🖤രാവണത്രേയ 2🔥 [ മിഖായേൽ]

Posted by

ഹേമന്തേട്ടാ… ഒരുകാര്യം കൂടി പറയാനുണ്ട്…അഗ്നി.അഗ്നിയേട്ടൻ പറഞ്ഞൂ താഴേക്കൊന്ന് ചെല്ലണംന്ന്….

വേദ്യ ഒരു ഭയപ്പാടോടെ പറഞ്ഞതും രാവൺ അതിനൊന്ന് ഇരുത്തി മൂളി സമ്മതം പറഞ്ഞു…അവന്റെ മനസിൽ എന്തൊക്കെയോ ചിന്തകൾ കലങ്ങി മറിയുകയായിരുന്നു… അതുകൊണ്ട് തന്നെ വേദ്യ മുറിവിട്ട് പോയത് പോലും രാവൺ ശ്രദ്ധിച്ചില്ല….
ഞൊടിയിട നേരം കൊണ്ട് രാവണിന്റെ മനസ് കുറേ വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിച്ചു….നൂലു പൊട്ടിയ പട്ടം കണക്കേ ആ ഓർമ്മകൾ അവന്റെ മനസിനെ മഥിച്ചു കൊണ്ടിരുന്നു…..ആ ഓർമ്മകൾ ചെന്നു നിന്നത് കുറേ വർഷങ്ങൾ മുമ്പുള്ള പൂവള്ളിയിലെ തറവാട്ട് കുളത്തിലായിരുന്നു….അവന്റെ കാതിൽ ത്രേയയുടെ നിലവിളിയും അലർച്ചയും ഉയർന്നു കേട്ടു….

ത്രേയയുടെ അലർച്ച കേട്ട് തറവാട്ട് കുളത്തിലേക്ക് ഓടിപ്പാഞ്ഞു പോയ ആ ഇരുപത്തിരണ്ടുകാരനായ രാവണിനെ അവൻ ഓർത്തെടുത്തു…. തനിക്ക് മുന്നിൽ പരിഭ്രാന്തിയോടെ ഇരുന്ന ത്രേയയും വെള്ളക്കെട്ടിൽ ചലനമറ്റു കിടന്ന നിത്യയും ഒരു തിരശ്ശീലയിൽ എന്ന പോലെ അവന്റെ മനസിലേക്ക് തെളിഞ്ഞു വന്നു…. എല്ലാം കണ്ട് അമ്പരപ്പോടെയിരുന്ന ത്രേയയെ അവൻ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ മാത്രമാണ് ശ്രമിച്ചത്…..

പൂവള്ളി തറവാട് ഒന്നാകെ ആ ദുഃഖവാർത്ത അറിഞ്ഞ് നടുങ്ങിയപ്പോഴും ത്രേയ അവന്റെ നെഞ്ചോരം ചാഞ്ഞ് കരയുകയായിരുന്നു….എല്ലാറ്റിനും ഒടുവിൽ തെളിവെടുപ്പും സാക്ഷിമൊഴിയും രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോൾ മാത്രം ത്രേയ രാവണിന്റെ ശത്രുവായി മാറി…..അവനാ നിമിഷത്തെ ഒരിക്കൽ കൂടി മനസിലേക്ക് കൊണ്ടുവന്നു….

ത്രേയ…എന്താ ഉണ്ടായത്…നീ…നീ എന്തിനാ കരയുന്നേ…

ത്രേയയ്ക്കരികിലേക്ക് ഓടിപ്പാഞ്ഞെത്തിയ രാവൺ അവളെ ചേർത്ത് പിടിച്ചങ്ങനെ ചോദിച്ചതും അവളൊരു തരം പരിഭ്രമത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വച്ചു…. വീണ്ടും വീണ്ടും രാവണിന്റെ ചോദ്യങ്ങൾ ഉയർന്നതും ത്രേയ അവനിൽ നിന്നും മുഖമുയർത്തി വിറയാർന്ന വിരൽ ചൂണ്ടി ആ ദൃശ്യം അവന് കാട്ടി കൊടുത്തു…. വെള്ളക്കെട്ടിൽ ജീവനറ്റു കിടന്ന നിത്യയുടെ മുഖം കണ്ടതും രാവൺ ഒരടി പിറകോട്ട് നീങ്ങി… അവന്റെ കണ്ണുകൾ ഞെട്ടലോടെ വിടർന്നു…. ആദ്യത്തെ അമ്പരപ്പിൽ നിന്നും മുക്തി നേടി അവൻ നേരെ നിത്യയ്ക്കരികിലേക്ക് പാഞ്ഞു… വെള്ളത്തിൽ പൊങ്ങിക്കിടന്ന അവളുടെ ശരീരം പടിക്കെട്ടിലിരുന്ന് കൊണ്ട് അവൻ മടിയിലേക്ക് കയറ്റി വച്ചു…. അപ്പോഴും അതെല്ലാം കണ്ട് നടുക്കത്തോടെ നിൽക്ക്വായിരുന്നു ത്രേയ…

നിത്യേ….ഡീ…നിത്യേ…കണ്ണുതുറന്നേ..ഡീ…

അവൻ അവളുടെ കവിളിൽ തട്ടിയുണർത്താൻ ശ്രമിച്ചെങ്കിലും അതിന് ഫലം കണ്ടില്ല….വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരുന്ന നെറ്റിയിൽ ചെറിയൊരു മുറിവുണ്ടായിരുന്നു…. അവനതിലേക്ക് മെല്ലെയൊന്ന് വിരലോടിച്ചതും ത്രേയ അതെല്ലാം നോക്കി അവന് പിന്നിലായി ഭിത്തിയോട് ഊർന്നിറങ്ങി ഇരുന്നു….

അപ്പോഴേക്കും ഒരുവിധം എല്ലാ അംഗങ്ങളും കുളപ്പടവിലേക്ക് എത്തിയിരുന്നു…ഊർമ്മിളയുടേയും,വസുന്ധരയുടേയും കരച്ചിൽ അവിടെ മുഴങ്ങി കേട്ടു… എല്ലാം കണ്ട് പരിഭ്രമത്തോടെ നിന്ന വൈദേഹിയുടെ കണ്ണുകൾ ആദ്യം പാഞ്ഞത് ഭിത്തിയിൽ തലചായ്ച്ചിരുന്ന ത്രേയയിലേക്കായിരുന്നു….വൈദേഹിയുടെ കരങ്ങൾ അവളെ പൊതിഞ്ഞു പിടിച്ച് ആശ്വസിപ്പിക്കുമ്പോ വൈദിയും പ്രഭയും ചേർന്ന് നിത്യയെ കുളപ്പടവിലേക്ക് എടുത്ത് കിടത്തിയിരുന്നു… ഒരുപാട് സംശയങ്ങൾ എല്ലാ മനസിനേയും മഥിയ്ക്കുമ്പോഴും അതൊന്നും ആലോചിച്ച് നിൽക്കാതെ നിത്യയിലേക്ക് മാത്രമായി എല്ലാവരും ചുരുങ്ങി….

എന്താ ഉണ്ടായേ…എന്താ എന്റെ കുട്ടിയ്ക്ക് പറ്റിയേ….

Leave a Reply

Your email address will not be published. Required fields are marked *