“ഞങ്ങൾ എന്താടാ അനാവശ്യം കാണിച്ചത്… ഇവനെ കെട്ടിപ്പിടിച്ചതാണോ… എന്നാ ഇനിയും ഞാൻ കെട്ടിപ്പിടിക്കും നോക്കിക്കോ ”
അവൾ അത്രയും പറയലും എന്നെ കെട്ടിപിടിക്കലും ഒരുപോലെ ആയിരുന്നു. എല്ലാം പെട്ടന്നായതിനാൽ എനിക്കും ഒരമ്പരപ്പ് ആയിരുന്നു
ഇതെല്ലാം കണ്ടു കൂടിനിന്ന കുട്ടികളും കിളിപ്പാറി നിൽക്കുകയാണ്.
“ഇപ്പൊ ആർക്കാടാ വീഡിയോ എടുക്കണ്ടേ … എടുക്കടാ വേണമെങ്കിൽ ഞാൻ ഇവനെ ഉമ്മ വക്കുന്നത് കൂടെ എടുത്തോ… ഉമ്മ്മ… ”
മാളു എന്റെ കവിളിൽ തന്നെ അമർത്തി ചുംബിച്ചു. അതും കൂടെ ആയപ്പോൾ നിതിന്റെ വാ അടച്ചുപോയി. അതെ സമയത്തു തന്നെയാണ് ലച്ചുവും അങ്ങോട്ടേക്ക് വന്നത് ലച്ചുവിന്റെ പിന്നാലെ ജയൻ സാറും വന്നു
ലച്ചുവിനെ കണ്ടപ്പോൾ നിതിന്റെ മുഖത്തൊരു ചിരി വന്നു. ഞങ്ങളെ തമ്മിൽ പിരിക്കാനുള്ള ഒരു സുവർണാവസരമായി അവൻ ഈ പ്രശ്നത്തെ കരുതിക്കാണും
“ആ വന്നല്ലോ വനമാല… ഞാൻ നിന്നെ നോക്കിയിരിക്കുകയായിരുന്നു കണ്ടോ നിന്റെ മറ്റവന്റെ ലീലാവിലാസങ്ങൾ ”
നിതിൻ ആ വീഡിയോ ലച്ചുവിന് നേരെ നീട്ടി. ആ വീഡിയോ കണ്ടിട്ടും അവളുടെ മുഖത്തു യാതൊരു മാറ്റവും ഉണ്ടാകാത്തത് നിതിനെ അത്ഭുതപ്പെടുത്തി. ലച്ചു നിതിനെയും കടന്നു എന്റെയും മാളുവിന്റെയും അടുത്തേക്ക് വന്നു….
“ചേച്ചീ…. എന്താ പറ്റിയെ… എന്തിനാ കരയുന്നെ… ഇവന്മാരോടൊക്കെ പോകാൻ പറ അമ്മേം പെങ്ങളേം കണ്ടാൽ തിരിച്ചറിയാത്തവന്മാർ… ”
മാളുവിന്റെ കരച്ചിൽ കണ്ട് ലച്ചുവിന്റെയും ശബ്ദം ചെറുതായി ഇടറുന്നുണ്ട് അവൾ അവസാനം പറഞ്ഞത് നിതിനെ നോക്കി പുച്ഛത്തോടെ ആണ്. അതും കൂടി കണ്ടപ്പോൾ നിതിന്റെ ദേഷ്യം ഇരട്ടിയായി..
“ഓഹ് അപ്പൊ ചേച്ചിയും അനിയത്തിയും കൂടെ ഒരുമിച്ചാണോ… എടാ ഞങ്ങൾക്കും കൂടെ ഇടയ്ക്കു ഒപ്പിച്ചു തരണെടാ… ”
പിന്നെ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. ഞാൻ എന്റെ സർവ്വ ശക്തിയും എടുത്ത് അവനെ അടിക്കാൻ ചെന്നതും ഞങ്ങൾക്കിടയിൽ ഒരാൾ കയറി. വന്ന ആൾ എന്നെ തടുക്കാൻ വന്നതാവും എന്ന് കരുതിയ എനിക്ക് തെറ്റി, പിന്നെ ഞാൻ കാണുന്നത് അടികൊണ്ട് നിലത്തിരുന്ന് പോയ നിതിനെയാണ്
“അവൻ അവന്റെ പെങ്ങളെ കെട്ടിപ്പിടിച്ചാലും ഉമ്മവെച്ചാലും നിനക്കൊക്കെ എന്താടാ… ”
ആ അലറി ഉള്ള ഒച്ച കേട്ടപ്പോളാണ് എനിക്ക് ആളെ മനസ്സിലായത്, ജയൻ സർ
“ഇത് വാണിമിസ്സ് ഇത് മിസ്സിന്റെ അനിയൻ അഖിൽ… ഇനി ആർക്കെങ്കിലും എന്തെങ്കിലും അറിയാനുണ്ടോ”
സാർ പറഞ്ഞത് കേട്ട് ഞങ്ങൾ കുറച്ചു പേര് ഒഴികെ എല്ലാവരും ഞെട്ടി തരിച്ചു നിൽക്കുകയാണ്.
താഴെ വീണുപോയ നിതിനെ സാർ തന്നെ എഴുന്നേൽപ്പിച്ചു….
“നിതിനെ നീ കുറച്ചായി ഇത് തുടങ്ങിയിട്ട് ഇന്നത്തോടെ നിർത്തിക്കോണം ഈ പരിപാടി. ഇനി ഇവിടെ സദാചാര പോലിസ് കളിച്ചു വന്നാൽ പിന്നെ പഠിക്കാൻ വേറെ കോളേജ് നോക്കിക്കോണം ”
ഇതെല്ലാം കേട്ട് ഒന്നും സംസാരിക്കാനാകാതെ അടികിട്ടിയ കവിളും തടവി നിൽക്കുകയാണ് നിതിൻ
“മനസ്സിലായോടാ … ”
“സർ അത് പിന്നെ വീഡിയോ കണ്ടപ്പോൾ…. ”
“അങ്ങനെ എന്തെങ്കിലും കണ്ടാൽ അറിയിക്കാൻ ഇവിടെ ടീച്ചേഴ്സും പ്രിൻസിപ്പൽ ഉം ഉണ്ട്. അല്ലാതെ നിനക്ക് തന്നെ എല്ലാം തീരുമാനിക്കാൻ ഇത് നിന്റെ വീടല്ല ”
“സോറി സർ ”