” എന്നാൽ മനുവേട്ടൻ അമ്മുവിനെ ഒഴിവാക്ക് , ന്നിട്ട് ന്നെ കെട്ടിക്കോ …അപ്പൊ ആ ഭാഗ്യം മനുവേട്ടന് കിട്ടൂലെ .. അതെങ്ങിനുണ്ട് …??? ”
അവൾ നാവ് കടിച്ചു ചിരിച്ചുകൊണ്ട് പുരികം രണ്ടും പൊക്കി ഇതും പറഞ്ഞു സ്പോട്ടിൽ എനിക്കിട്ടു വെച്ചു …ശബരി പൊട്ടിച്ചിരിച്ചു ….
” അയ്യോ…! വേണ്ട പൊന്നേ ….എനിക്ക് നിന്നെയൊന്നും കിട്ടാനുള്ള ഭാഗ്യമില്ല , നമുക്ക് ആ അമ്മുവൊക്കെ മതി , അതിനുള്ളതേ ഞാനുള്ളു …”
ഞാനും വിട്ടുകൊടുത്തില്ല , നിത്യ ചമ്മി ഇളിച്ചു കാണിച്ചു … ശബരി വീണ്ടും പൊട്ടിച്ചിരിച്ചു , എന്നെ അഭിനന്ദിച്ചുകൊണ്ടു തോളത്ത് തട്ടി….
” നീ വേണേൽ ഇവനെ കെട്ടിക്കോ….അപ്പളും നീ ഉണ്ടാക്കുന്നത് കഴിക്കാൻ എനിക്ക് ഭാഗ്യമുണ്ടാകുമല്ലോ …”
ഞാൻ വീണ്ടും ഒരു അസ്ത്രം കൂടി എയ്തു…അതും കേട്ടുകൊണ്ടാണ് ശാന്തിചേച്ചി വന്നത് ..പുള്ളിക്കാരിയും ചിരിച്ചു വന്നു ചോദിച്ചു ….
” അത് ശെരി , ഇവളുടെ കല്യാണമാണോ ഇന്നത്തെ വിഷയം …? ”
ഞങ്ങൾ അമ്മുവിൻറെ പേര് വരാതെ കാര്യം അവതരിപ്പിച്ചു …വീണ്ടും ഒരിക്കൽക്കൂടി എല്ലാരും പൊട്ടിച്ചിരിച്ചു ….
ശബരി നിത്യയെ ഇടതുകൈ കൊണ്ട് തോളിലൂടെ കയ്യിട്ടു ചേർത്തുപിടിച്ചു ഞങ്ങളോടായി ചോദിച്ചു …
” എങ്ങനുണ്ട് ..ചേർച്ചയുണ്ടോ ന്ന് നോക്കിക്കേ …..ഇതൊക്കെ കഴിഞ്ഞല്ലേ ഫുഡിന്റ കാര്യം നോക്കാനുള്ളു …”
അവൻ ഞങ്ങൾ 2 പേരോടും കൂടി ചോദിച്ചു , ഒരു നിമിഷം ഞാൻ ഇത് സീരിയസ് ആണോ വെറുതെയാണോ എന്ന ഡൗട്ടിൽ അവരെ മാറി മാറി നോക്കി ….പ്രതീക്ഷിക്കാത്ത പ്രവർത്തി ആയതുകൊണ്ട് നിത്യ നാണംകൊണ്ടു ഇത്തിരി ചുവന്നു …..അത് പുറത്തുകാണിക്കാതെ ഞാൻ സൂപ്പർ എന്ന് കൈ കാണിച്ചു…
” പെർഫെക്റ്റ് മാച്ച് മക്കളെ …..എന്താപ്പോ പറയാ , ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് ന്നൊക്കെ പറയുന്നപോലെ …..”
ഞാൻ സ്പോട്ടിൽ അടുത്തതും കൊടുത്തു ..ശാന്തിചെച്ചി കാട്ടിക്കൂട്ടലെല്ലാം ആസ്വദിച്ചു ചിരിച്ചു പിന്നെ പറഞ്ഞു …..
” സാധാരണ മനുവിനേം ശബരിയേം നോക്കിയാണ് ബാക്കിയുള്ളവർ ഇത് പറയാറുള്ളത് …അല്ലെടീ മോളെ ….??? ”
അടുത്ത ഗോൾ ഞങ്ങടെ പോസ്റ്റിൽ , അതും ഞാൻ കൊടുത്ത പാസിൽ സെൽഫ് ഗോൾ വന്ന അവസ്ഥയായി….ശബരി അത് ശ്രദ്ധിക്കുന്നില്ലായിരുന്നു ,അവൻ നിത്യയെ നോക്കി..
” ഒരു അഞ്ചാറു കൊല്ലം കഴിഞ്ഞാൽ ഇതിനെ എനിക്ക് തരുമോ ചേച്ചീ …?? ”
ശബരി അവളെ അതുപോലെ ചേര്ത്തുപിടിച്ചു ശാന്തിചേച്ചിയോട് ചോദിച്ചു…അത് കേട്ടു ഞങ്ങൾ മൂന്നും ഒരുപോലെ ഞെട്ടി……നിത്യ പെട്ടെന്ന് പിടഞ്ഞുമാറി തിണ്ണയിലിരുന്നു .. പക്ഷെ അപ്പോളും ശബരിയുടെ മുഖത്തെ ചിരി മാഞ്ഞില്ല….
” എന്താ ഒന്നും പറയാത്തത് ..? പൊന്നു പോലെ നോക്കിക്കോളാമെന്നൊന്നും പറയില്ല , ഞങ്ങളൊക്കെ ജീവിക്കുന്നപോലെ അവളും ജീവിക്കും …”
അവൻ അവളെ ഇടക്ക് നോക്കികൊണ്ടാണ് ചേച്ചിയോടത് പറഞ്ഞത് …..ചേച്ചീ പരുങ്ങലിലായി …അവളെയും എന്നെയും നോക്കി വാക്കുകൾക്ക് പരതി….
” അതിപ്പോ …..ഇങ്ങനെ ചോയ്ച്ചാൽ……” ചേച്ചീ ശബ്ദമൊന്നു മുരടനക്കി ശെരിയാക്കി , ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് തുടർന്നു …
” ഇതേ ചോദ്യം കുറേ മുൻപ് ഞാൻ കേട്ടിട്ടുള്ളത് ഇവന്റെ അമ്മയുടെ അടുത്തുനിന്നാണ് …ഇവൾ വലുതാകുമ്പോ മനുവിന് കൊടുക്കണം ന്ന്…ആ വാക്ക് മാറാൻ എനിക്ക് പറ്റൂല മോനെ , സ്വന്തമല്ലെങ്കിലും അവളെന്റെ കൂടപ്പിറപ്പ് തന്നെയാണ്…”
ചേച്ചീ അത് പറഞ്ഞപ്പോൾ ഇത്തവണ ഞെട്ടിയത് ഞങ്ങൾ മൂന്നുമായിരുന്നു…..ഞാൻ നിത്യയെ നോക്കിയപ്പോൾ അവളാകെ ചോരവാർന്ന മുഖവുമായി ഷോക്കടിച്ചപ്പോലെ ചുമരും ചാരിയിരിക്കുന്നുണ്ട്…ശബരി വീണ്ടും പുഞ്ചിരിയോടെ ചേച്ചിയെ നോക്കി….