ഇന്നലത്തെ ഇടിക്കിടയിൽ എന്തൊക്കെയോ തെറികൾ ഒക്കെ പറയുന്നുണ്ടായിരുന്നു. മേല് നോവുമ്പോ തന്നെ വന്നു പോകുന്നതാണ് എല്ലാവരും പറയും. നല്ല കലിപ്പിൽ പറയുമ്പോ ഒച്ച കൂടുതൽ ആയിരിക്കും അപ്പൊ എല്ലാവർക്കും നന്നായി കേൾക്കാൻ പറ്റും അതാണ് പ്രശ്നം
“വന്നതല്ലേ ഉള്ളു… അപ്പൊ തന്നെ തുടങ്ങിയോ. നീയൊക്കെ പഠിക്കാൻ തന്നെയാണോ ഇങ്ങോട്ട് വരുന്നത്”
പ്രിൻസി എന്നെയും കൂട്ടുകാരെയും നോക്കിയാണ് ഇപ്പൊ സംസാരിക്കുന്നത്
“സർ ഞങ്ങളല്ല വഴക്കിനു പോയത് അവർ ഇങ്ങോട്ട് വന്നതാ ”
ഞാൻ അത് പറഞ്ഞു നിർത്തിയപ്പോൾ നിതിൻ എന്തോ പറയാൻ വന്നു പ്രിൻസി അപ്പൊ തന്നെ അവനെ തടഞ്ഞു
“ഞാൻ ചോദിക്കുമ്പോ പറഞ്ഞാമതി… അതുവരെ മിണ്ടരുത് ”
പ്രിൻസി നിതിനോട് ചൂടായിട്ട് എന്നോട് തുടരാൻ പറഞ്ഞു
“സർ ഇതാദ്യമായല്ല. ഇതിനു മുൻപും ഇയാൾ എന്നോട് വഴക്കുണ്ടാക്കിയിട്ടുണ്ട്. ഞാൻ ഇവിടെ ജോയിൻ ചെയ്ത അന്ന് തന്നെ എന്നെ തല്ലിയിട്ടുണ്ട് ”
ഞാൻ മാക്സിമം നിഷ്കു ആയാണ് സംസാരിക്കുന്നത്
“വന്ന അന്ന് തന്നെയോ… അതെന്തിനാ ”
ഞാൻ അന്നത്തെ സംഭവം മുഴുവൻ പ്രിൻസിയോട് വിവരിച്ചു.
“എന്നിട്ട് താൻ എന്താ പരാതി പെടാതെ ഇരുന്നത്… ”
“അത് പിന്നെ സർ എന്തിനാ വെറുതെ അതൊരു പ്രശ്നം ആക്കുന്നത് എന്ന് കരുതി. അത് അവിടെ തീരുകയാണെങ്കിൽ തീരട്ടെ എന്നെ കരുതിയുള്ളൂ ”
“ആ… അപ്പൊ ഇന്നലത്തെ പ്രശ്നത്തിനുള്ള കാരണം… ”
“അന്നത്തെ ആ പ്രശ്നം കഴിഞ്ഞപ്പോൾ ഞാൻ ആ പെൺകുട്ടിയോട് ക്ഷമ ചോദിച്ചിരുന്നു. അവളും എന്നോട് ക്ഷമിച്ചു പിന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി, ഇന്നലെ ക്ലാസ്സിൽ വന്ന സമയത്ത് അവളെ കണ്ടപ്പോൾ ഒന്ന് സംസാരിച്ചതാ അതിനാണ് ഇവർ വെറുതെ പ്രശ്നം ഉണ്ടാക്കിയത് ”
ഞാൻ മാക്സിമം എന്റെ ഭാഗം ന്യായീകരിച്ചാണ് സംസാരിച്ചത്. ഇനി നിതിൻ ഞാനും ലച്ചുവും തമ്മിൽ പ്രേമത്തിലാണ് എന്ന് പറഞ്ഞാലും കാര്യമില്ല. ഇത് കോളേജ് ആണ് ഇവിടെ ഇതൊക്കെ സാധാരണമാണ് എന്ന രീതിയിലെ ടീച്ചേർസ് പോലും ഇതിനെ കാണു
“അപ്പൊ ഇനി നിങ്ങള്ക്ക് പറയാനുള്ളത് പറയൂ.. ”
പ്രിൻസി നിതിന്റെ നേരെ നോക്കി പറഞ്ഞു. അവൻ ആകെ വിയർത്തു നിൽക്കുകയാണ്.
“അത് പിന്നെ സർ… ഇവനും അവളും തമ്മിൽ ഒരു വണ്ടിയിൽ പോകുന്നത് കണ്ടു അതൊന്നു ചോദിച്ചതാ… അതിനു ഇവൻ വെറുതെ കേറി ഉടക്കിയതാ ”
പ്രിൻസി എന്നെ ഒന്ന് നോക്കി വീണ്ടും അവനെ നോക്കിക്കൊണ്ടു ചോദിച്ചു
“ആ കുട്ടി ഇവന്റെ വണ്ടിയിൽ കയറിപ്പോയാൽ നിനക്കെന്താ… നിന്റെ ആരെങ്കിലും ആണോ ആ കുട്ടി ”
“അല്ല ”
“പിന്നെ… ആ കുട്ടിക്ക് ഇഷ്ടമില്ലാതെ ആണോ ഇവന്റെ കൂടെ പോയത് ”
“അല്ല ”
“ഇതൊന്നുമല്ലെങ്കിൽ എന്താ തന്റെ പ്രശ്നം.. ”
നിതിൻ ഒന്നും മിണ്ടാൻ ആകാതെ താഴേക്കു നോക്കി നിൽക്കുകയാണ്