“ആ അതിനുള്ളതൊക്കെ അവൻ അവിടെ ഉണ്ടാക്കുന്നുണ്ടമ്മേ ”
എന്നോടുള്ള ആന്റിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് മാളു ചേച്ചി ആണ്. അവൾ അത് പറഞ്ഞപ്പോൾ ആന്റി എന്നെ ഒന്ന് നോക്കി. എന്നിട്ട് അവളോടായി ചോദിച്ചു
“എന്താടി കാര്യം ”
“ഒന്നൂല്ലമ്മേ ഞാൻ ചുമ്മാ പറഞ്ഞതാ ”
“ചുമ്മാതെ ഒന്നും അല്ല, എന്തോ ഉണ്ട്… നീ പറയടാ മൊട്ടെ എന്താ സംഭവം ”
“ഒന്നൂല്ലാന്റി അവൾക്കു വട്ടാ ”
“അതൊന്നുമല്ല, എന്തോ ഉണ്ട്. എന്നോട് പറയടാ ഞാൻ ആരോടും പറയില്ല ”
എന്നെ ധര്മസങ്കടത്തിൽ ആക്കിയിട്ടു ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞു വണ്ടി ഓടിക്കുകയാണ് എന്റെ പുന്നാര ചേച്ചി. ഞാൻ അവളുടെ മുഖത്തു നോക്കിയപ്പോൾ ആ ചുണ്ടിൽ ഒരു ചെറിയ ചിരി ഉണ്ട്. നിന്നെ ശരിയാക്കി തരാം മോളെ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു
“നീ ഇരുന്ന് ആലോചിക്കാതെ കാര്യം പറയടാ… എന്താ ഏതെങ്കിലും പെൺകുട്ടിയെ വളച്ചോ… ”
ആ ചോദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി, ഞാൻ മാത്രമല്ല മാളുവും ഞെട്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൾ തിരിഞ്ഞ് ആന്റിയെ ഒന്ന് നോക്കി. അതും കൂടി കണ്ടപ്പോൾ ആന്റിക്ക് ഉറപ്പായി അതാണ് കാര്യമെന്ന്
“അപ്പൊ അത് തന്നെ കാര്യം, ഇനി എല്ലാം മുഴുവനായി പറ, ആരാ എന്താ എല്ലാം പോരട്ടെ ”
ഞാൻ ആലോചിച്ചപ്പോൾ പറഞ്ഞാലും കുഴപ്പമില്ല, അമ്മക്കറിയാം പിന്നെ ആന്റി അറിഞ്ഞാൽ എന്താ കുഴപ്പം, എന്നാലും പ്രേമ കഥ ആന്റിയോട് പറയുക എന്ന് വച്ചാൽ ആകെ ചളിപ്പാണ്. അതുകൊണ്ട് തന്നെ ഞാൻ കഥ മുഴുവനായ് ഒന്ന് ചുരുക്കി പറയാൻ ഉറപ്പിച്ചു
“ഞാൻ പറയാം പക്ഷെ എന്നെ കളിയാക്കരുത് ”
“ഏയ്, കളിയാക്കില്ല നീ പറ ”
“അത്… അവളുടെ പേര് ലക്ഷ്മി, അച്ഛൻ ഇല്ല അമ്മയും അനിയത്തിയും മാത്രമേ ഉള്ളു…. ”
പിന്നെ കഥ ഒന്ന് ചുരുക്കി പറഞ്ഞു. ആദ്യ ദിവസം തല്ലുകിട്ടിയതും, ഇന്നലെ അടി ഉണ്ടാക്കിയതും മാത്രം മറച്ചുവച്ചു. അടിയുടെ പാടൊക്കെ ഇന്നലെ തന്നെ മാഞ്ഞു പോയത് കൊണ്ട് അത് അറിഞ്ഞതും ഇല്ല
“ഹ്മ്മ്… കൊള്ളാല്ലോടാ നീ ”
“എന്നെ കളിയാക്കില്ല എന്ന് പറഞ്ഞിട്ടാണ് ഞാൻ ഇത് പറഞ്ഞത്”
“ആ കളിയാക്കുന്നോന്നും ഇല്ല, പിന്നെ വേറൊരു കാര്യം ഇതൊന്നും അത്ര സീരിയസ് ആയി എടുക്കണ്ട. എല്ലാത്തിനും തയാറായി വേണം ഇരിക്കാൻ. എന്തെങ്കിലും സംഭവിച്ചാൽ തളർന്നു പോകരുത് ”