പൂരാടത്തിന്റെ അന്ന് അവളുടെ വീട്ടിൽ പോയപ്പോൾ അച്ഛൻ പിടിച്ചു നിർത്തി …അമ്മു പൂവിട്ടു തീരാനായിട്ടുണ്ട് ..ഇടക്ക് അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പൂവിടലിൽ തന്നെ ശ്രദ്ധിച്ചു ..
” തിരുവോണത്തിന്റെ അന്ന് ഇവിടേക്ക് വരാൻ പറ്റുമോ കുട്ടിക്ക് …??ഊണ് ഇവിടുന്നാക്കാം ….ഞങ്ങക്ക് ഇവൾടെ മൂത്ത രണ്ടു കുട്ടികൾ കൂടി ഉണ്ട് , അവരും വരുന്നുണ്ട് …..”
കാരണവർ വളരെ സന്തോഷത്തിലാണ് ക്ഷണിക്കുന്നത് ….ചിലപ്പോൾ മക്കളെ കാണാലോ എന്നുള്ളതിന്റെ സന്തോഷമാകും ….
” അയ്യോ ….!! ഒന്നും തോന്നരുത് , ഭക്ഷണം അമ്മയോടൊപ്പമേ അന്ന് നടക്കൂ…തിരുവോണമല്ലേ , അല്ലേങ്കിപ്പിന്നെ അതുമതി …..”
ഞാനെന്റെ നിസ്സഹായാവസ്‌ഥ വെളിവാക്കി …വെറുതെ വരാന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ ..
” ന്നാ പറ്റുമെങ്കിൽ വരൂ , പറ്റുന്ന സമയത്ത് പറ്റുന്നപോലെ …..അല്ലെങ്കിൽ കുറച്ചു ദിവസം കഴിഞ്ഞാൽ എന്റെ പിറന്നാൾ വരുന്നുണ്ട് ..അതിനു കൂടാം ….തിരുവോണമായതുകൊണ്ടു ഒന്നും പറയാൻ പറ്റില്ലല്ലോ ….”
പുള്ളി പറഞ്ഞപ്പോൾ ഞാൻ തലയാട്ടി സമ്മതിച്ചു …പിന്നെ യാത്ര പറഞ്ഞിറങ്ങി …..അമ്മുവിനോട് നൈസായി ഒന്ന് കണ്ണടിച്ചുകാണിച്ചു തിരിച്ചു പോന്നു ….കഴിയുന്നത്ര വേഗത്തിൽ ബാക്കിയുള്ളത് വിതരണം ചെയ്തശേഷം വീട്ടിൽ പോയി ….
ആ രണ്ടു ദിവസം ശെരിക്കും ഉത്സവമായിരുന്നു ….ഇടക്ക് വെച്ചു ഞങ്ങൾ ഊഞ്ഞാലിട്ടു , പിന്നെ കുറേ സമയം ഓരോ അഭ്യാസവുമായി അതിൽത്തന്നെ ആയിരുന്നു …സദ്യയും , ഊഞ്ഞാലും , ഓരോ കളികളും വറുത്ത ഉപ്പേരി തിന്നും അര്മാദത്തോടു അർമാദം ….ഞാൻ ഉള്ള പൈസയിൽ നിന്നു അമ്മയ്ക്കും മഞ്ജിമക്കും അഞ്ജുവിനും ഓരോ ഡ്രസ്സ് എടുത്തു ….അങ്കിളിനു ബാക്കികൊടുക്കാനുണ്ടായ പൈസയും നിർബന്ധിച്ചു ഏൽപ്പിച്ചു …..എനിക്ക് അമ്മയുടെ വകയും , അങ്കിളിന്റെ വകയും പതിവ് പോലെ ഉണ്ടായി , ശിവേട്ടൻ ഉത്രാടരാത്രി എന്നെ വിളിച്ചു 1000 രൂപ ഓണം അലവൻസ് ആണെന്നും പറഞ്ഞു തന്നു …എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ ദിനങ്ങൾ , ഞാൻ ജോലിയെടുത്ത പൈസ കൊണ്ട് വാങ്ങിയതുകൊണ്ടോ എന്തോ ഓണക്കോടി കൊടുക്കുമ്പോൾ എനിക്കും വാങ്ങുമ്പോൾ അവര്ക്കും വല്ലാത്ത ഫീൽ ആയിരുന്നു ….
പിറ്റേന്ന് തിരുവോണദിനം , എല്ലാ വീട്ടിലും പറന്നു പോയി പത്രമിട്ടു…അമ്മുവിനെ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു ….അവളെ അവളുടെ ഓണക്കോടിയിട്ട് കാണാൻ സാധിക്കണേ എന്നായിരുന്നു പ്രാർഥന മുഴുവൻ….