“അല്ല അപ്പൊ യാമിനിയുടെ അച്ഛൻ?? പുള്ളി ഒന്നും അറിഞ്ഞിട്ടില്ലേ??”
“അറിഞ്ഞാലും പുള്ളിക്ക് വരാൻ കഴിയില്ല”
“അതെന്താ??”
“പുള്ളി ഗൾഫിൽ ജയിലിൽ ആണ്”
“ജയിലിലോ?? എന്തിന്??”
അത് എന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു
“പുള്ളി ഒരു തെറ്റ് ചെയ്തു, വലിയ തെറ്റ്………. വീട്ടുകാരുടെയും കൂട്ടുകാരുടെയും എല്ലാം നിർബന്ധത്തിന് വഴങ്ങി ആ രാക്ഷസിയെ വിവാഹം ചെയ്തു”
“മനസിലായില്ല”
യാമിനി…… അവളുടെ ഇതുവരെയുള്ള ജീവിതം എന്തായിരുന്നു എന്ന് അറിയണം എന്ന് തോന്നി, അത് പറഞ്ഞു തരാൻ കഴിയുന്ന ആളാണ് ഇപ്പോ എന്റെ മുനിൽ ഇരിക്കുന്നത്.
“മീനുന്റെ അച്ഛൻ ആ സ്ത്രീയെ കല്യാണം കഴിക്കുമ്പോൾ അവള് ചെറിയ കുട്ടിയാണ്, ആദ്യമൊക്കെ അവർക്ക് അവളോട് വലിയ സ്നേഹമായിരുന്നു, ചിലപ്പോൾ അഭിനയം ആയിരുന്നിരിക്കണം.
മീനുവിന്റെ അച്ഛന് ബിസിനസ് ആയിരുന്നു, കല്യാണം കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോൾ ആ തള്ളയുടെ ആങ്ങളയെ പിടിച്ച് അങ്കിളിന്റെ ബിസിനെസിൽ പാർട്നെറാക്കി. അവിടെ തൊട്ട് അങ്കിളിന് കഷ്ടകാലം ആയിരുന്നു,
അധികം വൈകാതെ തന്നെ അങ്കിളിന്റെ ബിസിനസ് എല്ലാം പൊട്ടി പൊളിഞ്ഞു, അതിന് ശേഷം പിടിച്ചു നിൽക്കാൻ പുള്ളി പലതും ചെയ്തു നോക്കി, ഒന്നും നടക്കാതെ ആയപ്പോഴാണ് ഗൾഫിലേക്ക് പോയത്…. അതും വിസയും കാര്യങ്ങളും ഒക്കെ ശരിയാക്കി കൊടുത്തത് ആ തള്ളയുടെ ആങ്ങളയും…..
അങ്കിൾ ഗൾഫിൽ പോവുമ്പോൾ മീനു ഡിഗ്രിക്ക് പഠിക്കുകയായിരുന്നു, അങ്കിൾ പോയ ശേഷം അവളെ അവർ ശരിക്കും ടോർച്ചർ ചെയ്തിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞിട്ടും അവളെ അവർ ജോലിക്ക് വിട്ടില്ല…. ഒരു നഴ്സ് ആവുക എന്നത് മീനുവിന്റെ ഡ്രീം ആയിരുന്നു പക്ഷെ അത് അവർക്ക് ഇഷ്ടമല്ലായിരുന്നു, കല്യാണം പോലും കഴിപ്പിക്കാതെ ഒരു അടിമയെ പോലെ ഇട്ട് തട്ടി കളിക്കുകയായിരുന്നു. അവളെ ഒന്ന് കാണാൻ പോലും സമ്മതിക്കില്ല……. എന്റെ മീനു………”
മുഴുവൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുമ്പ് അവൾ കരയാൻ തുടങ്ങി, എനിക്കും എന്തോ കേട്ടപ്പോൾ വിഷമം തോന്നി, സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട് ഇങ്ങനെ രണ്ടാനമ്മയുടെ പീഡനങ്ങൾ ഒക്കെ, പക്ഷെ അത് ശരിക്കും ചെറുപ്പം തൊട്ട് അനുഭവിക്കുക എന്ന് വെച്ചാൽ, ആരോടും പരാതി പോലും പറയാൻ കഴിയാതെ…… പാവം………..