“ഗ്രാമത്തിലെത്തുന്നതിന് മുൻപേ എന്നിക്കറിയേണ്ടത് പറഞ്ഞാൽ.ഇത് നിന്റേതാണ്”
ആ വാഗ്ദാനം അയാൾക്ക് നിരസിക്കാവുന്നതിലും അപ്പുറമായിരുന്നു.
“സാബ് മറ്റാരും ഇതറിയരുത് “
“അതെന്റെ ഉറപ്പ്”
നദിയുടെ ഏതോ ധ്രുവത്തിൽ അയാൾ തുഴച്ചിൽ നിർത്തി കാറ്റിനോടൊപ്പം സ്വയമലിഞ്ഞൊരു പഴങ്കഥയായി.അലക്സ് അതിന് കാതോർത്തു.
“സാബിനറിയാമല്ലോ നാരിബാഗ് ഗ്രാമം ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഈറ്റില്ലമാണ്.ഏകദേശം നൂറ് നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപ്.വിശ്വാസങ്ങളുടെ കറുപ്പ് ഇതിലും കഠിനമായിരുന്നു.ഗ്രാമത്തിൽ പിറന്നു വീഴുന്ന ഓരോ കടിഞ്ഞൂൽ പെൺകുഞ്ഞും ശാപമായിരുന്നു.പൊക്കിൾകൊടി മുറിയുന്ന നിമിഷം അമ്മമാർ കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് നാരീഘട്ടിലേക്ക് പുറപ്പെടും.നഗ്നയായി കിടക്കുന്ന സുന്ദരിയുടെ തുടകൾപോലെ രണ്ട് മലകൾ. അവയ്ക്കിടയിൽ ആണുങ്ങൾക്ക് പ്രവേശനമില്ലാത്ത യോനിപോലൊരു ഗുഹ.അതിനുള്ളിലാണ് നാരീമായുടെ ക്ഷേത്രം.അവിടെ അവർ സ്വന്തം കുഞ്ഞുങ്ങളെ ബലി നൽകും.കരഞ്ഞവശരായി വള്ളം തുഴഞ്ഞു വരുന്ന അമ്മമാർ നാരീഭാഗിന് സ്ഥിരം കാഴ്ചകളായിരുന്നു. കുറ്റബോധത്താൽ ചിലർ നദിയുടെ ആഴങ്ങളിൽ അഭയം പ്രാപിച്ചു.
എന്നാൽ വിധിയുടെ ഒഴുക്കിനെ ഗതി മാറ്റി വിട്ട സംഭവം നടന്നത് ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസമാണ്.ഗ്രാമത്തെ മുഴുവൻ പൂർണമായി ഇരുട്ട് വിഴുങ്ങുന്ന കറുത്ത വാവിന്റെയന്ന്. ഇരുട്ടിനെ ഭയന്ന് എല്ലാവരും കൂരകളിലൊളിച്ചിരുന്നു.
പെട്ടെന്നാണ് നദിതീരത്തുനിന്ന് കാൽപെരുമാറ്റങ്ങൾ കേട്ടുതുടങ്ങിയത്.കുതിര കുളമ്പടിപോലെ അവ മുഴങ്ങി.ഉറക്കച്ചടവോടെ കൂരകളിൽനിന്ന് ഒളിഞ്ഞുനോക്കിയ കണ്ണുകളിൽ ഭീതിനിറച്ചുകൊണ്ട് പെൺപട കടന്നുപോയി.ഒന്നല്ല പത്തല്ല നൂറുകണക്കിന് പെണ്ണുങ്ങൾ. പെൺമലയെ പോലെ നഗ്നമായ തുടുത്ത തുടകളിളക്കി അവർ ഗ്രാമത്തിന്റെ വീഥികളിലൂടെ നടന്നു.അവരുടെ കാലുകളിലെ കൊലുസ്സുകൾ ഗ്രാമത്തിന്റെ ഞരമ്പിനെ മരവിപ്പിച്ചു.തങ്ങളെ ഉപേക്ഷിച്ച ഗ്രാമത്തെയവർ രാത്രി മുഴുവനും മതിവരുവോളം കണ്ട് നടന്നു.പെണ്ണുങ്ങളിൽ സ്വന്തം മക്കളെ കണ്ട ചില കണ്ണുകൾ കുടിലുകൾക്കുള്ളിൽ നീറി.എന്നാൽ നേരം വെളുത്തപ്പോഴേക്കും പെൺപട എങ്ങോ അപ്രത്യക്ഷമായിരുന്നു.പിന്നീട് എല്ലാ വർഷവും കറുത്ത വാവിന്റെയന്ന് പെൺപട ഗ്രാമത്തിലേക്കെത്തുന്നു.ഇന്ന് രാത്രിയും അവരെത്തും.”
“അവർ ബലികൊടുക്കപ്പെട്ട പെണ്ണുങ്ങളുടെ ആതമാക്കളാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ” കഥ നിറച്ച ആകാംഷപൂർവ്വം അലക്സ് ചോദിച്ചു.
“പിന്നല്ലാതെ”
“ഒരുപക്ഷെ അമ്മമാർ ബലികൊടുക്കാതെ രഹസ്യമായി കുഞ്ഞുങ്ങളെ
വളർത്തുന്നതാണെങ്കിലോ? “
“ഇത്രയും കാലം ജരാനരകൾ ബാധിക്കാത്ത പെണ്ണുങ്ങൾ.അവരെല്ലാം തന്നെ ചെറുപ്പമാണ് സാബ്.അതിന്റെ യുക്തിയെന്താണ്.”
അലെക്സിന്റെ കണ്ണുകളിൽ ആശ്ചര്യം നിറഞ്ഞു.
“നഗരത്തിന്റെ വെളിച്ചത്തിൽ നിന്ന് എല്ലാത്തിനെയും നിങ്ങൾക്ക് യുക്തിപൂർവ്വം നോക്കികാണാം പക്ഷെ ഇവിടെ എതിരെ നിക്കുന്നവനെ മറച്ചുപിടിക്കുന്ന ഈ ഇരുട്ടിൽ.തലച്ചോറിന് ഒരു രാസപ്രക്രിയയെ വശമുള്ളൂ സാബ്.അത് ഭയത്തിന്റെതാണ്.”
“ഗംഗാറാം നീയെനിക്കൊരു ഉപകാരം ചെയ്യണം.”