ആകൃതിയൊത്ത ചെറു രോമങ്ങളുള്ള വലതുകാൽ , അതിനെക്കാൾ വണ്ണം കുറഞ്ഞു കുറച്ചുകൂടി വെളുപ്പും നേരിയ രോമവും ഉള്ള ഇടതുകാൽ …..ആ കാൽ അമർത്തിച്ചവിട്ടുമ്പോൾ എന്തോ കാരണം കൊണ്ട് മുടന്തു വരുന്നുണ്ട് ..അത് മാത്രം മനസിലാകുന്നില്ല …..ഡോർ തുറന്നു കേറുന്നതിനു മുൻപായി എന്നെ അവൾ തിരിഞ്ഞു നോക്കി , ഞാൻ നോക്കുന്നത് കാലിൽ തന്നെയാണെന്ന് കണ്ടപ്പോൾ പതിവ് പുഞ്ചിരിയോടെ ഡോർ തുറന്നു അകത്തു കയറി ….അവളുടെ അമ്മയാകട്ടെ എന്നെ അപ്പോളും കത്തിയടിച്ചു തോൽപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ….നല്ല ഐശ്വര്യമുള്ളൊരു നാടൻ സ്ത്രീ , അവരുടെ മുഖഭംഗിയാണു അമ്മുവിനും കിട്ടിയിട്ടുള്ളത് ….അമ്മയുടെ മുഖത്ത് നോക്കി അവർ പറയുന്നതിന് മൂളിക്കൊടുക്കുന്നുണ്ടെങ്കിലും എന്റെ മനസ് അമ്മുവിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളെ ഓർത്തു പുറകിലേക്ക് പോയി …..ഇനി ഈയടുത്ത് ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത മനോഹരമായ നിമിഷങ്ങൾ….!! അവളുടെ സാമീപ്യം തന്ന ആ ഫീൽ… ഉഫ്ഫ് ..!!!
അമ്മു വാതിൽ തുറന്നു ഇറങ്ങിയപ്പോൾ അമ്മ കയറി , ഇത്തിരി ക്ലേശിച്ചു സ്റ്റെപ്പുകൾ ഇറങ്ങുന്നത് കണ്ടപ്പോൾ ഞാൻ അവൾക്കു നേരെ കൈകൾ നീട്ടി ….ഒന്ന് ശങ്കിച്ച ശേഷം അവൾ ഒരു ചെറുചിരിയോടെ നിരസിച്ചു …
” ഇത്തിരി പ്രയാസപ്പെട്ടാലും ഒറ്റക്കിറങ്ങുന്നതാണ് എനിക്കിഷ്ടം … വേറൊന്നുമല്ല ആരും ഒപ്പമില്ലാത്തപ്പോഴും ഇങ്ങനെ ഇറങ്ങേണ്ടി വരില്ലേ മനുവേട്ടാ …”
അവളുടെ മറുപടി എനിക്ക് നിരാശ സമ്മാനിച്ചു…ഒരിക്കൽക്കൂടി ആ കൈയിലൊന്നു തൊടാൻ വല്ലാത്തൊരു ആഗ്രഹം തോന്നി…എന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ എനിക്ക് തന്നെ പരിചയമില്ലാത്തതായിരുന്നു ….
” ഇത് നിനക്ക് വേണ്ടിയല്ല അമ്മുട്ട്യേ , എനിക്ക് വേണ്ടിയാണു …ഈ അവസാന സ്റ്റപ്പെങ്കിലും എന്റെ കൈയിൽ പിടിച്ചു ഇറങ്ങാമോ ….?? “”
ഞാൻ പ്രതീക്ഷയോടെ കൈനീട്ടി , എന്നെ കുസൃതിയോടെ നോക്കി ‘വിടില്ലല്ലേ ‘എന്ന ഭാവത്തിൽ നിശ്വസിച്ചശേഷം എന്റെ കൈയിൽ പിടിച്ചു …വല്ലാത്തൊരു മർദ്ദവമുള്ള ആ സുന്ദരിക്കൈകളിൽ ഞാൻ അമർത്തിപ്പിടിച്ചു …ഇളം ചൂടുള്ള ചെറിയ നനവുള്ള വിരലിൽ ഒരു വെള്ളികളറുള്ള മോതിരം കണ്ടു , അവൾ എന്റെ കൈകളിൽ പിടിച്ചു ആയാസമില്ലാതെ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ പ്രതികരിക്കാൻ പറ്റുന്നതിനു മുൻപ് ആ മോതിരം ഞാൻ ഊരിയെടുത്തു , വല്ലാതെ മുറുകി കിടക്കാത്തതുകൊണ്ടു ഊരാൻ അത്ര പ്രയാസമുണ്ടായില്ലെങ്കിലും ആ എടുത്ത രീതി അവളെ ഇത്തിരി വേദനിപ്പിച്ചിട്ടുണ്ടെന്നു മുഖഭാവത്തിൽ നിന്നും മനസിലായി….കെറുവിച്ചുകൊണ്ടു എന്തോ പറയാൻ വന്നെങ്കിലും ആ സമയത്താണ് അമ്മ ഡോർ തുറന്നു ഇറങ്ങിയത് , അതുകണ്ടതോടെ പറയാൻ വന്നത് അവൾ വിഴുങ്ങി..പക്ഷെ മുഖം ഇത്തിരി ദേഷ്യം ഫീൽ ചെയ്തു…ഞാൻ തിരിഞ്ഞു നടന്നു പിന്നാലെ അവരും ….
ഞാൻ കുറച്ചധികം പൈങ്കിളി ടൈപ്പ് ആകുന്നുണ്ടോ എന്ന് എന്റെയുള്ളിൽ തന്നെ തോന്നി തുടങ്ങി , മുൻപ് കേട്ടിരുന്ന പൈങ്കിളി പ്രേമക്കഥകളെല്ലാം പുച്ഛത്തോടെ മാത്രം കണ്ടിരുന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് അതിലേറെ പൈങ്കിളി ആയി മാറിയിരിക്കുന്നു…പലപ്പോളും അതങ്ങനെതന്നെ വരൂ …എത്ര നമ്മൾ അങ്ങനെ ആകരുതെന്നു ആഗ്രഹിക്കുന്നുവോ അത്രത്തോളം വിധി നമ്മളെ അതിലേക്കടുപ്പിക്കും….