കിനാവ് പോലെ 7 [Fireblade]

Posted by

നിര്ബന്ധമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്നേക്കാൾ കൂടുതൽ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നത് അവളാണെന്നു എനിക്ക് തോന്നിതുടങ്ങിയിട്ടുണ്ട് ….പല സമയത്തും അവളുടെ ചലനങ്ങൾ അത് വിളിച്ചോതി…….അവളെ നേരാവണ്ണം ഒന്ന് ശ്രദ്ധിച്ചാൽ അവളുടെ അമ്മയ്ക്കും ഇതെല്ലാം തോന്നിത്തുടങ്ങുമോ എന്നാണ് ഇനി പേടിക്കേണ്ടത് …അമ്മമാർക്ക് മക്കളുടെ ചലനങ്ങൾ വേഗത്തിൽ അറിയാമല്ലോ …

ഞാൻ മുറ്റത്തിറങ്ങി വാ കഴുകി , സൈക്കിൾ എടുത്ത്‌ പോന്നു …
തിരികെ പോരുമ്പോൾ ഞാൻ ആലോചിച്ചത് അമ്മുവിനെയും ചേച്ചിയെയും ആയിരുന്നു ..
അവളോട്‌ ഞാൻ പറഞ്ഞ സംഗതി സത്യമാണ് , രണ്ടാൾക്കും രണ്ടു ഭംഗി തന്നെ ആയിരുന്നു…..ഇനിയിപ്പോ ഒന്ന്കൂടി നോക്കിയാൽ അമ്മു നാടൻഭംഗിയുള്ള ഒരു മനുഷ്യസ്ത്രീ ആണെങ്കിൽ കാവ്യ ഒരു യക്ഷിസൗന്ദര്യത്തിനു ഉടമയായിരുന്നു….അവരുടെ അമ്മയുടെ മുഖച്ഛായ രണ്ടുപേർക്കും തോന്നുമെങ്കിലും തമ്മിൽ തമ്മിൽ വലിയ സാമ്യമില്ല എന്നുള്ളത് മറ്റൊരു കാര്യം…..ഇനിയിപ്പോ വേറൊന്നുകൂടി ബാക്കിയുണ്ടല്ലോ അതെങ്ങനെ ആണോ എന്തോ ….ഊഹംവെച്ചു നോക്കുമ്പോൾ അതുമൊരു സുന്ദരിക്കുട്ടി ആവാനാണ് സാധ്യത ……എന്റെയൊരു കാര്യം , എന്നെങ്കിലും ഒരിക്കൽ ഒന്നാവാനുള്ള കുട്ടിയുടെ ചേച്ചിമാരെപ്പറ്റിയാണല്ലോ ഞാനീ ചിന്തിക്കുന്നത് ….!!

 

ഞാൻ ബാക്കി ജോലി പെട്ടെന്ന് തീർത്തു ….ചെന്നു റെഡിയായി പുത്തൻ വേഷം ധരിച്ചു ഓളത്തിൽ പങ്കുചേർന്നു …….തല്ലുപിടിച്ചും , കളിയാക്കിയും , സദ്യ ഉണ്ടും ,ലുഡോ കളിച്ചും ഞങ്ങൾ തിരുവോണം തകർത്തു …കെട്ടിപിടിച്ചു ഉറങ്ങി വൈകീട്ട് ബൈക്കെടുത്തു കുളത്തിൽ പോയി കുളിച്ചും ആൽത്തറയിൽ ഇരുന്നും ബാക്കി സമയവും ചിലവഴിച്ചു …

ഇതിനോടൊപ്പം തന്നേ പഠിക്കാനുള്ളത് കുറേശ്ശെ ഒന്നിച്ചിരുന്നു ഞങ്ങൾ പഠിക്കാനും തുടങ്ങി …എല്ലാ ക്ലാസുകൾക്കും ഷോര്ട്ട് നോട്ട് ഉണ്ടാക്കി പഠിക്കുന്നത് പഠനം കുറച്ചുകൂടി എളുപ്പമാക്കി …..ആ ബുദ്ധി പറഞ്ഞുതന്നത് ഉദയൻ സാർ ആയിരുന്നു …

 

ഓണം കഴിഞ്ഞു കോളേജ് തുറക്കുന്നതിനു മുൻപ് ഒരുദിവസം ഞാനും ശബരിയും കൂടി ഉദയൻ സാറിന്റെ വീട്ടിൽ പോയി …കോളേജിൽ നിന്നും മറ്റൊരു വഴിയായിരുന്നു ..ഞങ്ങൾക്ക് വീട്ടിൽ നിന്നും 20 കിമി ദൂരം ഉണ്ടായിരുന്നു…ചെന്നപ്പോൾ പുള്ളി ഭാര്യയോടൊത്തു പറമ്പിൽ കിളച്ചുകൊണ്ടിരിക്കുകയാണ് …കുറച്ചു സമയം അവിടെ പുള്ളിയുടെ കൂടെ പറമ്പിൽ തന്നേ ചിലവഴിച്ചു ….പിന്നെ ഉള്ളിൽ പോയി ..അതൊരു ലോകമായിരുന്നു …വായനയുടെ , സംഗീതത്തിന്റെ ……

 

അവിടെവെച്ചാണ് ആദ്യമായി ഞാൻ ഗസൽ എന്ന മാന്ത്രിക ഗാനങ്ങളെപറ്റി കൂടുതൽ അറിയുന്നത്……പങ്കജ് ഉദാസ് , ചിത്ര സിംഗ് , ജഗ്ജിത് സിംഗ് , തുടങ്ങി എനിക്ക് പേരറിയാത്ത എത്രയോ മാന്ത്രികന്മാരുടെ ശബ്ദം ….അന്ന് എനിക്ക് വേണ്ടി സാറിന്റെ റൂമിൽ എത്രയോ സമയം ഒരുപാട് ഗസലുകൾ മുഴങ്ങിക്കൊണ്ടിരുന്നു ….ഓരോന്നായി കേട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ മനസികാവസ്ഥക്ക് ചേരുന്നതു ഗസൽ ആണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു …..

” നല്ല മഴയുള്ള രാത്രിയിൽ ഒരു മെഴുതിരിയുടെ വെട്ടം മാത്രമുള്ള മുറിയിൽ ഇവരുടെ ഈ ഗസലും കേട്ട് ഏകാന്തമായി ഒരു ചാരുകസേരയിൽ ചാരികിടന്നു മയങ്ങുന്ന സുഖം വർണിക്കാൻ കഴിയില്ല മനൂ …..അത് ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നാണ്….”

അത് പറയുമ്പോൾ അങ്ങേരുടെ കണ്ണുകളിൽ നിറഞ്ഞ ആനന്ദം ആ അവസ്ഥയുടെ വ്യാപ്തി എനിക്ക് മനസിലാക്കി തന്നു ….എന്നെങ്കിലും അങ്ങനൊരു ഭാഗ്യം എനിക്കും അനുഭവിക്കണം , ഇതുപോലെ അനേകമനേകം പുസ്തകങ്ങളുടെ ലോകത്ത് എനിക്കായി മാത്രമുള്ളൊരു ചാരുകസേരയും …

Leave a Reply

Your email address will not be published. Required fields are marked *