“എന്ത് കാര്യം??”
എന്താണ് ഇതിനു മാത്രം ചിരിക്കാനുള്ളത് എന്ന് അറിയാൻ ഒരു കൗതുകം…
“ഭയങ്കര വികൃതി ആയിരുന്നു അന്ന്….”.
എന്നെ തല കൊണ്ട് കാണിച്ചുകൊണ്ട് അവൾ പറഞ്ഞ് തുടങ്ങി, അത് പിന്നെ ചെറുപ്പത്തിൽ ഇത്തിരി വികൃതി ഒക്കെ കാണും, സ്വാഭാവികം….
“വണ്ടിയിലുള്ള എല്ലാ കുട്ട്യാളോടും അടി കൂടും, സൈഡ് സീറ്റിന് വേണ്ടി എന്നും അടി ആയിരുന്നു…. ചെറുതായത് കൊണ്ട് എന്നിട്ട് ഒറ്റയ്ക്ക് ഇരുത്താതെ എന്റെ മടിയിൽ ആണ് ഇരിക്കുക….”
പറയുന്നതിന് ഇടയ്ക്ക് അവൾ വീണ്ടും നിയന്ത്രണം വിട്ട് ചിരിക്കാൻ തുടങ്ങി, എനിക്ക് ആകെ എന്ത് പറയണമെന്ന് അറിയുന്നില്ല, ഛെ, പക്ഷെ എനിക്ക് ഇതൊന്നും യാതൊരു ഓർമ്മയുമില്ല…
“ശരിയാണ് ഇപ്പോ വാതോരാതെ സംസാരിക്കുന്ന ആ പഴയ വികൃതി ചെറുക്കനെ അല്ല, ആളാകെ മാറിപ്പോയി”
പറയുന്ന ആള് നിർത്താതെ സംസാരിക്കുന്ന പോലെയാണ് പറച്ചിൽ, ഇത് ആദ്യമായാണ് ഇത്ര കാഷ്വലായി എന്നോട് സംസാരിക്കുന്നത് തന്നെ, അപ്പൊ ഇതാണ് ഇന്ന് മൊത്തം എന്നെ നോക്കി ആ കൊണച്ച ചിരി ചിരിക്കാനുള്ള കാരണം…
“കിടക്കാൻ നോക്ക്, ശരീരം അനങ്ങാതെ കിടക്കണം, എന്നാല്ലെ പനി മാറു”
അവൾ ആദ്യമായിട്ടാണ് എന്നോട് ഇത്ര ക്ലോസ് ആയി സംസാരിക്കുന്നത്, പക്ഷെ ചമ്മൽ കാരണമാവാം എനിക്ക് ആ സംസാരം നീട്ടി കൊണ്ടുപോകാൻ തോന്നിയില്ല…. എനിക്ക് ഇപ്പോ അവളോട് തോന്നുന്ന ഇഷ്ടമാവാം ആ ചമ്മലിന്റെ പ്രധാന കാരണം…
അതും പറഞ്ഞ് ഞാൻ പോയി ലൈറ്റ് ഓഫാക്കി താഴെ അവൾ വിരിച്ചിരുന്ന വിരിയിൽ കയറി കിടന്നു, പക്ഷെ അത്ര പെട്ടെന്ന് ഒന്നും ഇനി ഉറങ്ങാൻ കഴിയില്ല എന്ന് എനിക്ക് നല്ല പോലെ അറിയാം.
“അതെ…..”
“മ്മ്…….”
“ഉറങ്ങിയോ??”
“മ്മ്മ്മ്……”
അവളുടെ ചോദ്യത്തിന് ഞാൻ ഇല്ല എന്ന രീതിയിൽ മൂളി.
“ഞാൻ പണ്ട് ഒരു പേര് വിളിക്കാറുണ്ട്, ഓർമ്മയുണ്ടോ??”
“ഇല്ല……”
അവളെ തന്നെ ഓർമ്മയില്ല, അപ്പോഴാണ് അവൾ വിളിച്ചിരുന്ന പേര്… മടിയിൽ പിടിച്ച് ഇരുത്തിയിരുന്ന കുഞ്ഞല്ലേ, വല്ല തക്കുടൂന്നും ചുക്കുടൂന്നും എങ്ങാനും ആവും…
“ലുട്ടാപ്പി……”