പതിവ് പോലെ പൂവള്ളിയിലെ വിശാലമായ തറവാട്ട് കുളത്തിൽ കുളിയ്ക്കാനിറങ്ങിയ ത്രേയയെ വരവേറ്റത് ഭയാനകമായ ഒരു കാഴ്ചയായിരുന്നു….അവളുടെ അലർച്ചയിൽ പൂവള്ളിയൊന്നാകെ നടുങ്ങി…ത്രേയയുടെ നിലവിളിയും അലർച്ചയും കേട്ട് ആദ്യം കുളക്കരയിലേക്ക് ഓടിയടുത്തത് രാവണായിരുന്നു…..കുളത്തിന് ഒരു മൂലയ്ക്കായി വിറങ്ങലിച്ചിരുന്ന ത്രേയയിലേക്ക് അവൻ പാഞ്ഞടുത്തു….അവനെ കണ്ട മാത്രയിൽ തന്നെ അവളവന്റെ നെഞ്ചോരം മുഖം പൂഴ്ത്തി പരിഭ്രാന്തിയോടെ അവനെ ചുറ്റി വരിഞ്ഞു….
ത്രേയ…എന്താ…എന്തിനാ നീ കരഞ്ഞത്…???ത്രേയേ…ഡീ…
രാവണിന്റെ ചോദ്യം കേട്ട് ഒരു വിറയലോടെ അവളവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി…വിതുമ്പലോടും ഉള്ളിലടക്കിയ വിങ്ങലോടും ഭീതി നിറഞ്ഞ മിഴികളോടും അവളുടെ നോട്ടം കുളത്തിലേക്ക് പതിഞ്ഞു… ഒപ്പം വിറയാർന്ന വിരൽ നീട്ടി അവളാ കാഴ്ച അവന് കാട്ടി കൊടുത്തു….
രാവൺ… നോക്ക്…നി…. നിത്യ…. നിത്യ…
ത്രേയ വിക്കി വിക്കി പറയുന്നത് കേട്ട് രാവണിന്റെ നോട്ടം കുളത്തിലേക്ക് പാഞ്ഞു…വെള്ളക്കെട്ടിനു മുകളിലായി ജീവനറ്റു കിടക്കുന്ന നിത്യയുടെ ശവശരീരം കണ്ടതും രാവിണിന്റെ കണ്ണുകൾ ഞെട്ടലോടെ വിടർന്നു…
ദുരൂഹത നിറഞ്ഞ ആ മരണത്തിന് ശേഷം വേണുവിന്റെ ശവശരീരം റെയിൽവേ ട്രാക്കിൽ ചിതറിത്തെറിച്ചു കിടന്ന കാഴ്ച കൂടി ആയതും ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി പൂവള്ളിയെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു…..
വർഷങ്ങൾ പിന്നെയും ഒരുപാട് കടന്നു പോയിക്കൊണ്ടിരുന്നു…..പൂവള്ളിയിലെ സ്ഥിതി വിശേഷങ്ങൾ പാടെ മാറി തുടങ്ങി എന്നുവേണം പറയാൻ…..
ഹേമന്തേട്ടാ…എഴുന്നേറ്റേ എന്തുറക്കമാ ഇത്…???
ഒരു കപ്പ് കോഫി കൈയ്യിൽ കരുതി നിൽക്ക്വായിരുന്നു വേദ്യ…അവനെ ബെഡിൽ നിന്നും കുത്തിപ്പൊക്കാനായി അവള് കിണഞ്ഞു പരിശ്രമിച്ചു….കോഫി കപ്പ് ടേബിളിലേക്ക് വച്ച് അവളും ആ ബെഡിലേക്ക് നുഴഞ്ഞു കയറി രാവണിന് തൊട്ടരികിലായി മുട്ടുകാലൂന്നി ഇരുന്നു…
ഹേമന്തേട്ടാ.. എഴുന്നേറ്റേ….??
വേദ്യേടെ നിർബന്ധം മുറുകിയതും രാവൺ മനസില്ലാ മനസോടും ഉറക്കച്ചടവോടും കണ്ണ് വലിച്ചു തുറന്നു…. അവന്റെ കണ്ണുകളിൽ നല്ല ക്ഷീണം തെളിഞ്ഞു നിന്നു…. ബെഡ്ഷീറ്റ് മാറ്റി പതിയെ അവനാ ബെഡിലേക്ക് എഴുന്നേറ്റിരുന്നു… വർഷങ്ങൾ ഒരുപാട് കടന്നു പോയതിന്റെ മാറ്റം രാവണിന്റെയും,വേദ്യയുടേയും മുഖത്ത് കാണാൻ കഴിയുമായിരുന്നു….
എന്താടീ ഇത്ര രാവിലെ…???
ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി രാവണത് ചോദിച്ചതും വേദ്യ ടേബിളിൽ ഇരുന്ന കോഫിയെടുത്ത് അവന് നേരെ നീട്ടി…
ദാ…ഇത് കുടിയ്ക്ക്…ഞാനിത് തരാൻ വന്നതാ…സാറിന്നലെ നാലു കാലില്ലേ ഇവിടേക്ക് വന്നു കയറിയത്…. അതിന്റെ കെട്ട് വിടാൻ ഇത് ബെസ്റ്റാ….
വേദ്യ നീട്ടി പിടിച്ചു നിന്ന കോഫി പതിയെ ഒന്ന് തട്ടിമാറ്റി രാവൺ ബെഡിൽ നിന്നും എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു…
ഹേമന്തേട്ടാ…അഗ്നി എത്തിയിട്ടുണ്ട്… വെളുപ്പിനാ ഇവിടെ ലാന്റായത്…ആദ്യം തിരക്കിയത് ഹേമന്തേട്ടനെയാ….ഫ്രഷായി താഴേക്ക് ഒന്ന് വന്നേക്ക് ട്ടോ…
ഒരു കൈക്കുമ്പിൾ വെള്ളം മുഖത്തേക്കൊഴിച്ച് തലേന്നത്തെ ക്ഷീണം മുഖത്ത് നിന്നും മായ്ച്ചു കളഞ്ഞു നിൽക്കുമ്പോഴായിരുന്നു അവളുടെ ആ പറച്ചിൽ…. അതുകേട്ട് രാവൺ എന്തോ ഓർത്തെന്ന പോലെ കുറേ നേരം അങ്ങനെ നിന്നു… പിന്നെ ഓർമ്മകളുടെ ലോകത്ത് നിന്നും മനസിനെ തിരികെ എത്തിച്ച് മുഖമൊന്ന് ഉഴിഞ്ഞ് തുടച്ചു കൊണ്ട് റൂമിലേക്ക് തിരികെ വന്നു…. ഷെൽഫിൽ നിന്നും ഒരു ടൗവ്വലെടുത്ത് മുഖം തുടച്ചു കൊണ്ട് വേദ്യയിൽ നിന്നും കോഫി വാങ്ങി ഒരു കവിൾ കുടിച്ചു… അപ്പോഴേക്കും വേദ്യ അവനടുത്തായ് ചെന്നു നിന്നു…