“ഹേലോ…..”
ചൈതന്യയുടെ സ്വരം, അന്ന് എന്നോട് സംസാരിച്ച പോലെ സൗമ്യമായിട്ട് ഒന്നും അല്ല…… അല്പം ഗൗരവമുള്ള സ്വരം.
“ഹലോ ചൈതന്യ……”
“ഃഈൗൗ……. ടോണി…..”
ഒരു ദീർഘശ്വാസം എടുത്ത ശേഷം അവൾ എന്റെ പേര് പറഞ്ഞു, അന്ന് ഒറ്റ ദിവസമേ സംസാരിച്ചിട്ടുള്ളു എന്നിട്ടും പെട്ടെന്ന് തന്നെ ശബ്ദം തിരിച്ചറിഞ്ഞല്ലോ…
കുറച്ച് നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല, ഒടുക്കം ഞാൻ തന്നെ തുടക്കമിട്ടു.
“എന്തിനാ അച്ഛനോട് മിണ്ടാതെ പിണങ്ങി നടക്കുന്നത്…….. ഞാൻ അതൊക്കെ അന്ന് തന്നെ മറന്നു, എനിക്ക് ആരോടും ദേഷ്യമില്ല….ട്ടോ
അല്ലെങ്കിലും ഒരു ജോലിക്കാരനെ ചീത്ത പറഞ്ഞതിന് ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനോട് പിണങ്ങി നടക്കണോ…….” അപ്പുറത്ത് നിശബ്ദത,
“ഹലോ ചൈതന്യാ……. ഹേലോ”
കേൾക്കുന്നില്ലേ
“എനിക്ക് ഒന്ന് നേരിട്ട് കാണണം, ആർ യൂ ഫ്രീ ടുഡേ??”
ഇതായിരുന്നു അവൾ പറഞ്ഞത്.
“അത് പിന്നെ……. ഇന്ന്………. പ്രത്യേകിച്ച് ഒന്നുമില്ല, ഏതെങ്കിലും ഇന്റർവ്യൂ ഉണ്ടോന്ന് നോക്കണം”
“വേണ്ട……. ഇന്ന് എവിടെയും പോവണ്ട, എനിക്ക് കാണണം”
അവൾ വളരെ അധികാരത്തോടെ പറഞ്ഞു, എനിക്ക് അനുസരിക്കാൻ തോന്നി….
“ഞാൻ വരാം…..”
“വീട്ടിലേക്ക് വേണ്ട, ഒരു പതിനൊന്ന് മണിക്ക് കുരിശുപള്ളിയുടെ മുനിൽ നിന്ന മതി”
എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു,
എന്തിനായിരിക്കും അവൾ നേരിട്ട് കാണണമെന്ന് പറഞ്ഞത്, ഒരു പിടിയുമില്ല…..
“രാഘവൻ”, പുള്ളിയോട് എനിക്ക് വിരോധമില്ല എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് തന്നെ യാത്രയാക്കി, പക്ഷെ പുള്ളി പോയി കഴിഞ്ഞപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി, പണ്ട് സ്കൂളിലും കോളേജിലും ഒക്കെ പഠിച്ചിരുന്ന കാലത്ത് ഒന്ന് പറഞ്ഞു രണ്ടിന് തല്ലാൻ നടന്നിരുന്ന ഞാനാണ് ഇപ്പോ അയാളോട് ദേഷ്യമൊന്നും ഇല്ല, ക്ഷമിച്ചു എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് സംസാരിച്ചത്…….. ഹ്മ്മ്…… കാലവും അനുഭവങ്ങളും വരുത്തുന്ന മാറ്റങ്ങൾ.
തിരിച്ച് മുറിയിലേക്ക് കയറുമ്പോൾ ഞാൻ കാണുന്നത് എന്നെ തന്നെ അന്തംവിട്ട് നോക്കി നിൽക്കുന്ന യാമിനിയെ ആണ്… ഈശോ, പെണ്ണ് ഒക്കെ കേട്ടോ…..
“ആരാ??”
“ടോണി……”
അവൾ പുള്ളിയുടെ കാര്യമാണ് ചോദിച്ചതെന്ന് മനസ്സിലായിട്ടും ഒരു ലോ ക്ലാസ്സ് ചളി തന്നെ അങ്ങ് അടിച്ചു.
“ഉഫ്…… ആ പോയത് ആരാ ന്ന്??”