കുഞ്ഞു വാവയ്ക്കരികിലേക്ക് ആ കാലടികൾ വളരെ വേഗത്തിൽ ചെന്നു. കൂടയിൽ കിടക്കുന്ന കുഞ്ഞിനെ കണ്ടതും അവളിൽ വിരിഞ്ഞ പുഞ്ചിരി, വർണ്ണനകൾക്കും അപ്പുറം. അവൾ കുഞ്ഞിനെ തൊട്ടു നോക്കിയപ്പോ, കുഞ്ഞ് നനവിൽ കുതിർന്നു കിടക്കുവാണ്.
കുഞ്ഞാവേ….. നീ… പണി പറ്റിച്ചല്ലോടാ….
തൻ്റെ മടിക്കുത്തിൽ കരുതി വെച്ച തുണിയെടുത്ത്, അവൾ കുഞ്ഞിൻ്റെ വസ്ത്രങ്ങൾ മാറ്റി. അവനെ പുതിയ തുണിയിൽ പൊതിഞ്ഞപ്പോ… അവളുടെ മിഴികൾ ആ ചുവന്ന പെട്ടിയിൽ പതിച്ചു.
ക്രിസ്റ്റൽ രൂപത്തിലുള്ള ആ ചുവന്ന പെട്ടി അവൾ തിരിച്ചും മറിച്ചും നോക്കി. അതെന്താണ് എന്ന് ആ കുഞ്ഞു മനസിനും തിരിച്ചറിയാനായില്ല . ആറു മുഖങ്ങളിലും ഓംകാര ചിഹ്നം ലിഖിതമാണ് എന്നാൽ ഒരു മുഖത്തിൽ മാത്രം രണ്ട് ഓംകാര ചിഹ്നം അതിൽ ഒരു ചിഹ്നം കൊത്തിവെച്ച പോലെ ഉളളിലേക്ക് കുഴിഞ്ഞ പോലെ കാണപ്പെട്ടു. മറ്റു ചിഹ്നങ്ങൾ എല്ലാം തന്നെ പുറത്തേക്ക് തള്ളി നിൽക്കുന്ന പോലെയും.
ഇത് കുഞ്ഞു വാവേടെ കളിപ്പാട്ടാണോ….
അതും പറഞ്ഞ് അവൾ വീണ്ടും ആ ചുവന്ന പെട്ടിയിൽ ശ്രദ്ധകേന്ദ്രീകരിച്ച കാർത്തുമ്പിയുടെ തോളിൽ ഒരു കൈ പതിഞ്ഞതും, അവൾ ഞെട്ടി , കൈകൾ തട്ടി മാറ്റി. ക്രിസ്റ്റൽ ബോക്സ് പിടിച്ചിരുന്ന കൈ കൊണ്ടാണ് അവൾ ആ കൈ തട്ടി മാറ്റിയത്, ആ കൈകൾ തട്ടിയ നിമിഷം അവളുടെ വിരലുകളുടെ പിടിയഴിഞ്ഞു. ആ പ്രഹരത്തിൻ്റെ ശക്തിയിൽ ആ ചുവന്ന ക്രിസ്റ്റൽ ബോക്സ് വായുവിൽ പറന്നു. അത് ഉപയോഗ ശൂന്യമായ തട്ടിൻ പുറത്ത് ചെന്നു പതിച്ചു.
രഹസ്യങ്ങളുടെ കലവറ, ശിവയുടെ ജൻമലക്ഷ്യത്തിലേക്കുള്ള വാതിലായിരിക്കാം അത്. ആ വാതിൽ ഇന്ന് ഉപയോഗശൂന്യമായ വിറകു ശേഖരത്തിനായി തീർത്ത തട്ടിൻപുറത്ത് വിശ്രമം കൊള്ളുന്നു.
അയ്യോ…. അമ്മേ…. എന്നെ ഒന്നും ചെയ്യല്ലേ….
ഒച്ച വെക്കാതിരിയെടി……..
എനിക്ക് പേടിയ…. എന്നെ ഒന്നും ചെയ്യരുത്.
ദേ…. പെണ്ണേ… കാളി കാമഭ്രാന്തനൊന്നുമല്ല, പെണ്ണെന്ന വർഗ്ഗത്തെ കാളിക്ക് ഇഷ്ടമല്ല അത് സത്യമാ…. നിന്നെ ഞാൻ ഒന്നും ചെയ്യില്ല
സത്യം…….
കാളിക്ക് ഒരു തന്തയേ….. ഉള്ളു…. അതു പോലെ വാക്കും ഒന്നെ ഉള്ളു…. മനസിലായോ…
ഉം…. എന്നു മൂളികൊണ്ടവൾ തലയാട്ടിയപ്പോ കാളി അവളെ നോക്കി പുഞ്ചിരിച്ചു. അപൂർവ്വമായി കാണാൻ കഴിയുന്ന കളിയുടെ പുഞ്ചിരി കണ്ടിട്ടും അവളിലെ ഭയം വിട്ടു മാറിയിട്ടില്ല.
എടി കൊച്ചേ……
പേടിച്ചരണ്ട പേടമാൻ മിഴികൾ ഉയർത്തി അവൾ കാളിയെ നോക്കി, കാളി കുഞ്ഞിനെ ചൂണ്ടി കൊണ്ട് അവളോടു പറഞ്ഞു.
ഇതിനെ എങ്ങനെ നോക്കണം എന്നെനിക്കറിയില്ല. നിനക്ക് ഇതിനെ ഇഷ്ടാന്ന് മനസിലായി. നോക്കൊ നീ ഇതിൻ്റെ കാര്യങ്ങൾ.