കടുംകെട്ട് 8
KadumKettu Part 8 | Author : Arrow | Previous Part
ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കാർത്തി ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവനെ നോക്കി പുഞ്ചിരിചു. അവനും നിഷ്കളങ്കമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു. പിന്നെ എന്തോ ചോദിക്കും പോലെ എന്നെ നോക്കി. ഞാൻ കാര്യം മനസ്സിലായി സൂട്ടിന്റെയും പാന്റിന്റെയും പോക്കറ്റിൽ തപ്പി, പിന്നെ വാങ്ങാൻ മറന്ന് പോയല്ലോ എന്ന് പറയും പോലെ അവനെ നോക്കി. പുള്ളിയുടെ മുഖം വാടി, എന്റെ ദേഹത്ത് ഉള്ള പിടുത്തം വിട്ടു, കെറുവിച്ച് മാറി നിന്നു.
” റ്റഡാ ” ഞാൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് പാക്കറ്റ് എടുത്ത് അവനെ കാണിച്ചു. അവന്റെ മുഖം വിടർന്നു.
” ചക്കര ചേട്ട ” അവൻ കൊഞ്ചികൊണ്ട് എന്റെ കയ്യിൽ നിന്ന് ചോക്ലേറ്റ് വാങ്ങി, അകത്തേക്ക് ഓടി.
” ഡാ ഡാ മൊത്തത്തിൽ ഒറ്റക്ക് തിന്നരുത്, അവളുമാർക്ക് കൂടി കൊടുക്കണം ” ഞാൻ വിളിച്ചു പറഞ്ഞു
” mmm” ഓടുന്നതിന് ഇടയിൽ അവൻ മൂളി, പക്ഷെ ആ മൂളലിൽ ഒരു തരിമ്പ് ആത്മാർത്ഥ ഇല്ലന്ന് എനിക്ക് അറിയാം. പാവം വയസ്സ് പത്തു പന്ത്രണ്ട് ആയി എങ്കിലും ഒരു അഞ്ചു വയസ്സ്കാരന്റെ മാനസിക വളർച്ചയെ അവന് ഉള്ളൂ. ഞാൻ ഹാളിലേക്ക് കയറി ചെന്നു. അച്ചുവും കീർത്തുവും സോഫയിൽ ഇരുന്ന് കത്തി വെക്കുന്നു. അമ്മ അവരുടെ കൂടെ ഇരുന്ന് സീരിയൽ കാണുന്നു. കൂട്ടത്തിൽ ഒരാളുടെ കുറവ് ഉണ്ടല്ലോ.
” ആരെയാ നോക്കുന്നെ?? ” കീർത്തു ആണ്, ചോദ്യത്തിൽ നല്ല ഗൗരവം, അച്ചു ആണേൽ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല. ഇത് ഇപ്പൊ എന്താ സംഭവം, സാധാരണ ഞാൻ വരുമ്പോഴേ കാർത്തിയുടെ ഒപ്പം എന്റെ അടുത്തേക്ക് വരുന്നത് ആണ് രണ്ടും.
” ഒന്നുമില്ല ” ഞാൻ കൊട്ട് ഊരി കൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ചുറ്റും ഒന്ന് കണ്ണോടിച്ചു എവിടെ എന്റെ പ്രിയതമ.
” ആഹാ നീ വന്നോ, ഞാൻ ചായ എടുക്കാം ” അപ്പോഴാണ് അമ്മ എന്നെ കണ്ടത്.
” ഇപ്പൊ വേണ്ട അമ്മാ, കൊറച്ചു കഴിയട്ടെ ” എന്നും പറഞ്ഞു അച്ചുവിനേം കീർത്തുവിനേം സോഫയിൽ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു വിട്ടു, എന്നിട്ട് അമ്മയുടെ മടിയിൽ തലചായ്ച് കിടന്നു.