“ഓ അതോ….. അത് ഒരു പരിചയക്കാരനാണ്”
“പുള്ളി എന്തിനാ കാലൊക്കെ പിടിച്ച് കരഞ്ഞത്??”
അയ്യോ പെണ്ണ് അതൊക്കെ കണ്ടോ, ഇനി ഇപ്പോ എന്ത് പറയും….
“ഏയ് അത് ഒന്നുമില്ല”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് പല്ല് തെക്കാൻ വേണ്ടി ബ്രഷ് എടുക്കാൻ പോയി.
“അല്ല എന്തോ ണ്ട്, പറ……”
“ഏയ് ഒന്നുമില്ല”
“അപ്പൊ പുള്ളി എന്തിനാ കരഞ്ഞത്??”
“ശ്യോ……. പണ്ടാരം, മനുഷ്യന് ഇത്തിരി സമാധാനം താ……”
ഞാൻ ദേഷ്യംകൊണ്ട് ശബ്ദം ഉയർത്തി പറഞ്ഞു, പറഞ്ഞ് കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി…. മനഃപൂർവം അല്ല, പുള്ളി വന്നതിന്റെ യഥാർത്ഥ കാരണം തുറന്ന് പറയാതിരിക്കാൻ വേണ്ടി ഉള്ളിൽ നിന്നും ആരോ പറയിപ്പിച്ചതുപോലെ.
അവളുടെ മുഖം മാറിയത് ഞാൻ വ്യക്തമായി കണ്ടു, പിന്നെ ഒന്നും മിണ്ടാതെ അവൾ നേരെ അടുക്കളയിലേക്ക് പോയി…
ഛെ, വേണ്ടായിരുന്നു….. അവൾ ഒന്ന് സംസാരിച്ച് തുടങ്ങിയതാണ്… ഇനി വീണ്ടും ആദ്യത്തെ പോലെ ഒരേ മുറിയിൽ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാതെ നടക്കേണ്ട വരുമോ?? ഏയ് ഇല്ല, ഇനി അവൾ സംസാരിച്ചില്ലെങ്കിലും ഞാൻ മുൻകൈ എടുത്ത് സംസാരിക്കും.
ഞാൻ വേഗം തന്നെ പല്ല് തേച്ച് കുളിച്ച് ഡ്രെസ്സും മാറി ഇറങ്ങി, ഞാൻ ഇറങ്ങുന്നത് വരെ യാമിനിയെ കണ്ടില്ല…. പെണ്ണ് ഒഴിഞ്ഞു മാറി നടന്നു, അവസാനം പുറത്തേക്ക് ഇറങ്ങുമ്പോൾ പിന്നിൽ വന്ന് നിന്നത് അറിഞ്ഞെങ്കിലും തിരിഞ്ഞ് നോക്കാതെ ഞാൻ ഇറങ്ങി നടന്നു.
###
10:50 ആയപ്പോഴേക്കും ഞാൻ കുരിശുപള്ളിയുടെ മുന്നിലെത്തി, അഞ്ച് മിനിറ്റ് അങ്ങനെ അവിടെ പോസ്റ്റ് അടിച്ച് നിന്നപ്പോഴേക്കും ചൈതന്യ വന്നു.
ഒരു പിങ്ക് വെസ്പ സ്കൂട്ടിയിൽ വെള്ള ചുരിദാറിട്ട് ശരിക്കും ഒരു ദേവതയെ പോലെയുണ്ട് കാണാൻ, ആ തിളങ്ങുന്ന കണ്ണുകൾക്ക് സമ്മോഹനം ചെയ്യാനുള്ള കഴിവുണ്ടെന്ന് തോന്നുന്നു…
“എന്താണ് മാഷേ ഇങ്ങനെ അന്തംവിട്ട് നോക്കുന്നത്, റിലേ പോയോ??
അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടിക്കൊണ്ട് ആ കണ്ണിലേക്കുള്ള തുറിച്ച് നോട്ടം അവസാനിപ്പിച്ചു.
“ഏയ് ഒന്നുമില്ല, എന്താണ് കാണണമെന്ന് പറഞ്ഞത്??”
“ഹാ എന്താ ഇപ്പോ അത്ര തിരക്ക്, ഇങ്ങ് കയറിക്കേ…….. ഒരു സ്ഥലം വരെ പോവാനുണ്ട്”