ഞാൻ പിന്നാലെ അടുക്കളയിലേക്ക് ചെന്നിട്ട് ചോദിച്ചു, ബട്ട് നോ പ്രതികരണം…. തിരിഞ്ഞ് നോക്കാതെ ചായ പാത്രം കഴുകുകയാണ് എന്റെ പ്രിയ പത്നി
“ ഹ പറയെടോ……..”
ഞാൻ ക്ഷമ നശിച്ചുകൊണ്ട് വീണ്ടും ചോദിച്ചു…
“അന്ന് രാത്രി മഴയത്ത് കെട്ടിപ്പിടിച്ചില്ലേ, അപ്പൊ മനസിലായി…”
അല്പ സമയത്തെ മൗനത്തിന് ശേഷം അവൾ അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി, അന്നത്തെ ആ ആലിംഗനത്തിന്റെ അർത്ഥം അവൾ മനസ്സിലാക്കിയിരുന്നു… സന്തോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ തോന്നി…..
എനിക്ക് പുറം തിരിഞ്ഞ് നിന്ന യാമിനിയെ ഞാൻ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു, ഒന്ന് ഞെട്ടിയെങ്കിലും അവൾ എന്റെ ദേഹത്തേക്ക് ചായ്ഞ്ഞു നിന്നു…. കുറച്ചു നേരത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല, ഒന്ന് അനങ്ങുക പോലും ചെയ്യാതെ അങ്ങനെ നിന്നു… ഒന്നായി…….. ഈ മൗനം സുന്ദരിയാണ്, എന്റെ മീനുവിനെ പോലെ…
“നീ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് അറിയാം, ഇനിയുള്ള ജീവിതം പക്ഷെ നമ്മൾ ഒരുമിച്ച് അടിച്ചു പൊളിച്ച് ജീവിക്കുന്നു…. സമ്മതം ആണോ??”
അങ്ങനെ കെട്ടിപ്പിടിച്ച് നിന്നുകൊണ്ട് തന്നെ ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു… ഉത്തരമായി അവൾ ഒന്ന് മൂളുക മാത്രം ചെയ്തു…പക്ഷെ വയറിലൂടെ ചുറ്റി പിടിച്ച കയ്യിലേക്ക് ഒരു തുള്ളി വെള്ളം ഉറ്റിയപ്പോഴാണ് അവൾ കരയുകയാണെന്ന് മനസിലായത്..
ഞാൻ അവളെ പിടിച്ചു തിരിച്ച് എനിക്ക് നേരെ നിർത്തിയപ്പോൾ കാണുന്നത്, പെണ്ണ് ചിരിച്ചുകൊണ്ട് കരയുന്നതാണ്… ഞാൻ ആ കവിളിലൂടെ ഒലിച്ചു ഇറങ്ങുന്ന കണ്ണീർ തുള്ളികൾ തുടച്ചു മാറ്റിയപ്പോൾ അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു….
“മീനൂസേ…………”
“മ്മ്…….”
ഞാൻ പ്രണയാത്മകമായി വിളിച്ചപ്പോൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് തന്നെ അവൾ വിളി കേട്ടു…
“ഒരു നഴ്സ് ആവുക എന്നത് തന്റെ ഡ്രീം ആയിരുന്നില്ലേ, ആ ആഗ്രഹം ഇപ്പോഴും ഉള്ളിൽ ഉണ്ടെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കിയാലോ??..”
അതിനുള്ള മറുപടി അവൾ തന്നത് എന്നെ ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് ആയിരുന്നു, അവൾ ഈ നിമിഷം അനുഭവിക്കുന്ന സന്തോഷം എല്ലാം ആ ആലിംഗനത്തിൽ പ്രതിഫലിച്ചു…
“അതുപോലെ എന്റെ ഒരു വലിയ സ്വപ്‌നം ആയിരുന്നു ഒരു ഫുട്ബോൾ കളിക്കാരൻ ആവുക എന്നത്, ഇപ്പൊ അതിനുള്ള ഒരു അവസരം വന്നിട്ടുണ്ട്, ഞാൻ ഒന്ന് ശ്രമിച്ച് നോക്കിയാലോ എന്നുണ്ട്…….. എന്താണ് തന്റെ അഭിപ്രായം…”
ഞാൻ അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ എന്റെ ദേഹത്ത് നിന്നും അകന്ന് മാറി നിന്നിട്ട് എന്റെ കണ്ണിലേക്കു തന്നെ നോക്കി കുറച്ചു നേരം നിന്നു….
“സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുക, ഒരുപാട് സ്വപ്നം കണ്ട ജീവിതം ജീവിക്കാൻ കഴിയുക എന്നൊക്കെ പറയുന്നത് ഭാഗ്യമാണ്, അധികം ആർക്കും സാധിക്കാത്ത കാര്യമാണ്…… പക്ഷെ ഞാൻ ഇപ്പോ അങ്ങനെ ഒരു സാഹചര്യത്തിലാണ്, സ്വപ്നത്തിന്റെ പുറകെ പോവണം, ഞാൻ ഉണ്ടാവും എന്തിനും കൂടെ…………..”
എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ടാണ് അവൾ അത് പറഞ്ഞത്…