അത് പറഞ്ഞപ്പോൾ അരിഞ്ഞുകൊണ്ട് ഇരുന്ന സവാളയും ക്യാരറ്റും എല്ലാം അവിടെ ഇട്ട് അടുത്ത് മൂടി വച്ചിരുന്ന പാത്രങ്ങളും എടുത്ത് എന്നെ മറിക്കടന്ന് അവൾ ടേബിളിൽ കൊണ്ടുപോയി വെച്ചു, പക്ഷെ എന്റെ മുഖത്തേക്ക് മാത്രം നോക്കുന്നില്ല…. വീണ്ടും തിരിച്ച് അടുക്കളയിൽ വന്ന് ഒരു പ്ലേറ്റും കഴുകി മേശപ്പുറത് കൊണ്ടുപോയി വച്ച ശേഷം എന്നെ ഒരു നോട്ടം നോക്കിയിട്ട് തിരിച്ചുപോയി സവാള അരിയാൻ തുടങ്ങി…… മുഖം ഇപ്പോഴും കടന്നല് കുത്തിയ പോലെ ആണ്.ഇനി ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല, രാവിലെ ഞാൻ ചൂടാവേണ്ട കാര്യം ഇല്ലായിരുന്നു, വേണമെങ്കിൽ ഒരു സോറി പറയാം…… ഞാൻ അങ്ങനെ ആരോടും സോറി പറയാറില്ല, പക്ഷെ ഇവളെ കൈവിട്ട് പോകുമോ എന്നൊരു ഭയം എന്റെ ഉള്ളിൽ കയറി കൂടിയിരിക്കുന്നു….. അത് ആവാം എന്നെ ക്ഷമ ചോദിക്കാൻ പ്രേരിപ്പിക്കുന്നത്….
“എടോ അത് ഇല്ലേ…… രാവിലെ എന്റെ മൂഡ് ശരിയായിരുന്നില്ല, അതാണ് ഞാൻ പെട്ടെന്ന് ചൂടായി പോയത്…………….. ഐആം സോറി, ഈ ഒരു പ്രാവശ്യം മാത്രം എന്നോട് ഒന്ന് ക്ഷമിക്ക്”
ഞാൻ അത് പറഞ്ഞ് തീരലും യാമിനി ഞെട്ടിക്കൊണ്ട് തിരിഞ്ഞു, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….. കവിളുകൾ ചുവന്ന് തുടുത്തിരിക്കുന്നു… മേരിയോട് ഇനി അവളെ ഒരിക്കലും കരയിപ്പിക്കില്ല എന്ന് വാക്ക് കൊടുത്തതാണ് എങ്കിലും ഈ കണ്ണുനീർ എന്നെ ഒട്ടും വിഷമിപ്പിച്ചില്ല, മറിച്ച് സന്തോഷമാണ് ആ നിമിഷം തോന്നിയത്…… കാരണം ആ നിറഞ്ഞ് ഒഴുകുന്ന കണ്ണുകളിൽ ഞാൻ കണ്ടത് എന്നോടുള്ള സ്നേഹമാണ്, അതെ….. ഞാൻ വ്യക്തമായി കണ്ടു.
ഒന്നും പറയാൻ നില്കാതെ എന്റെ മുനിൽ കണ്ണും നിറച്ച് നിന്ന യാമിനിയെ ഞാൻ ഇരു ചുമലിലും പിടിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു……. അവൾ മുഖം ചരിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് കിടന്നു, എന്റെ ഹൃദയമിടിപ്പ് നിലച്ചത് പോലെ, അവൾ നെഞ്ചിൽ കാതോർത്ത് ഹൃദയമിടിപ്പ് കേൾക്കാൻ ശ്രമിക്കുകയാണ്……. ഹൃദയം രണ്ടുമൂന്ന് സ്പന്ദനങ്ങൾ ഒഴിവാക്കിക്കൊണ്ട് വീണ്ടും അടിച്ച് തുടങ്ങി….. അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞത് ഞാൻ കണ്ടു….. കുറച്ചു നേരം അങ്ങനെ നിന്ന ശേഷം ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.
“മീനു…….. എനിക്ക് അറിയില്ല എപ്പോഴാണ് എന്റെ ഉള്ളിൽ നിന്നോട് ഇഷ്ടം തോന്നി തുടങ്ങിയതെന്ന്, പക്ഷെ ഇപ്പോ എനിക്ക് ഒരു കാര്യം അറിയാം…… എല്ലാം ഒരു നിയോഗമാണ്, നമ്മൾ ഒന്നാവണം എന്നായിരിക്കും…… അല്ലെങ്കിൽ ഇങ്ങനെ ഒക്കെ നടക്കുമോ?? എനിക്ക് നിന്നെ വേണം…… ജീവിതകാലം മുഴുവൻ എന്റെ പെണ്ണായി….. നമുക്ക് ഒരുമിച്ച് ജീവിക്കാം, ഓരോ കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളും നിറവേറ്റി……. ദേ ഇങ്ങോട്ട് നോക്കിയേ”
ഇത്രയും പറഞ്ഞുകൊണ്ട് അവസാനം എന്റെ നെഞ്ചിൽ നിന്നും അടർത്തി മുഖം പിടിച്ച് ഉയർത്തുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുകയാണ്…
“അതെ…….. ഞാൻ മേരിക്ക് വാക്ക് കൊടുത്തതാണ് എന്റെ പെണ്ണിനെ ഇനി കരയാൻ സമ്മതിക്കില്ല എന്ന്, ആ വാക്ക് എനിക്ക് മരണം വരെ കാത്ത് സൂക്ഷിക്കണം…. . അതുകൊണ്ട് ഇനി എന്റെ മീനൂസ് കരയരുത്”