അതിന് മാളുവിന് ഉത്തരം ഇല്ലായിരുന്നു. അവൾ വിഷമത്തോടെ ആന്റിയുടെ മുഖത്തേക്ക് നോക്കിനിന്നു
“മോളെ.. മാളു നിനക്ക് ഇങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ അമ്മ അതിന് എതിര് നിൽക്കുമോ… അങ്ങനെയാണോ അമ്മയെ നീ മനസ്സിലാക്കിയത്”
“അമ്മേ…. ”
അവൾ വീണ്ടും നിന്നു കരയാൻ തുടങ്ങി… അവളുടെ ആ കരച്ചിലിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു
“സാരമില്ല പോട്ടെ… ഇനി അതോർത്തു കരയണ്ട ”
“സോറി അമ്മേ… ”
“സാരമില്ല എന്ന് പറഞ്ഞില്ലേ മോളെ… ഇനി കരയണ്ട… ”
അത് പറയുമ്പോൾ ആന്റിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. പക്ഷെ അതൊരു സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു എന്ന് മാത്രം
രണ്ട് പേരും വിഷമങ്ങൾ പറഞ്ഞു തീർത്തപ്പോളാണ് എനിക്കും ഒരു സമാധാനമായത്.
“ഇത്രേ ഉണ്ടായിരുന്നുള്ളൂ കാര്യം അതിനാണ് രണ്ടും കൂടി ഈ കാട്ടായം മുഴുവൻ കാട്ടിയത്… ”
എന്റെ സംസാരം കേട്ട് ആന്റിയിൽ നിന്നും വിട്ട് മാളു എന്റെ മുഖത്തേക്ക് നോക്കി എന്റെ കവിളിൽ പാട് കണ്ടതും വീണ്ടും അവൾക്ക് സങ്കടം വന്നു.
“എടാ… സോറി ”
എനിക്ക് അവളെ തടായാൻ സാധിക്കുന്നതിനു മുൻപ് തന്നെ അവൾ പറഞ്ഞു കഴിഞ്ഞിരുന്നു. ആ ഒപ്പം തന്നെ എന്റെ കവിളിൽ തലോടുകയും ചെയ്തു. അത് കണ്ടപ്പോൾ തന്നെ ആന്റിക്ക് മനസ്സിലായി അത് അവളുടെ കൈപ്പാട് ആണെന്ന്
“നീയാണോ അവനെ അടിച്ചത് ”
ആന്റിയുടെ ശബ്ദം കുറച്ചു ഘനത്തിൽ ആയിരുന്നു
“അതമ്മേ…. പെട്ടന്ന് ദേഷ്യം വന്നപ്പോ …. ”
അവൾ മുഴുവൻ പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുൻപ് തന്നെ ആന്റിയുടെ കൈ ഉയർന്നു താണിരുന്നു. പെട്ടന്ന് ഞാൻ ആ കയ്യിൽ കയറി പിടിച്ചത് കൊണ്ട് ആ അടി കവിളിൽ വീണില്ല
“നിനക്ക് ദേഷ്യം വന്നാൽ എന്റെ കൊച്ചിനെ അടിക്കുവോടി.. ”
ആന്റി നല്ല ദേഷ്യത്തിലാണ്
“എന്റെ ആന്റി അത് വിട് എനിക്ക് വേദന ഒന്നും എടുത്തില്ല ”
“എന്റെ കയ്യീന്ന് വിടെടാ… ഇല്ലെങ്കിൽ നീയും വാങ്ങും… ഞാൻ ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞത് ക്ലാസിൽ ചെറിയ ഉന്തും തള്ളും അല്ലേ…. ”
“അത് പിന്നെ… എനിക്കറിയാമായിരുന്നു ഞാൻ പറഞ്ഞാൽ ആന്റി ചേച്ചിയെ തല്ലും എന്ന് …”
“എല്ലാവർക്കും കുരങ്ങുകളിപ്പിക്കാൻ ആണ് ഞാൻ അല്ലെ… ”
“ആന്റി ഞാൻ അങ്ങനെ ഒന്നും കരുതിയില്ല… പിന്നെ എന്റെ ചേച്ചി അല്ലെ എന്നെ തല്ലിയത് എനിക്കുവിഷമമില്ല”