അരളി പൂവ് 3
Arali Poovu Part 3 | Author : Aadhi | Previous Part
ആശുപത്രിയിലെ തിരക്കൽപ്പം ഒഴിഞ്ഞിരിക്കുന്നു.ഉച്ച കഴിഞ്ഞാൽ സാധാരണയായി അവിടെ ഒരു മനുഷ്യനും വരാറില്ല. ഇന്ന് എന്തോ ഉച്ചക്ക് മുന്നേ തിരക്കുകൾ ഒഴിഞ്ഞു
അർച്ചന പുറത്തേക്കൊന്നു വീക്ഷിച്ചു.ആശുപത്രി മുറ്റം ശൂന്യമാണ്
‘ഇന്ന് ഭാർഗവി അമ്മക്ക് കാര്യമായ പണി ഒന്നും കാണില്ല’
അവൾ മനസ്സിൽ മന്ത്രിച്ചു
ഭാർഗവി അമ്മ അവിടുത്തെ തൂപ്പുകാരിയാണ്.ഒരുപാട് ആളുകൾ ഉള്ള ദിവസം പുള്ളിക്കാരിക്ക് പിടിപ്പത് പണിയാണ്.മുറ്റം വൃത്തികേടാക്കുന്നത് പുള്ളിക്കാരിക്ക് തീരെ ഇഷ്ടമുള്ള കാര്യം അല്ല .ആരേലും പുറത്തു തുപ്പിയാലോ ഛർദിച്ചാലോ ആയമ്മ തനി ഭദ്രകാളി ആവും .അല്ല ആശുപത്രിയിൽ വരുന്ന രോഗികളോട് ഇതുവല്ലോം പറഞ്ഞിട്ട് കാര്യമുണ്ടോ .
എന്തിരുന്നാലും ആയമ്മക്ക് അർച്ചനയോട് പ്രേത്യേക ഇഷ്ടമാണ്.
അതിനും ഒരു കാരണം ഉണ്ടന്ന് കൂട്ടിക്കോ ഗൾഫിലുള്ള തന്റെ മകനോട് വീഡിയോ കോൾ ചെയ്യുന്നത് അർച്ചനയുടെ സഹായത്താലാണ്.വേറെ ആരും പുള്ളിക്കാരിത്തിയോട് വലിയ അടുപ്പം കാട്ടാറില്ല അവരും തിരിച്ചു അങ്ങനെ തന്നെ.
തിരക്കൊഴിഞ്ഞാൽ അർച്ചനയുടെ പ്രധാന പരിപാടി പി എസ് സി പഠിത്തമൊ അല്ലെങ്കിൽ തൊഴിൽ വാർത്തകൾ വായിച്ചു കൂട്ടുകയോ ഒക്കെയാണ്.അന്നും പതിവുകൾ ഒന്നും തെറ്റിയില്ല .അർച്ചന എന്തോ കാര്യമായ വായനയിലാണ്.
“ചേച്ചിക്ക് ഫുൾടൈം ഇത് തന്നെയാണോ പണി”
വായനയിലായിരുന്ന അർച്ചനയെ ഉണർത്തികൊണ്ട് നേഴ്സിന്റെ ചോദ്യം എത്തി .
“ഇതാര് ശ്രുതി കുട്ടിയോ…?”
പുസ്തകത്തിൽ നിന്നും തല ഉയർത്തി പുഞ്ചിരിയോടെ അർച്ചന തുടർന്നു
“എന്തേലും ഒരു സർക്കാർ ജോലി വേണ്ടേ..?”
“ആ അത് വേണം .എന്ന് വെച്ച് ഇങ്ങനെ മൊത്ത സമയം ഇതിൽ നോക്കി ഇരിക്കണോ.വീട്ടിൽ പോയി പടിച്ചൂടേ ”
“എന്റെ പൊന്നെ അതൊന്നും നടക്കൂല.കിച്ചുവിന്റെ പുറകെ ഓടാനെ സമയം കിട്ടുന്നില്ല അപ്പോഴാ”
അർച്ചന പിന്നെയും പുസ്തകത്തിലേക്ക് തിരിഞ്ഞു
“കഷ്ടം ഉണ്ട് കേട്ടോ….!
ചേച്ചിയോട് ഇത്തിരി നേരം മിണ്ടാനാ ഞാൻ ഓടിവരുന്നേ.ഹം ഇരുന്നു പഠിച്ചോ”
ശ്രുതിയുടെ സ്വരത്തിൽ അല്പം വിങ്ങൽ നിറഞ്ഞു നിന്നു ശേഷം പതിയെ തിരിച്ചു നടക്കാൻ തുടങ്ങി
“നിക്കടി പൊട്ടിക്കാളി ”
ശ്രുതിയുടെ കൈയിൽ പിടിച്ചു തന്റെ അടുത്തുള്ള കസേരയിൽ ഇരുത്തി
“പിണങ്ങാതെ പോത്തേ”
പുസ്തകം മടക്കി വെച്ച് കസേര പൂർണമായി ശ്രുതിയുടെ വശത്തേക്ക് അർച്ചന തിരിച്ചു.