരത്തിൽ തെളിഞ്ഞു വന്ന വ്യത്യാസം കേട്ട് വൈദി പ്രഭയെ ഒന്ന് തുറിച്ചു നോക്കി…..അത് കാണേണ്ട താമസം മനസിലെന്തൊക്കെയോ കണക്ക് കൂട്ടി പ്രഭ രാവണിനടുത്തേക്ക് നടന്നു ചെന്നു…
രാവൺ….നീ ആരോട് എന്താ പറയുന്നതെന്ന ബോധമുണ്ടോ…???അവൾ…ആ ത്രേയ കാരണം തകർച്ചയിലേക്ക് കൂപ്പ് കുത്തിയ നിന്നെ ഇന്നീ കാണുന്ന രാവണാക്കി മാറ്റിയത് വൈദിയാ…അത് മറക്കരുത് നീ….
പ്രഭയുടെ ദേഷ്യം കലർന്ന വാക്കുകൾ കേട്ട് വൈദി അയാളുടെ സംസാരത്തെ തടഞ്ഞു…വൈദിയുടെ തലച്ചോറിൽ തെളിഞ്ഞു വന്ന ചതിപ്രയോഗങ്ങൾ രാവണിലേക്ക് പയറ്റാൻ തന്നെ അയാൾ തീരുമാനിച്ചു….
മോനേ രാവൺ…നിനക്കിപ്പോ കാര്യമായ നഷ്ടങ്ങൾ ഒന്നും തന്നെയില്ല…. നിന്റെ പേരിൽ ചുമത്തപ്പെട്ട കൊലക്കുറ്റം എന്നെന്നേക്കുമായി ഇല്ലാതെയായി, സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കാൻ പാകത്തിനൊരു ജോലിയായി,പൂവള്ളി തറവാടിന്റെ പ്രൗഢിയായി…