” നിത്യയും മറ്റേ കുട്ടിയും എവിടെപോയി അമ്മാ …” ശബരി ചോദിച്ചു ..
” ആ കുട്ടി പ്രാർത്ഥിച്ചുകഴിഞ്ഞില്ലെന്ന് പറഞ്ഞു അവിടെയുണ്ട് രണ്ടും കൂടെ…കാലു വയ്യാത്തതുകൊണ്ടു പ്രദക്ഷിണ സമയത്ത് അതിനു നല്ല ബുദ്ധിമുട്ടായിരുന്നു …പാവം ..!! “” മറുപടി എന്റെ അമ്മയുടേതായിരുന്നു…മഞ്ജിമ മെല്ലെ എഴുന്നേറ്റു എന്റെ ഇപ്പുറം വന്നിരുന്നു .. കുറച്ചു സമയം മിണ്ടാതിരുന്ന ശേഷം എന്റെ കയ്യിൽ തോണ്ടി എന്റെ മുഖത്തേക്ക് അടുത്ത വരാൻ ആംഗ്യം കാണിച്ചു..ഞാൻ ചെവി അവളുടെ ചുണ്ടിനോട് അടുപ്പിച്ചു..
” എന്താ ഉദ്ദേശ്യം ..?? ഏട്ടൻ കുറച്ചു ടൈമായി ഈ ലോകത്തൊന്നും അല്ലല്ലോ, സത്യം പറഞ്ഞോ എന്തോ ചീഞ്ഞുനാറുന്നുണ്ട്…””
അവളതു പറഞ്ഞു എന്റെ കണ്ണിൽ നോക്കി കെറുവിച്ചു , അനിയത്തി ആണെങ്കിലും വെറുതെ പറയുകയല്ല ചില സമയത്ത് അവൾ മൂത്തചേച്ചി കളിക്കും….ഓഹോ , അത്രക്കായോ എന്നാപിന്നെ ഒരു പണി കൊടുക്കാന്നു കരുതി , ഞാൻ അവളോട് മുഖം അടുത്തുകൊണ്ടുവരാൻ ആംഗ്യം കാണിച്ചു.
” ശബരിക്ക് ആ കൊച്ചിനോട് ഇഷ്ടമാണെന്ന് പറയുന്നുണ്ട് , നീ അഞ്ജുവിനേം കൂട്ടി അതിനെ ഒന്ന് സെറ്റ് ആക്കികൊടുക്കുമോ ..??”‘ …
ഞാൻ മെല്ലെ ചോദിച്ചു , വേറൊന്നുമല്ല എന്റെ ഇപ്പുറത്തെ സൈഡിൽ ഇരിക്കുന്ന അവനെങ്ങാൻ ഇതുകേട്ടാൽ എന്റെ എല്ലൂരി കോൽകളി കളിക്കും ….
” സത്യാണോ ഏട്ടാ…കുഞ്ഞേട്ടന് ഇഷ്ടായോ അമ്മൂനെ ..??”
ഞാൻ അതേയെന്ന അർത്ഥത്തിൽ തലയാട്ടി ..അവൾ വിശ്വസിച്ച മട്ടാണ്, ഐവാ , ഇത്ര പെട്ടെന്ന് ഏറ്റോ..ഞാൻ നൈസായിട്ട് തിരിഞ്ഞുനോക്കി, ഭാഗ്യം ചെങ്ങായ് കേട്ടിട്ടൊന്നും ഇല്ല ..അവൻ ഞങ്ങൾക്ക് ഓപ്പോസിറ്റ് നിൽക്കുന്ന ഫാമിലിയിലുള്ള ഒരു സുന്ദരിപ്പെണ്ണിനെ തഞ്ചത്തിലിരുന്നു വായ്നോക്കുകയാണ്…അവളും ഇടയ്ക്കു ഇങ്ങോട്ട് കണ്ണെറിയുന്നുണ്ട്…
മഞ്ജിമ എണീറ്റു അഞ്ജുവിന്റെ അടുത്തുപോയി..അവർ തമ്മിൽ എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട് ,ഇടക്ക് ഇങ്ങോട്ട് ശബരിയെ നോക്കുന്നുണ്ട് …ഞാൻ ഉളിലൊളിപ്പിച്ച ചിരിയുമായി ശബരി വായ്നോക്കുന്ന കുട്ടിയെ നോക്കികൊണ്ടിരുന്നു….
ആ സമയത്താണ് അമ്മുവും നിത്യയും കൂടി അമ്പലത്തിൽ നിന്നു ഇറങ്ങി വരുന്നത് കണ്ടത്….എന്റെ ഇപ്പുറം ഇഷ്ടം പോലെ സ്ഥലമുണ്ടായിരുന്നു , നിത്യ നേരെ വന്നു എനിക്കരികിൽ ഇരുന്നു , കൂടെ അമ്മുവും ….എന്റെ ഹൃദയം പെരുമ്പറകൊട്ടി ,
ഉള്ളിൽ ഒരു കള്ളത്തരമുള്ളതുകൊണ്ടോ എന്തോ ഞാനാകെ നേർവെസ് ആയി ..
” മനുവേട്ടാ , സോറി ട്ടോ …” നിത്യ എന്നോട് പറഞ്ഞു …..
” സോറിയോ , എന്തിന് ..??””
ഞാൻ അന്തം വിട്ടു …
” അന്ന് അവർ കളിയാക്കിയപ്പോൾ ഞാനും കൂടെ കൂടിയില്ലേ , അതോണ്ടാ..”
അവൾ നിഷ്കളങ്കമായി പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു…അതിനിടക്ക് അഞ്ചു ,മഞ്ജിമയുമായി വന്നു ശബരിയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..
” ഏയ് ,അതൊന്നും കൊഴപ്പല്ല പെണ്ണെ , അന്ന് എന്തോ പെട്ടെന്ന് മൂഡ് പോയി , അങ്ങനെ ദേഷ്യപ്പെട്ടു പോവാനാണ് തോന്നിയത് ,അത് ചെയ്തു ..”
ഞാൻ ഉള്ളകാര്യം പറഞ്ഞു ..അമ്മു ഞങ്ങടെ സംസാരം കേട്ടു വെറുതെ മുടിയിൽ വിരൽകൊരുത്തു ഇരിക്കുന്നുണ്ടായിരുന്നു ..
” അല്ലെടീ , എന്തായിരുന്നു ഉള്ളിൽ പിന്നേം കുറേ സമയം ..ഭഗവാനെ മണിയടിച്ചു വല്ല കാര്യവും നേടാനുണ്ടോ …?? “”
ഞാൻ നിത്യയോടായി ചോദിച്ചു..