അവൾ നേരത്തെ സ്വപ്നത്തിൽ കണ്ടിരുന്നത് അപ്പൊ എന്നെയാണ്, ചെറുപ്പത്തിലേ എന്നെ ആയാലും അതും ഞാൻ തന്നെ ആണല്ലോ… ഇനി പേടിക്കാനില്ല, ആ എന്നെ ഇഷ്ടമായെങ്കിൽ ഈ എന്നെയും ഇഷ്ടമാവും…… തീർച്ച.“അപ്പൊ എന്നെ സ്വപ്നത്തിൽ ഒക്കെ കാണാറുണ്ട് ലേ…..”“സ്വപ്നത്തിലോ??”
അവൾ ഒരു സംശയത്തോടെ ചോദിച്ചു“അതെ സ്വപ്നത്തിൽ തന്നെ, നേരത്തെ ഉറക്കത്തിൽ ലുട്ടാപ്പി കുട്ടാപ്പിന്ന് ഒക്കെ പറയുന്നുണ്ടായിരുന്നു……. ഹഹഹഹ……..”
ഞാൻ അത് പറഞ്ഞതോടെ ആള് സൈലന്റ് ആയി, ഇപ്പോഴത്തെ അവളുടെ മുഖഭാവം കാണണമെന്ന് ഉണ്ടായിരുന്നു, പക്ഷെ വെളിച്ചം ഇല്ലാത്തത് കൊണ്ട് പറ്റിയില്ല….. എന്തായാലും പിന്നെ അവൾ ഒന്നും മിണ്ടിയില്ല
ഞാൻ അങ്ങോട്ടും ഒന്നും പറയാൻ നിന്നില്ല, ഞാൻ അങ്ങനെ ഓരോന്നും ആലോചിച്ചു കിടന്നു, നിദ്രാദേവി ഈ പരിസരത്തേക്ക് പോലും തിരിഞ്ഞ് നോക്കുന്ന ലക്ഷണമില്ല, പിന്നെ ഒരു ആശ്വാസം അവളെയും കനിയില്ല എന്നതാണ്… കട്ടിലിൽ അവളും ഉറക്കം കിട്ടാതെ കിടക്കുന്നുണ്ടാവും….. അത് എനിക്ക് ഉറപ്പാണ്…
ഒരുപാട് നേരം അങ്ങനെ പലതും ചിന്തിച്ചു കിടന്ന ശേഷം എപ്പോഴോ ഉറങ്ങിപ്പോയി, രാവിലെ കോളിംഗ് ബെൽ അടിയുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്, അതിരാവിലെ തന്നെ ആരാ ഇപ്പോ ഇങ്ങോട്ട് വരാൻ??
മുകളിൽ കട്ടിലിലേക്ക് നോക്കിയപ്പോൾ ഇതുവരെ രാവിലെ കണ്ടിട്ടില്ലാത്ത കാഴ്ചയാണ് കണ്ടത്, ഉറങ്ങി എഴുന്നേറ്റ് കിളി പോയി ഇരിക്കുന്ന യാമിനി, അവളും ആ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് എഴുന്നേറ്റതാണെന്ന് തോന്നുന്നു….. പനിയുടെ ക്ഷീണം കാണും, അല്ലെങ്കിൽ രാവിലെ ഞാൻ ഉണരുന്നതിന് മുന്നെ അവൾ എഴുന്നേറ്റ് കുളിച്ചിട്ടുണ്ടാവും.
ഉറക്കപിച്ചിൽ കണ്ണും തിരുമ്മിക്കൊണ്ട് ഞാൻ വാതിലിന് നേരെ നടക്കുമ്പോൾ പിന്നിൽ കുളിമുറിയുടെ വാതിൽ തുറന്ന് അടയുന്ന ശബ്ദം കേട്ടു….
ഉറക്കച്ചടവിൽ കോട്ടുവായിട്ടുകൊണ്ട് ഞാൻ വാതിൽ തുറന്നു, പക്ഷെ മുനിൽ നിൽക്കുന്ന ആളെ കണ്ടതോടെ ഉറക്കമെല്ലാം എങ്ങോ മറഞ്ഞുപോയി.
“രാഘവൻ” ഇയാള് എന്താ ഇവിടെ??
“ ഉറങ്ങുകയായിരുന്നോ??”
“മ്മ്…….”
ഞാൻ അതെ എന്ന രീതിയിൽ മൂളി, ഇയാള് എങ്ങനെ ഈ സ്ഥലം കണ്ടുപിടിച്ചു?? എന്താണ് ഈ വരവിന്റെ ഉദ്ദേശം?? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ തെളിഞ്ഞു… പക്ഷെ ഞാൻ ഒന്നും ചോദിച്ചില്ല.
“എന്നോട് ക്ഷമിക്ക് മോനെ…… മോന് എന്നോട് ദേഷ്യമാണെന്ന് അറിയാം…… എന്റെ ബുദ്ധി ഇല്ലായിമ്മ കൊണ്ട് ഞാൻ മോനോട് വളരെ മോശമായി പെരുമാറി പോയി, പകരം എന്ത് വേണമെങ്കിലും ചെയ്യാം……”
അന്ന് ഞാൻ കണ്ട രാഘവനെ അല്ല ഇപ്പൊ എന്റെ മുനിൽ നിൽക്കുന്നത്, ഇയാൾക്ക് ഇത് എന്ത് പറ്റി??