കിനാവ് പോലെ 7 [Fireblade]

Posted by

ഒരു ചിത്രം കൂടി വരാക്കാനുണ്ട് , ഒരുപക്ഷേ എന്റെ മനസിനെ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അവസ്ഥയിൽ നിർത്തിയ ഒരു മനോഹര നിമിഷത്തെ ഈ ബുക്കിൽ ഒന്ന് വരക്കണം എന്ന് വല്ലാത്തൊരു ആഗ്രഹം…രാത്രി ഒരുപാട് വൈകിയെന്നും , നാളെ നേരത്തെ ഉണരണം എന്നൊക്കെ മനസിലുണ്ട് , പക്ഷെ ഇന്നു ഇത് പകർത്താതെ ഉറക്കം കിട്ടില്ലെന്ന് എന്തോ ഒരു തോന്നൽ…

പിന്നെ കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല…ബുക്കെടുത്തു , പേസ്റ്റ് ചാലിക്കാൻ വെള്ളവും കളർ മിക്സ് ചെയ്യുന്ന മാര്ബിളും റെഡിയാക്കി…പെൻസിൽ കൊണ്ട് outline ഇട്ടു …കുറെയേറെ തിരുത്തലും മായ്ക്കലിനും ശേഷം എനിക്ക് കുറച്ചെങ്കിലും ok എന്ന് തോന്നിയ ഒരു രൂപമായി….നീട്ടിയ ഒരു കയ്യിൽ മുറുകെപിടിച്ച് അവസാന പടിയിറങ്ങുന്ന ഒരു പെൺകുട്ടിയുടെയും അവളെ പ്രതീക്ഷയോടെ നോക്കിനിൽക്കുന്ന ആ നീട്ടിയ കയ്യിന്റെ ഉടമയായ ആണ്കുട്ടിയുടെയും ചിത്രം ….അവര്ക്ക് മുകളിൽ പൂര്ണരൂപത്തിൽ പ്രകാശിക്കുന്ന ചന്ദ്രനും …ഈ ചിത്രം മുഴുവനാക്കണമെന്നത് എന്റെ ആഗ്രഹമാണ് , വേറൊന്നും കൊണ്ടല്ല ആ ചിത്രത്തെ പൂർണമാക്കി , മനസ്സിൽ സൂക്ഷിച്ചശേഷം വേണം നാളെ മുതൽ എനിക്ക് പഴയ ഞാനാവാൻ …ചെറിയ മാറ്റങ്ങളോട് കൂടിയ
ഞാൻ …

 

രൂപം ഏതാണ്ട് ശെരിയായെന്നു തോന്നിയ ശേഷം കളർ ചാലിച്ചു …ഡാർക്ക്‌ നീലയും ബ്ലാക്കും ചേർത്തുവെച്ചു ഷെയ്ഡ് ഇട്ടു മെല്ലെ മെല്ലെ തുടങ്ങി ….ഉള്ളിലുള്ള ആ രംഗത്തിന്റെ ഏകദേശ രൂപം പേജിലേക്ക് പകർത്തി …..ഓരോന്നായി മനസ്സിൽ നിന്നും പകർത്തുന്ന നിമിഷങ്ങളിൽ ഹൃദയം വല്ലാതെ പെരുമ്പറകൊട്ടികൊണ്ടിരുന്നു …എന്നത്തേയും പോലെ ഭാവങ്ങൾ ശെരിയായി പകർത്താൻ കഴിഞ്ഞില്ലെങ്കിലും ഞാൻ സന്തോഷവാനായിരുന്നു ,വേറൊന്നുമല്ല ഇതുവരെ പൂർണമാകാത്ത, എന്നെങ്കിലും പൂര്ണമാവുമോ എന്നുപോലും അറിയാത്തൊരു സമസ്യയാണ് ഇതെല്ലാം…

വരച്ചു വരച്ചു എത്ര സമയമായെന്ന് നോക്കാൻ പോയില്ല, ഏറെക്കുറെ എന്റെ മനസ് നിറഞ്ഞെന്നു തോന്നിയപ്പോൾ ഒന്നും എടുത്തുവെക്കാൻ പോലുംനിൽക്കാതെ എപ്പഴോ കൈ കഴുകി ഞാൻ അങ്ങനെ ബെഡിലേക്ക് ചെരിഞ്ഞു …ആദ്യമായിട്ടായിരുന്നു അങ്ങനൊരു പരാക്രമം ഞാൻ നടത്തുന്നത് …

രാവിലെ പതിവ് സമയത്ത് അലാറം അടിച്ചപ്പോൾ എന്നെകൊണ്ട്‌ എണീക്കാൻ സാധിക്കുന്നില്ലായിരുന്നു…കണ്ണിനു മുകളിൽ വല്ലാത്ത ഭാരം ….മുറിയിൽ കേറരുതെന്നു അമ്മയോട് താകീത് ചെയ്തു ഒരുവിധത്തിൽ എണീറ്റു ഞാൻ പ്രാഥമിക കർമങ്ങൾ തീർത്തു പഴങ്കഞ്ഞിയും കേറ്റി ഇറങ്ങി , കുറച്ചു ദിവസത്തെ ക്ഷീണം തീര്ക്കാൻ ഉള്ളതുകൊണ്ട് ആയാസം നിറഞ്ഞ അവസ്ഥയായിരുന്നു മൊത്തം….അതുകൊണ്ടുതന്നെ അമ്മുവിൻറെ വീട്ടിൽ സാധാരണയെക്കാളും ലേറ്റ് ആയാണ് എത്തിയത് ….ചെല്ലുമ്പോൾ അവൾ ഉമ്മറമുറ്റം അടിച്ചുവാരിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു…സൈക്കിൾ ബെൽ കേട്ടപ്പോൾ സന്തോഷത്തോടെ തിരിഞ്ഞ് ചിരിച്ചു , ഞാൻ തിരികെയും ചിരിച്ചു …കാരണവരോടും ചിരിച്ചെന്നല്ലാതെ കൂടുതൽ സംസാരത്തിനൊന്നും നിന്നില്ല …പോരുമ്പോൾ ഞാനെന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിലാണ് അവൾ എന്നെനിക്കു തോന്നി , അത് തെറ്റിച്ചു ഞാൻ പോന്നത് അവളെ ഇത്തിരി വിഷമിപ്പിച്ചെന്നു കണ്ണാടിയിൽ കാണാവുന്ന രൂപം പറഞ്ഞുതന്നു ….സാരമില്ല , ഈ വേദന ഒരിക്കൽ മധുരമാകും എന്നൊരു ആശ്വാസത്തിൽ ഞാൻ ജോലി തുടർന്നു ..പത്രമിടൽ കഴിഞ്ഞപ്പോളേക്കും എന്റെ അവസ്ഥ പരിതാപകരമായ സ്ഥിതിയിലെത്തി …അവസാനം കോളേജിൽ പോവാതെ റെസ്റ്റെടുക്കാമെന്നു തിരുമാനിക്കേണ്ടി വന്നു…വീട്ടിൽ പോവുന്നതിനു മുൻപ് ശബരിയോടും കേറി കാര്യം പറഞ്ഞു , മൂപർക്കും സമ്മതം തന്നെ .!!

Leave a Reply

Your email address will not be published. Required fields are marked *