” നീ ഉച്ചക്ക് മീൻ കറിയാണോ കൂട്ടിയത് …?”
ഞാൻ മറുചോദ്യം ചോദിച്ചപ്പോൾ അമ്പരന്ന അവൾ ഒരു നിമിഷം പുറംകൈയിലേക്ക് വാ കൊണ്ട് ശ്വാസം വിട്ടു വാസനയുണ്ടോ എന്ന് നോക്കി…ഞാൻ ചിരിച്ചപ്പോളാണ് ആക്കിയതാണെന്നു മനസിലായത് ….അവൾക്കു മുഖം ചുവന്നു പെട്ടെന്ന് ഭാവം ദേഷ്യമായി മാറി…മുഖം എന്നിൽ നിന്നും വെട്ടിച്ചുകൊണ്ട് കുറച്ചു നീങ്ങിയിരുന്നു ….ഞാൻ വിട്ടില്ല , അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു ….ചുറ്റും കണ്ണോടിച്ചപ്പോൾ ഒന്ന് രണ്ടുപേർ ശ്രദ്ധിക്കുന്നുണ്ട് , എന്തോ അതൊന്നും ശ്രദ്ധിക്കാൻ എനിക്ക് തോന്നിയില്ല …അമ്മമാരും ബാക്കിയുള്ളവരും എല്ലാം മുടിഞ്ഞ സംസാരത്തിലാണ്…..സന്ധ്യ മാഞ്ഞു ഇരുട്ട് വീണുതുടങ്ങി , ദീപങ്ങളുടെയും കുറച്ചകലെ മെയിൻ മതിലിൽ മിന്നിത്തിളങ്ങുന്ന ലൈറ്റുകളുടെയും വെളിച്ചം ഞങ്ങളിരിക്കുന്നതിന്റെയും മെയിൻ മതിലിന്റെയും ഇടയിലുള്ള നടപ്പാത വ്യക്തമാക്കി കാണുമെങ്കിലും ഇരിക്കുന്നിടത്തെ അത്രയ്ക്ക് വ്യക്തമാക്കിയില്ല , അത് എനിക്ക് സൗകര്യമായി …വായ്നോട്ടകാരും സദാചാരക്കാരും കുറഞ്ഞു ..ഇനി അടുത്തത് ശീവേലിയാണ് ,അത് കാണാൻ വേണ്ടി ഒരു വിധമെല്ലാരും ഓരോ ഭാഗത്തായി ഇരുപ്പ് തുടങ്ങിയിട്ടുണ്ട് …..ഞാൻ വീണ്ടും അമ്മുവിനെ നോക്കി ,
” ഞാൻ ഇതൊന്നും തമാശക്ക് പറഞ്ഞതല്ല ഏട്ടാ ….പ്രേമിക്കണ്ടാന്നു ആദ്യം മനസിലുറപ്പിച്ച എനിക്ക് ഓരോ ദിവസം കഴിയുന്തോറും അത് സാധിക്കാതെ വരുന്നൊരു അവസ്ഥേലാണ്….ഏട്ടനെ എപ്പഴും കാണാൻ, ഏട്ടന്റെ സൌണ്ട് എപ്പളും കേക്കാൻ തോന്നും , ഏട്ടൻ മിണ്ടാതെ പോകുമ്പോ എന്റെ നെഞ്ച് പൊടിയും….അന്ന് ഏട്ടൻ ന്റെ നെഞ്ചിലേക്ക് നോക്കിയപ്പോ എനിക്ക് ബോധം കെടുംന്നു തോന്നിപ്പോയി , അതാ ഞാൻ വേഗം എണീറ്റ് നിന്നത്…….ഏട്ടനറിയോ ഓരോ ദിവസോം ,ഓരോ മണിക്കൂറിലും , ഓരോ മിനിട്ടും ,ഓരോ സെക്കന്റിലും കൂടുതൽ കൂടുതൽ സ്നേഹിച്ചോണ്ടിരിക്കുവാ ഞാൻ …ഇഷ്ടം കൂടി കൂടി ഹൃദയം പൊട്ടിപോകുമോ എന്നൊക്കെ തോന്നിപ്പോകും ….ഇത്രക്കൊക്കെ സ്നേഹിച്ചും സഹിച്ചും അത്രേം കാലം കഴിഞ്ഞു അമ്മക്ക് എന്നെ ഇഷ്ടായില്ലെങ്കിൽ………………പേടിയാണ് ഏട്ടാ എനിക്ക് ….. ഏട്ടനെ …………ഏട്ടനെ അന്ന് നഷ്ടപ്പെടുന്നതിനേക്കാൾ ഇപ്പൊ മറക്കാനാണ് എളുപ്പം …..”
ദൈന്യതയോടെ അവളതു പറഞ്ഞുതീർത്തപ്പോൾ എനിക്ക് കെട്ടിപിടിച്ചു ഒരുമ്മ കൊടുത്ത്” ഇതാ ഇതാണെന്റെ പെണ്ണ് “എന്ന് ഈ ലോകത്തോട് ഉറക്കെപറയണം എന്ന് തോന്നിപ്പോയി …..എന്നും എന്റെ complex ആയിരുന്ന എന്റെ രൂപമോ , നിറമോ , സമ്പത്തോ ഒന്നും അവൾക്കൊരു പ്രശ്നമല്ല , വൈകല്യമുള്ള അവളെ എന്റെ അമ്മക്ക് സ്വീകരിക്കാൻ സാധിക്കുമോ എന്നതാണ് അവളുടെ പ്രശ്നം …..എന്റെ മനസ് നിറഞ്ഞു ….ഇവളെപ്പോലൊരു പെണ്ണിനെ സ്നേഹിക്കാൻ തോന്നിയതിന് മനസ്സിൽ ദൈവത്തോട് നന്ദി പറഞ്ഞു…
” അമ്മുട്ട്യേ …..”
” പറയു ഏട്ടാ …”
” നിത്യ എന്തെങ്കിലും പറഞ്ഞിരുന്നോ ….അമ്മയെ കുറിച്ച് …..?? ”
ഞാൻ ചോദിച്ചപ്പോൾ അവൾ തലതാഴ്ത്തി …ശാന്തിചേച്ചി പറഞ്ഞ രഹസ്യം നിത്യ ഇവളോടും പറഞ്ഞിട്ടുണ്ടെന്നു എനിക്ക് മനസിലായി …..അന്ന് വേറാരും അറിയണ്ടാന്നു നിത്യയോട് പറഞ്ഞാൽ മതിയാരുന്നു …കോപ്പ് ..!!ഞാൻ അവളുടെ തുടയിൽ കൈവെച്ചു ഒരു മനോബലം കിട്ടാൻ വേണ്ടിയെന്നോണം അള്ളിപ്പിടിച്ചു ………..
” നിന്നെപോലെ ഒരു കുട്ടിയെ വേണ്ടാന്ന് പറയാൻ മാത്രം മനസിന് വൈകല്യമുള്ള ഒരാളല്ല എന്റെ അം ………അല്ല നമ്മുടെ അമ്മ ……നമുക്ക് മുൻപിൽ കുറേ സമയമുണ്ട് , എല്ലാം പറയാനും ,നിന്നെ അടുത്തറിയാനും എല്ലാം അമ്മക്കും സമയം കിട്ടും …..അല്ലെങ്കിൽ അതിനുള്ള അവസരം നമ്മളുണ്ടാക്കും ….നിനക്കറിയുമോ എന്നെ എന്താണ് നിന്നിലേക്കാകർഷിച്ച കാരണം എന്ന് …??
ഞാൻ ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന അർത്ഥത്തിൽ ചുമൽ കൂച്ചികാണിച്ചു…