” എന്നും അവളൊരു വയ്യാത്ത കുട്ടിയാണെന്ന് കാണിക്കാൻ അവൾക്കു മനസ്സില്ലായിരുന്നു, സാധാരണ നടക്കുമ്പോളും അവൾക്കു വേണ്ടി മറ്റുള്ളവരുടെ സ്പീഡ് കുറക്കുന്നതിന് പകരം മറ്റുള്ളവർക്കൊപ്പം നടന്നെത്താനാണ് അവൾ ശ്രമിച്ചത് , അവളുടെ ആ വാശിതന്നെയാണ് അവളെ ഞാനെന്റെ ബെസ്റ്റ് ഫ്രണ്ടായി തിരഞ്ഞെടുക്കാനും കാരണം , എന്നെങ്കിലും ഞാൻ ഒന്ന് മനസ് മടുക്കുമ്പോൾ അവൾ പൊക്കിയെടുക്കും….ആരോടും ഒന്നും ആഗ്രഹിക്കാതെ അവളെക്കൊണ്ട് സാധിക്കുന്ന എന്ത് വേണെങ്കിലും ചെയ്തുകൊടുക്കും..പരാതിയില്ല , കുശുമ്പില്ല , അവളുടെ കുറവുകളിൽ അവള്ക്കൊരു പ്രശ്നവും ഇല്ല , എത്ര വലിയ സങ്കടവും ഒറ്റയ്ക്ക് കടിച്ചുപിടിച്ചോളും അല്ലെങ്കിൽ കരഞ്ഞു തീർക്കും , പിന്നെ ,അവളുടെ അച്ഛനമ്മമാർ അറിഞ്ഞിട്ട പേരാണ് കൃഷ്ണപ്രിയ എന്നുള്ളത് …കാരണം കൃഷ്ണൻ അത്രയ്ക്ക് അവളുടെ കൂടെയുണ്ടെന്ന് എനിക്കുതന്നെ പലപ്പോളും തോന്നിയിട്ടുണ്ട് മനുവേട്ടാ ….”
അമ്മുവിനെ പറ്റി നിത്യ പറയുന്ന ഓരോന്നും അവളുടെ ഹൃദയത്തിൽ തട്ടിയായിരുന്നു , അതിനു ഉത്തമ തെളിവായിരുന്നു ആ കരിമഷിക്കണ്ണുകളിൽ ഞങ്ങൾ കണ്ട നീർത്തിളക്കം….എന്റെ മനസ് നിറഞ്ഞു വീണ്ടും വീണ്ടും വിങ്ങാൻ തുടങ്ങി , സന്തോഷത്തിന്റെയാവാം , അല്ലെങ്കിൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ പോലും നിറഞ്ഞുകവിഞ്ഞു പറയാനാകാത്ത ഒരു തലത്തിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നതാവാം …നിത്യ പറയുന്ന ഓരോ വാക്കിലും ഞാൻ അമ്മുവിനെ , അവൾ കടന്നുവന്ന വഴികളെ ഞാനറിയാതെ ഒരു സിനിമ പോലെ മനസാൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു…..നിത്യക്കല്ലാതെ മറ്റൊരാൾക്കു അവിടെ ശബ്ദമില്ലെന്നു തോന്നുന്നവിധം നിശ്ശബ്ദരായിരുന്നു ഞങ്ങൾ നാലു പേരും….
” മനുവേട്ടനോട് ഞാൻ സഹതാപം കൊണ്ടുള്ള ഇഷ്ടമാണോ അവളോട് എന്ന് ചോദിക്കാൻ കാരണം ഇതൊക്കെയാണ് ..അവളെ സംബന്ധിച്ചിടത്തോളം അവള്ക്കൊരു കുറവും ഇല്ല , പക്ഷെ മനുവേട്ടൻ എന്തെങ്കിലും തരത്തിൽ അറിയാതെയെങ്കിലും അത് പ്രകടിപ്പിച്ചാൽ ഏട്ടന് ഒരിക്കലും അവളെ കിട്ടില്ല…അക്കാര്യത്തിൽ മാത്രം അവൾ വാശിക്കാരിയാ ….ഈ ലോകം ജയിക്കുന്നവർക്കൊപ്പം നിൽക്കുന്ന ഒന്നാണെന്ന് എപ്പോളും പറയും അതുകൊണ്ട് ജീവിതത്തിനോട്തന്നെ വാശിയിലാണ് അവൾ ജീവിക്കുന്നത്….”
” മതി ……എനിക്ക് ഇനി ഒന്നും കേൾക്കണ്ടടീ….എനിക്കെന്തോ ഞാനവൾക്കു ചേരില്ലെന്നൊരു തോന്നൽ ….ഞങ്ങളുടെ രണ്ടുപേരുടെയും മനോനില രണ്ടു ദിശയിലാണു പോവുന്നത് , അവളെ എനിക്ക് കിട്ടിയാൽ എനിക്കത് ഒരുപക്ഷേ ലോട്ടറി ആയേക്കും , പക്ഷെ എന്നെപോലെ ജീവിതത്തിൽ പൊരുതാനറിയാത്ത ഒരുത്തനെ കിട്ടിയാൽ അവൾക്കു അത് താങ്ങാൻ പറ്റിയേക്കില്ല…..ജീവിതം മുന്നോട്ട്പോവുന്ന ഏതെങ്കിലും അവസ്ഥയിൽ ആ ഒരു കാരണം ഞങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയാൽ അന്നത്തെ വീഴ്ചക്ക് ഇന്നത്തേക്കാൾ ആഘാതം കൂടും…..വേണ്ട , ഒരു പകൽക്കിനാവ് കണ്ടു ഉണർന്ന ഫീലിൽ ഇരുന്നോട്ടെ ഇതെല്ലാം…”
അവൾ മുഴുമിക്കുന്നതിനു മുൻപേ ഞാൻ കേറി ഇതുപറഞ്ഞു , നിത്യ പറയുന്ന ഓരോ കാര്യവും അമ്മുവിന്റെയും എന്റെയും ജീവിതത്തിന്റെ കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരം എനിക്ക് മുൻപിൽ തുറന്നുകാണിക്കുന്നതായിരുന്നു…..മനസ്സ് നിറയെ നിശ്ചയദാർഢ്യം കൊണ്ടുനടക്കുന്ന അവൾക്കു ഞാനൊരു കുരിശാകുമോ എന്ന പേടി നന്നായിത്തന്നെ എന്നെ വേട്ടയാടി , അതിലെല്ലാം നല്ലത് അവൾ അറിയുന്നതിന് മുൻപ് ഈ മോഹവും മുളയിലെ കരിഞ്ഞു പൊയ്ക്കോട്ടേ …എവിടെയോ വായിച്ചതുപോലെ ഒരുപാട് സ്നേഹിക്കുന്നതിനെ സ്വന്തമാക്കാതിരിക്കുക , സ്വന്തമായാൽ അതിനോടുള്ള മോഹം നഷ്ടപ്പെടും ….പക്ഷെ എനിക്ക് സമാധാനിക്കാം കീർത്തനയെപോലെ റോങ് ചോയ്സ് ആയതുകൊണ്ടല്ലാതെ മനസ് നിറഞ്ഞു ഒരു കുട്ടിയുടെ നന്മക്കു വേണ്ടി വിട്ടുകൊടുക്കാം…
” നീ ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് തീരുമാനമെടുക്കേണ്ട , ഇപ്പോൾ അവളെ ഇഷ്ടപ്പെടാനോ വിട്ടുകളയാനോ ഒന്നും ചിന്തിക്കണ്ട , ഞാൻ പറഞ്ഞില്ലേ ഇപ്പോ അവളെ അവളുടെ പാട്ടിനു വിട്ടേക്ക് , നീ നീയായിത്തന്നെ ജീവിക്ക് ….അവളോട് ആദ്യം പരിചയമായി , പരസ്പരം ഒന്ന് അറിഞ്ഞുതുടങ്ങുമ്പോൾ നിന്റെ കാരക്ടർ അവൾക്കു അംഗീകരിക്കാൻ പറ്റുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ അന്ന് നീ ഈ ഇഷ്ടം അവളോട് പറയണം…അവള്ക്ക് സമ്മതമാണെങ്കിൽ അവൾ പറയട്ടെ …പക്ഷെ അവളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഒരിക്കലും കാരക്ടർ മാറ്റരുത് നിനക്ക് മനസുകൊണ്ട് മാറ്റണം എന്നുള്ള കാര്യങ്ങൾ മാത്രം മാറ്റിയാൽ മതി …അതല്ലേ നല്ലത് ..?? “”