“ഹാ…… കേറ് ടോണിക്കുട്ടാ, ഇല്ലെങ്കിൽ ഞാൻ പൊക്കി എടുത്ത് കൊണ്ടുപോവും…… ഹഹാ പറഞ്ഞില്ലാന്ന് വേണ്ട”
ഞാൻ വീണ്ടും മടിച്ച് നില്കുന്നത് കണ്ട് അവൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.
പിന്നെ ഒന്നും ചിന്തിച്ചില്ല, വേഗം സ്കൂട്ടറിൽ അവളുടെ പുറകിൽ കയറി ഇരുന്നു…. എങ്ങോട്ടാണ് ഇവൾ എന്നെയും കൊണ്ട് പോവുന്നത്?? ആ സംശയം ആയിരുന്നു മനസ്സ് നിറയെ.
“ഓ ദാറ്റ്‌സ് മൈ ബോയ്, പേടിക്കണ്ട….. കൊല്ലാൻ കൊണ്ടുപോവാ”
എന്നും പറഞ്ഞിട്ട് ഒരു രാക്ഷസിയെ പോലെ അട്ടഹസിച്ചുകൊണ്ട് അവൾ വണ്ടി മുന്നോട്ട് എടുത്തു… സി.ഐ.ഡി മൂസ സിനിമയുടെ അവസാനം വിമാനത്തിൽ കയറി പോകുന്ന സീനാണ് എന്റെ മനസ്സിലേക്ക് വന്നത്….
അവൾ അത്യാവശ്യം സ്പീഡിൽ തന്നെയാണ് ഓടിക്കുന്നത്, ഞാൻ ഒന്നും മിണ്ടാതെ പുറകിൽ ഇരുന്നു… എങ്ങോട്ടാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. എനിക്ക് വലിയ പരിചയമില്ലാത്ത സ്ഥലത്ത് കൂടിയാണ് വണ്ടി പോവുന്നത്.
പെട്ടെന്ന് ഒരു ഇടവഴിയിലേക്ക് അവൾ വണ്ടി തിരിച്ചു, ഒരു ഇടുങ്ങിയ വഴി…. കുത്തനെയുള്ള കയറ്റമാണ്…..ആള് താമസം കുറവുള്ള പ്രദേശമാണ്, പോകുന്ന വഴിക്ക് അവിടവിടെയായി മൂന്ന് നാല് വീടുകൾ മാത്രം കണ്ടു, മറ്റ് കടകളോ കെട്ടിടങ്ങളോ ഒന്നും കണ്ടില്ല. അതിനേക്കാൾ എല്ലാം ഉപരി ഈ വഴിയിലേക്ക് കയറിയ ശേഷം ഇതുവരെ ഒറ്റ മനുഷ്യ കുഞ്ഞിനെ കണ്ടിട്ടില്ല. ഇവൾ ഇനി ശരിക്കും പറഞ്ഞതാണോ കൊല്ലാൻ കൊണ്ടുപോവാ ന്ന്.
സ്കൂട്ടി ഞങ്ങളെ രണ്ടുപേരെയും വച്ച് കയറ്റം കയറാൻ നല്ലവണ്ണം വെള്ളം കുടിക്കുന്നുണ്ട്, ഒരു പത്ത് മിനിറ്റ് കയറ്റം കയറി കഴിഞ്ഞപ്പോൾ വഴി അവസാനിച്ചു….
ഉഫ്…….. ഒരു രക്ഷയില്ല, പൊളി സ്ഥലം, പ്രകൃതി രമണീയം എന്നൊക്കെ പറയുന്നത് ഇതിനാണ്. അവിടെ ഉണ്ടായിരുന്ന ഒരു വലിയ മരത്തിന്റെ അടുത്ത് കൊണ്ടുപോയി വണ്ടി നിർത്തിയിട്ട് അവൾ എന്നെ തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ ഇറങ്ങിയിട്ട് ചുറ്റും ഒന്ന് കണ്ണോടിച്ചു. വൗ…… ഇറ്റ്സ് റിയലി ബ്യൂട്ടിഫുൾ, നമ്മുടെ നാട്ടിൽ ഇത്ര മനോഹരമായ സ്ഥലങ്ങൾ ഉണ്ടായിട്ടും ഇതൊന്നും എന്താ അധികം ആരും അറിയാത്തത്?? ഒരു കണക്കിന് നോക്കുമ്പോൾ നല്ലതാണ് ഈ സൗന്ദര്യം ഇങ്ങനെ ഒരു കോട്ടവും തട്ടാതെ നിൽക്കും.
“ഹലോ മാഷേ എന്താണ്, എങ്ങനെയുണ്ട് നമ്മുടെ സ്ഥലം??”
ആ ചോദ്യത്തിന് പകരമായി അടിപൊളി ആണെന്ന് ഞാൻ കൈ കൊണ്ട് കാണിച്ചു.
“അച്ഛൻ കാണാൻ വന്നിരുന്നു ലേ”
അവിടെ കണ്ട ഒരു പാറ കല്ലിലേക്ക് ഇരുന്നിട്ട് അവൾ ചോദിച്ചു…
“മ്മ്…….”
ഞാൻ അതെ എന്ന രീതിയിൽ മൂളി… ഞാനും അടുത്ത് ഉണ്ടായിരുന്ന അവൾ കാണിച്ചു തന്ന കല്ലിലേക്ക് ഇരുന്നു.
“എന്ത് പറഞ്ഞു??”
“കുറെ സോറി ഒക്കെ പറഞ്ഞു, പുള്ളിക്ക് താൻ എന്ന് വെച്ച ജീവനാണ്”
“അത് എനിക്ക് അറിയാം, അതുകൊണ്ട് അല്ലേ ഞാൻ ഇങ്ങനെ വാശിക്കാരി ആയി പോയത്”
അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു, ഞാൻ അതൊരു ചേറു പുഞ്ചിരിയിൽ ഒതുക്കി.
“എന്തിനാണ് നേരിട്ട് കാണണമെന്ന് പറഞ്ഞത്??”
ഞാൻ വീണ്ടും എന്റെ ഉള്ളിൽ കിടന്ന് കളിക്കുന്ന ആ ചോദ്യം തന്നെ ചോദിച്ചു…
“പറഞ്ഞില്ലേ…… കൊല്ലാൻ കൊണ്ടുവന്നതാണ്”