“മോൻ എന്നോട് ക്ഷമിച്ചെന്ന് പറയാതെ ഞാൻ പോവില്ല….. പ്ലീസ് മോനെ, എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം……”
ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ട് പുള്ളി വീണ്ടും പറഞ്ഞു, കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു അയാൾ.
“മ്മ്….. സാരമില്ല….. ഞാൻ അതൊന്നും ഇനി ഓർക്കാൻ ആഗ്രഹിക്കുന്നില്ല……. നിങ്ങൾ ചെല്ല്”
“അയ്യോ പ്ലീസ് മോനെ……. ഞാൻ കാല് പിടിക്കാം……”
ഞാൻ അകത്തേക്ക് കയറി വാതിൽ അടക്കാൻ പോയപ്പോൾ പുള്ളി അതും പറഞ്ഞ് എന്റെ കാലിലേക്ക് വീണു,
ഞാൻ ആകെ വല്ലാതെ ആയി, എന്തൊക്കെ ആയാലും എന്റെ അപ്പന്റെ പ്രായമുള്ള ഒരു മനുഷ്യൻ എന്റെ കാലിൽ വീഴുക എന്നൊക്കെ പറഞ്ഞാൽ….
“അയ്യോ…..”.
ഞാൻ പെട്ടെന്ന് തന്നെ പുള്ളിയെ പിടിച്ച് എഴുന്നേൽപ്പിച്ചു, അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“അയ്യോ എന്താ ഇത് ഇങ്ങനെ ഒക്കെ…..”
പുള്ളിയോട് എന്ത് പറയണമെന്ന് എനിക്ക് കിട്ടുന്നില്ല…
“എനിക്ക് ഈ ലോകത്ത് ആകെ ഉള്ളത് എന്റെ മോളാണ്, അവൾക്ക് വേണ്ടിയാണ് ഈ ജീവിതം………….. അന്ന് മോൻ ഇറങ്ങി പോയതിന് ശേഷം ഇതുവരെ എന്റെ മോള് എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല…. എന്നെ കാണുന്നത് പോലും ഇഷ്ടമല്ലെന്ന് പറഞ്ഞു………………… “
എന്നും പറഞ്ഞ് പുള്ളി വിതുമ്പാൻ തുടങ്ങി, കണ്ടിട്ട് സഹിക്കുന്നില്ല…. ആ സൈലെൻസ് എത്ര മാത്രം വേദന നൽകുമെന്ന് എനിക്ക് അറിയാം, പണ്ട് ഞാൻ ആദ്യമായും അവസാനമായും അപ്പനോട് എതിർത്ത് സംസാരിച്ചതിന് മേരി എന്നോട് പിണങ്ങി രണ്ട് ദിവസം സംസാരിക്കാതെ നടന്നപ്പോൾ ഞാൻ അനുഭവിച്ച വേദന, അത് ഓർമ്മ വന്നുപോയി.
“ഏയ്, ഞാൻ ചൈതന്യയോട് സംസാരിക്കാം…. എനിക്ക് വിഷമം ഇല്ലെന്ന് പറയാം……”
ഞാൻ പുള്ളിയുടെ ഇരു തോളിലും പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ പുള്ളി കണ്ണ് തുടച്ചുകൊണ്ട് നന്ദിയോടെ എന്നെ ഒരു നോട്ടം നോക്കി, അത് മതിയായിരുന്നു എനിക്ക്.
“നമ്പർ തരു”
പുള്ളി പറഞ്ഞ് തന്ന നമ്പറിലേക്ക് ഞാൻ ഡയൽ ചെയ്തു…. ആദ്യത്തെ തവണ എടുത്തില്ല, രണ്ടാം വട്ടം വിളിച്ചപ്പോൾ ഫോൺ എടുത്തു.